ADVERTISEMENT

മുംബൈ∙ ഐപിഎല്ലിൽ വെള്ളിയാഴ്ച നടന്ന രാജസ്ഥാൻ റോയൽസ്– ചെന്നൈ സൂപ്പർകിങ്സ് മത്സരത്തിലെ കമന്ററിക്കിടെ, രാജസ്ഥാൻ താരം ഷിമ്രോൺ ഹെറ്റ്മയറെയും, ഹെറ്റ്മയറുടെ ഭാര്യയെക്കുറിച്ചുമുള്ള അനാവശ്യ പരാമർശത്തിന്റെ പേരിൽ, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗാവസ്കർക്ക് ആരാധകരുടെ രൂക്ഷ വിമർശനം. ഗാവസ്കർക്കെതിരെ സ്വരം കടുപ്പിച്ച് ഒട്ടേറെ ആരാധകരാണു സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തുന്നത്.

ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട്, ഐപിഎല്ലിന് ഇടവേള നൽകി കഴിഞ്ഞ ആഴ്ച സ്വന്തം നാടായ ഗയാനയിലേക്കു പോയ ഹെറ്റ്മയർ, കഴിഞ്ഞ ദിവസം മടങ്ങിയെത്തുകയും രാജസ്ഥാൻ ടീമിനൊപ്പം ചേരുകയും ചെയ്തിരുന്നു. ചെന്നൈയ്ക്കെതിരായ മത്സരത്തിൽ യശസ്വി ജെയ്സ്വാൾ പുറത്തായതോടെ ഹെറ്റ്മയർ ബാറ്റിങ്ങിന് ഇറങ്ങിയപ്പോൾ കമന്ററിക്കിടെയുള്ള ഗാവസ്കറുടെ പരാമർശം ഇങ്ങനെ, ഹെറ്റ്മയറുടെ ഭാര്യ പ്രതീക്ഷ കാത്തു; ഹെറ്റ്മയർ റോയൽസിന്റെ പ്രതീക്ഷ കാക്കുമോ എന്നാണ് ഇനി അറിയേണ്ടത്.’ ഹെറ്റ്മയർ– നിർവാനി ദമ്പതികൾക്ക് മേയ് 10നാണ് ആദ്യ കുട്ടി പിറന്നത്. 

ഐപിഎൽ മത്സരങ്ങളുടെ തിരക്ക് ഉള്ളതിനാൽ, ഇരുവർക്കും ഒപ്പം വളരെക്കുറച്ചു മത്സരങ്ങൾ മാത്രം ചെലവിട്ടതിനു ശേഷം ഹെറ്റ്മയർ ഇന്ത്യയിലേക്കു മടങ്ങിയിരുന്നു. ടീമിലെ നിർണായക സാന്നിധ്യം ആയതിനാൽ, തിരികെയെത്തിയതിനു ശേഷമുള്ള തൊട്ടടുത്ത മത്സരത്തിൽത്തന്നെ ഹെറ്റ്മയർക്ക് പ്ലേയിങ് ഇലവനിൽ അവസരവും ലഭിച്ചു. 

അതുകൊണ്ടുതന്നെ, ടീമിനായി ഇത്രയധികം ആത്മാർഥത കാട്ടിയ ഹെറ്റ്മയർക്കെതിരായ പരാമർശം ക്രിക്കറ്റ് ആരാധകർക്ക് ഒട്ടും രസിച്ചില്ല. പിന്നാലെയാണ് ഗാവസ്കർക്കെതിരെ രൂക്ഷ പരാമർശങ്ങളുമായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ആരാധകർ കൂട്ടത്തോടെ എത്തിയത്. 

 

English Summary: Sunil Gavaskar blasted for unpleasant remark on Shimron Hetmyer and his wife during commentary in CSK vs RR IPL match

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com