റൺസ് കൊടുക്കാൻ പിശുക്കൻ; പത്തൊൻപതാം ഓവർ മെയ്ഡൻ; ഇത് ഭുവി മാജിക്ക്
Mail This Article
മുംബൈ ∙ ഇന്ത്യൻ ടീമിന്റെ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് സ്ഥാനം അരക്കിട്ടുറപ്പിച്ച് സൺറൈസേഴ്‌സ് ഹൈദരാബാദ് പേസർ ഭുവനേശ്വര്‍ കുമാര്‍. മുംബൈക്കെതിരായ മത്സരത്തിൽ പത്തൊൻപതാം ഓവറിൽ മെയ്ഡൻ എറിഞ്ഞാണ് ഭുവനേശ്വർ തിളങ്ങിയത്. ഭുവിയുടെ മികച്ച പ്രകടനം ട്വന്റി 20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് പ്രതീക്ഷ പകരുന്നതാണ്.
അവസാന രണ്ടോവറിൽ വിജയിക്കാൻ 19 റൺസ് എന്ന നിലയിലാണ് ഭുവനേശ്വർ ബോൾ ചെയ്‌തത്. ആ ഓവറിൽ ആറ് പന്തുകളും യോർക്കർ പരീക്ഷിച്ചു. സഞ്ജയ് യാദവിന്റെ വിക്കറ്റ് വീഴ്ത്തുകയും ചെയ്‌തു. പിന്നാലെ വന്നത് ഇന്ത്യയുടെ മറ്റൊരു ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റായ ജസ്പ്രീത് ബുംറ. നേരിട്ട നാല് പന്തിലും ബുമ്രയ്ക്ക് റണ്ണൊന്നുമെടുക്കാനായില്ല.
ട്വന്റി-20 ക്രിക്കറ്റിൽ മെയ്ഡൻ എന്നത് അപൂർവ നേട്ടമാണ്. മത്സരത്തിന്റെ പരമപ്രധാനമായ ഘട്ടത്തിൽ റൺസ് വഴങ്ങാതെ ടീമിനെ തുണച്ച ഭുവിയുടെ ബോളിങ് വളരെ പ്രശംസിക്കപ്പെട്ടു. സീസണില്‍ സണ്‍റൈസേഴ്‌സിനുവേണ്ടി 'പിശുക്കൻ' പ്രകടനമാണ് ഭുവനേശ്വര്‍ കാഴ്ചവെയ്ക്കുന്നത്. 13 മത്സരങ്ങളില്‍ നിന്ന് 12 വിക്കറ്റുകള്‍ മാത്രമാണ് വീഴ്ത്തിയതെങ്കിലും 7.19 ആണ് ഇക്കോണമി റേറ്റ്. അവസാന ഓവറുകൾ നിയന്ത്രണത്തോടെ പന്തെറിയുന്ന ഭുവിക്ക് കയ്യടി നൽകുകയാണ് ക്രിക്കറ്റ് ലോകം.
English Summary: Bhuvneshwar Kumar bowls maiden in19th over of IPL match; wins admiration