ADVERTISEMENT

മുംബൈ∙ രാജസ്ഥാൻ റോയൽസ് ടീം ഡ്രസിങ് റൂമിനെ ഉത്തേജിപ്പിക്കുന്ന സന്ദേശവും പ്രതികരണങ്ങളുമായി മുഖ്യ പരിശീലകനും ഇതിഹാസ താരവുമായ കുമാർ സംഗക്കാര. ഐപിഎൽ സീസണിലെ 7–ാം വിജയം കുറിച്ചതിനു പിന്നാലെയാണ് സംഗക്കാരയുടെ പ്രചോദന സന്ദേശങ്ങള്‍ രാജസ്ഥാന്‍ റോയൽസ് ഫ്രാഞ്ചൈസി തന്നെ സമൂഹ മാധ്യമങ്ങളിലെ ഔദ്യോഗിക പ്ലാറ്റ്ഫോമുകളിൽ പങ്കുവച്ചത്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലെ തോൽവിക്കു ശേഷം ടീം അംഗങ്ങളെ സംഗക്കാര അഭിസംബോധന ചെയ്യുന്ന വിഡിയോയാണ് ക്ലബ് അധികൃതർ ആദ്യം പുറത്തുവിട്ടത്. 

വിഡിയോയിലെ സംഗക്കാരയുടെ പ്രസംഗം ഇങ്ങനെ, ‘നമുക്ക് ഏറ്റവും നന്നായി കളിക്കാൻ അറിയാവുന്ന തരത്തിൽ വേണം പ്രകടനം പുറത്തെടുക്കാൻ. മികവിന്റെ പരമാവധിതന്നെ പുറത്തെടുക്കണം. എന്ത് ചെയ്യാൻ സാധിക്കുമെന്നാണോ നമുക്ക് ഉത്തമ ബോധ്യമുള്ളത്, അതുതന്നെയാണു ഗ്രൗണ്ടിൽ ചെയ്യേണ്ടത്. 

അഭിനിവേശം, സ്വഭാവം, പെരുമാറ്റം എന്നിവയിലും ഇതു പ്രതിഫലിക്കണം. നമ്മൾ ഇതെല്ലാം ചെയ്യുമ്പോഴും ട്വന്റി 20 ക്രിക്കറ്റിൽ സംഭവിക്കുന്നത് ഇതൊക്കെയാണ്.’ കൊൽക്കത്തയ്ക്കെതിരായ മത്സരം അവസാന ഓവറിലേക്കു നീട്ടിയെടുക്കാൻ കഴിഞ്ഞെങ്കിലും 7 വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ തോൽവി.

പിന്നാലെ, പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലെ വിജയത്തിനു ശേഷം ടീം അംഗങ്ങളെ സംഗക്കാര അഭിസംബോധന ചെയ്യുന്ന മറ്റൊരു വിഡിയോ കൂടി രാജസ്ഥാൻ റോയൽസ് സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ പങ്കുവച്ചു. അതിലെ സംഗക്കാരയുടെ വാക്കുകൾ ഇങ്ങനെ, 

‘മത്സരത്തിന്റെ ഒരു ഘട്ടത്തിൽ 7 പന്തിൽ 20 റൺസ് എന്ന നിലയിലാണു സഞ്ജു സാംസൺ ബാറ്റു ചെയ്തിരുന്നത്. റൺചേസിനുള്ള കളമൊരുക്കിയത് സഞ്ജു തന്നെയാണ്. സഞ്ജുവിന്റെ ഇന്നിങ്സോടെയാണു ടീമിനു താളം കൈവന്നത്. 

അവിശ്വസനീയമായ രീതിയിലായിരുന്നു ദേവ്ദത്ത് പടിക്കലിന്റെ ആങ്കറിങ്. തികഞ്ഞ പക്വതയോടെ, ടീമിന് ഏറ്റവും അനുയോജ്യമായ രീതിയിലായിരുന്നു പടിക്കലിന്റെ ബാറ്റിങ്. നന്നായി കളിച്ചു.’– സംഗക്കാര ടീം അംഗങ്ങളെ അഭിസംബോധന ചെയ്യുന്ന ഈ 2 വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. 

പഞ്ചാബിനെതിരായ മത്സരത്തിൽ 6 വിക്കറ്റിനായിരുന്നു രാജസ്ഥാൻ റോയൽസിന്റെ ജയം. ബുധനാഴ്ച ഡൽഹി ക്യാപിറ്റൽസിന് എതിരെയാണ് രാജസ്ഥാന്റെ ഇനിയുള്ള മത്സരം. 

 

English Summary: RR share Sangakkara's inspiring speech after 6-wicket win over PBKS in IPL 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com