ADVERTISEMENT

മുംബൈ∙ കൊൽക്കത്തയ്ക്കെതിരായ നിർണായക മത്സരത്തിൽ ഇരട്ട സെഞ്ചറി കൂട്ടുകെട്ടുമായി തകർത്തടിച്ച ലക്നൗ ഓപ്പണിങ് സഖ്യമായ കെ.എൽ. രാഹുൽ– ക്വിന്റൻ ഡി കോക്ക് എന്നിവർക്ക് ലക്നൗ ഇന്നിങ്സിലെ 18–ാം ഓവറിനു ശേഷം, ആവശ്യമെങ്കിൽ റിട്ടയേഡ് ഔട്ട് സാധ്യത വിനിയോഗിക്കാനുള്ള നിർദേശം നൽകിയിരുന്നെന്നു വെളിപ്പെടുത്തി ലക്നൗ മുഖ്യ പരിശീലകൻ ആൻഡി ഫ്ലവർ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ലക്നൗവിനായി അവിസ്മരണീയ ബാറ്റിങ് പ്രകടനമാണ് രാഹുൽ– ഡികോക്ക് സഖ്യം കാഴ്ചവച്ചത്. 

വെറും 70 പന്തിൽ, 10 വീതം സിക്സും ഫോറും അടക്കം പുറത്താകാതെ 140 റണ്‍സെടുത്ത ക്വിന്റൻ ഡി കോക്ക് ഐപിഎല്ലിലെ 2–ാം സെഞ്ചറിയാണു കുറിച്ചത്. എന്നാൽ ദീർഘനേരം ബാറ്റു ചെയ്തതുമൂലം ഇന്നിങ്സിന്റെ അവസാന ഘട്ടത്തിൽ‌ കെ.എൽ. രാഹുലും ഡികോക്കും ക്ഷീണിതരായിരുന്നു. ഈ സാഹചര്യത്തിലാണ്, ഇരുവരെയും റിട്ടയേഡ് ഔട്ടാക്കുന്ന സാധ്യത പരിഗണിച്ചത്. ഇന്നിങ്സ് ബ്രേക്കിനിടെ ആൻഡി ഫ്ലവർ സ്റ്റാർ സ്പോർട്സ് ചാനലിനോട് പ്രതികരിച്ചത് ഇങ്ങനെ,

‘18–ാം ഓവർ അവസാനിച്ചതോടെ ബാറ്റിങ് സഖ്യത്തിന് ഞങ്ങൾ ഒരു നിർദേശം നൽകി. സ്കോറിങ് ഉയർത്താനുള്ള ശ്രമത്തിനിടെ നിങ്ങൾ ഇരുവരും വളരെ ക്ഷീണിതരായിട്ടുണ്ട് എങ്കിൽ വമ്പൻ അടിക്കാരായ മറ്റു ബാറ്റർമാരെ ഇറക്കാൻ ഞങ്ങൾ തയാറാണ്. ടീമിലെ ഒന്നു മുതൽ 9–ാം നമ്പറിൽവരെ ബാറ്റു ചെയ്യുന്ന താരങ്ങൾ വമ്പൻ അടിക്കു കെൽപ്പുള്ളവരാണ്.’

എന്നാൽ ബാറ്റിങ് തുടരാൻതന്നെ തീരുമാനിച്ച കെ.എൽ. രാഹുൽ– ക്വിന്റൻ ഡി കോക്ക് സഖ്യം ഓപ്പണിങ് വിക്കറ്റിൽ 210 റൺസാണ് അടിച്ചു കൂട്ടിയത്. ഐപിഎൽ ചരിത്രത്തിൽ, ഏതൊരു വിക്കറ്റിലെയും ഏറ്റവും ഉയർന്ന 3–ാമത്തെ കൂട്ടുകെട്ടാണിത്. 51 പന്തിൽ 3 ഫോറും 4 സിക്സും അടക്കം പുറത്താകാതെ 68 റൺസാണു മത്സരത്തിൽ രാഹുൽ നേടിയത്. കൊൽക്കത്തയ്ക്കെതിരായ മത്സരം 2 റൺസിനു ജയിച്ച ലക്നൗ പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്. 

 

Engtlish Summary: "You can retire" - LSG coach Andy Flowers reveals message to Rahul, de Kock after 18th over

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com