ഐപിഎൽ ചൂതാട്ടത്തിന് സമ്പാദ്യപദ്ധതി നിക്ഷേപത്തിലെ 1.25 കോടി; പോസ്റ്റ്മാസ്റ്റർ അറസ്റ്റിൽ
Mail This Article
ഭോപാൽ ∙ പോസ്റ്റ് ഓഫിസ് സമ്പാദ്യപദ്ധതിയിലെ നിക്ഷേപമെടുത്ത് ഐപിഎൽ ചൂതാട്ടം നടത്തിയ പോസ്റ്റ്മാസ്റ്റർ അറസ്റ്റിൽ. മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ഒരു സബ് പോസ്റ്റ് ഓഫിസിലാണു സംഭവം. 1.25 കോടി രൂപ നഷ്ടപ്പെട്ടതായാണ് നിലവിലെ വിവരം.
വിശാൽ അഹിർവാർ (36) എന്ന സബ് പോസ്റ്റ് മാസ്റ്ററാണ് ഐപിഎൽ ട്വന്റി20 ക്രിക്കറ്റിന്റെ പേരിൽ നടത്തുന്ന ചൂതാട്ട മൊബൈൽ ആപ്പിൽ പണമെറിഞ്ഞ കളിച്ചത്. അതിവേഗം പണം ഇരട്ടിപ്പിക്കാമെന്ന പ്രതീക്ഷയിലാണു താൻ ഇതു ചെയ്തതെന്ന് വിശാൽ പൊലീസിനോടു പറഞ്ഞു.
അടുത്തിടെ നിക്ഷേപം പിൻവലിക്കാനെത്തിയവരാണ് തങ്ങളുടെ പണം അക്കൗണ്ടിലില്ലെന്ന് അറിഞ്ഞ് പൊലീസിൽ പരാതി നൽകിയത്. കൂടുതൽ പരാതിക്കാർ രംഗത്തെത്താൻ സാധ്യതയുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന.
English Summary: Postmaster spends Rs 1.25 crore of depositors on IPL betting; arrested