മുംബൈയുടെ ‘വഴി തെറ്റിച്ച്’ 19–ാം ഓവർ മെയ്ഡൻ; ‘ഭുവി ബ്രില്യൻസി’നു കയ്യടി!
Mail This Article
മുംബൈയ്ക്കെതിരായ ഐപിഎൽ മത്സരത്തിൽ കളിയുടെ ഗതി തിരിച്ച സൺറൈസേഴ്സ് ഹൈദരാബാദ് പേസർ ഭുവനേശ്വർ കുമാറിന്റെ ബോളിങ് ബ്രില്യൻസിനെ വാഴ്ത്തുകയാണ് ക്രിക്കറ്റ് ആരാധകർ. മത്സരത്തിന്റെ 19–ാം ഓവർ മെയ്ഡൻ എറിഞ്ഞ ഭുവനേശ്വർ ആ ഓവറിൽ ഒരു വിക്കറ്റും വീഴ്ത്തി. ഹൈദരാബാദ് ഉയർത്തിയ 194 റൺസ് വിജയലക്ഷ്യത്തിലേക്കു ബാറ്റുവീശീയ മുംബൈയുടെ ചേസിങ്ങിന്റെ താളം തെറ്റിയത് ഈ ഓവറിലാണ്.
3 റൺസിനായിരുന്നു ഹൈദരാബാദിന്റെ ജയം. ഡെത്ത് ഓവറുകളിൽ റൺ വഴങ്ങാത്ത ഓരോ പന്തുകളും ബോളർമാരെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്. അപ്പോഴാണ് 6 പന്തുകളിൽ ഒരു റൺ പോലും വഴങ്ങാതെയുള്ള ഭുവിയുടെ മാജിക്. ട്വന്റി20 ക്രിക്കറ്റിലെ അത്യപൂർവ നേട്ടമാണിതെന്ന് മുൻ വെസ്റ്റിൻഡീസ് താരം ഇയാൻ ബിഷപ് പറഞ്ഞു.
ടി.നടരാജൻ എറിഞ്ഞ 18–ാം ഓവറിൽ 26 റൺസ് അടിച്ചെടുത്ത മുംബൈ വിജയത്തിനടുത്തെത്തി നിൽക്കുമ്പോഴാണ് ഭുവനേശ്വർ പന്തെറിയാനെത്തുന്നത്. വിജയലക്ഷ്യം 12 പന്തിൽ 19 റൺസ്. 32 വയസ്സുകാരൻ ഭുവി തന്റെ പരിചയ സമ്പത്ത് മുഴുവൻ ആ ഓവറിൽ പുറത്തെടുത്തു. വൈഡ് ലൈനിന് അരികിലൂടെ പറന്ന ആദ്യ പന്ത് ഇടംകയ്യൻ ബാറ്റർ സഞ്ജയ് യാദവിന് എത്തിപ്പിടിക്കാനായില്ല. അടുത്ത പന്തിലെ സ്ലോ ബോൾ കെണിയിൽ സഞ്ജയ് പുറത്തായി. തുടർന്നു ക്രീസിലെത്തിയ ജസ്പ്രീത് ബുമ്രയ്ക്കെതിരെ പരീക്ഷിച്ചതെല്ലാം ഉഗ്രൻ യോർക്കറുകളാണ്. ബാറ്റർമാരെ യോർക്കറിൽ വിറപ്പിക്കുന്ന ബുമ്ര ആ 4 പന്തുകൾക്കു മുൻപിലും നിസ്സഹായനായി.
English Summary: MI vs SRH: Bhuvneshwar Kumar