ADVERTISEMENT

ന്യൂഡൽഹി ∙ കഴിഞ്ഞ ദിവസം വിവാഹിതനായ ഇന്ത്യൻ ക്രിക്കറ്റ് താരം ദീപക് ചാഹറിനെ ‘ട്രോളി’ സഹോദരി മാലതി ചാഹർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റ് വൈറലാകുന്നു. വിവാഹിതരായ ദീപക് ചാഹറിനെയും വധു ജയ ഭരദ്വാജിനെയും അഭിനന്ദിച്ചു കൊണ്ടുള്ള പോസ്റ്റിലാണ് മാലതിയുടെ കുസൃതി. അഭിനന്ദനത്തിനൊപ്പം ഈ വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പ് മുൻനിർത്തി മാലതി കുറിച്ചൊരു ‘ഓർമപ്പെടുത്ത’ലാണ് ആരാധകർ ഏറ്റെടുത്തത്.

ദീപക്കിനും ജയയ്ക്കുമൊപ്പം നിൽക്കുന്ന ചിത്രത്തിനൊപ്പം മാലതി കുറിച്ചതിങ്ങനെ:

‘രണ്ടു പേർക്കും നല്ലൊരു വിവാഹ ജീവിതം ആശംസിക്കുന്നു. ഹണിമൂണിനിടെ പുറം വേദനയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. നമുക്ക് ലോകകപ്പ് കളിക്കേണ്ടതാണ്’ – ദീപക് ചാഹറിനെ ടാഗ് ചെയ്ത് മാലതി ചാഹർ കുറിച്ചു. പുറത്തിനേറ്റ പരുക്കിനെ തുടർന്ന് ഇക്കഴിഞ്ഞ ഐപിഎൽ സീസൺ പൂർണമായും ദീപക് ചാഹറിനു നഷ്ടമായിരുന്നു.

ഈ മാസം ഒന്നാം തിയതിയാണ് ദീപക് ചാഹർ പ്രതിശ്രുത വധുവായ ജയ ഭരദ്വാജിനെ വിവാഹം ചെയ്തത്. വിഹാഹത്തിന്റെ ചിത്രം ദീപക് ചാഹറിന്റെ ബന്ധുവും ക്രിക്കറ്റ് താരവുമായ രാഹുൽ ചാഹർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. 2022ലെ ഐപിഎൽ മെഗാ താരലേലത്തിൽ 14 കോടി രൂപ മുടക്കി ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ എടുത്തിരുന്നെങ്കിലും, പിന്നീടു തുടർച്ചയായി പരുക്കിന്റെ പിടിയിലായ ദീപക് ചാഹറിന് ഐപിഎൽ സീസൺ പൂർണമായും നഷ്ടമാവുകയായിരുന്നു.

2021 ഐപിഎൽ സീസണിൽ, ചെന്നൈ– പഞ്ചാബ് മത്സരത്തിനിടെ ഗാലറിയിൽ വച്ചാണു സുഹൃത്ത് ജയ ഭരദ്വാജിനോടു ദീപക് ചാഹർ വിവാഹാഭ്യർഥന നടത്തിയത്. ഗാലറിയിൽ കളികണ്ടിരുന്ന ജയ ഭരദ്വാജിനടുത്തേക്കു നടന്നെത്തി ദീപക് ചാഹർ വിവാഹാഭ്യർഥന നടത്തുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

English Summary: Deepak Chahar gets cheeky advice by sister Malti Chahar on wedding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com