‘ഏകദിനമല്ല ട്വന്റി20; ഇന്നിങ്സിന്റെ സ്വാധീനമാണു പ്രധാനം: സഞ്ജു (47) കലക്കി’
Mail This Article
കൊൽക്കത്ത∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ 5 മത്സര ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിൽനിന്നു ‘തഴഞ്ഞ’ സിലക്ടർമാർക്ക് ഈഡൻ ഗാർഡൻസിൽ സഞ്ജു സാംസൺ ഉജ്വല മറുപടി കാത്തുവച്ചിരുന്നു. നാവുകൊണ്ടല്ല, ബാറ്റുകൊണ്ട്! തുടർച്ചയായി മഴ പെയ്ത വിക്കറ്റിൽ, ബാറ്റിങ് ഏറെ ദുഷ്കരമായ ഘട്ടത്തിൽ സ്വന്തം ടീമിനായി ഒരു സ്പെഷ്യൽ ഇന്നിങ്സ് തന്നെയാണു സഞ്ജു പുറത്തെടുത്തത്.
പവർ ഹിറ്റർ ജോസ് ബട്‌ലർ ഉൾപ്പെടെയുള്ള താരങ്ങൾ നിലയുറപ്പിക്കാൻ പാടുപെട്ടപ്പോൾ, പവർപ്ലേ ഓവറുകളിൽത്തന്നെ സഞ്ജു അടിച്ചു തകർത്തു. നേരിട്ട ആദ്യ പന്തിൽത്തന്നെ യാഷ് ദയാലിനെ സിക്സറിനു തൂക്കിയാണു സഞ്ജു വരവ് അറിയിച്ചത്. 3.1 ഓവറിൽ രാജസ്ഥാൻ സ്കോർബോർഡിൽ 24 റൺസാണ് അപ്പോൾ ഉണ്ടായിരുന്നത്.
പിന്നാലെ മുഹമ്മദ് ഷമിയും അൽസരി ജോസഫും സായ് കിഷോറും സഞ്ജുവിന്റെ ബാറ്റിന്റെ ‘ചൂടറിഞ്ഞു’. അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാനു മാത്രമാണു സഞ്ജു അൽപം എങ്കിലും ബഹുമാനം നൽകിയത്. പന്തു മിഡിൽ ചെയ്യാനാകാതെ ബട്‌ലർ നന്നേ വിഷമിച്ച ഘട്ടത്തിൽ 9.5 ഓവറിൽ രാജസ്ഥാൻ സ്കോർ ബോർഡിൽ 79 റൺസ് എത്തിച്ചതിനു ശേഷമാണു സഞ്ജു മടങ്ങിയത്. ഇതിനിടെ അടിച്ചെടുത്തത് 26 പന്തിൽ 5 സിക്സും 3 ഫോറും അടക്കം 47 റൺസ്.
ഈഡൻ ഗാർഡൻസിൽ, സീസണിൽ ആദ്യമായി നടന്ന മത്സരത്തിൽ, അതും ഇന്നിങ്സിന്റെ തുടക്കത്തിൽ ബാറ്റിങ് ഏറെ ദുഷ്കരമായ സാഹചര്യത്തിലാണു സഞ്ജുവിന്റെ ഈ പ്രകടനം എന്നത് എടുത്തു പറയേണ്ടതാണ്. ലഭിച്ച മികച്ച തുടക്കം വമ്പൻ ഇന്നിങ്സായി മാറ്റിയെടുക്കാനായില്ല എന്ന സ്വാഭാവിക വിമർശനം സഞ്ജുവിനെ തെല്ലും കൂസിയിരിക്കില്ല. പകരം വയ്ക്കാനാകാത്ത ഇന്നിങ്സ് ടീമിനായി സമ്മാനിച്ചതിനു ശേഷമായിരുന്നു മടക്കം എന്നതുതന്നെ കാരണം.
‘ഏകദിന ക്രിക്കറ്റിലെ സമവാക്യങ്ങളല്ല ട്വന്റി20യിലെ അളവുകോലെന്നും, നിങ്ങളുടെ ഇന്നിങ്സ് ഉണ്ടാക്കുന്ന സ്വാധീനമാണ് ഇവിടെ പ്രധാനമെന്നും ഉജ്വല ഇന്നിങ്സാണു സഞ്ജു പുറത്തെടുത്തതെന്നും ക്രിക്കറ്റ് വിദഗ്ധനും കമന്റേറ്ററുമായ ഹർഷ ഭോഗ്‌ലെ സഞ്ജു പുറത്തായതിനു പിന്നാലെ ട്വിറ്ററിൽ കുറിച്ചു.
പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ അവസാന ഓവറിൽ തുടർച്ചയായി 3 സിക്സർ നേടിയ ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറാണ് മത്സരത്തിൽ ഗുജറാത്തിനെ ജയത്തിലെത്തിച്ചത്.
English Summary: Harsha Bhogle lauds Sanju Samson's batting against Gujarat in qualifier-1