അരങ്ങേറ്റ സെഞ്ചറി, 3–ാം ടെസ്റ്റിൽ ഡബിൾ; 6 ലോകകപ്പ്; ഇന്ത്യൻ ടീമിന്റെ ‘പോസ്റ്റർ ഗേൾ’!
Mail This Article
ന്യൂഡൽഹി∙ കപിൽ ദേവ്, സച്ചിൻ തെൻഡുൽക്കർ, എം.എസ്. ധോണി, വിരാട് കോലി... പോസ്റ്റർ ബോയ്കൾക്കു തെല്ലും പഞ്ഞമില്ലാത്ത ഇന്ത്യൻ ക്രിക്കറ്റിലെ ആദ്യ ‘പോസ്റ്റർ ഗേൾ’ ആയിരുന്നിരിക്കണം മിതാലി രാജ്! 1999ൽ ക്രിക്കറ്റ് അരങ്ങേറ്റം കുറിച്ച മിതാലി ഒന്നര പതിറ്റാണ്ടോളമെങ്കിലും ഇന്ത്യൻ ക്രിക്കറ്റിന്റെ പോസ്റ്റർ ഗേൾ മാത്രമല്ല, മേൽവിലാസം കൂടിയായിരുന്നു! ട്വിറ്ററിൽ പങ്കുവച്ച വികാരനിർഭര കുറിപ്പിലൂടെ 39–ാം വയസ്സിൽ ക്രിക്കറ്റിനോടു വിടപറയുമ്പോൾ അന്ത്യമാകുന്നത് ഇന്ത്യൻ ക്രിക്കറ്റിലെ ‘മിതാലി യുഗത്തി’നാണ്.
വെറും 14 വയസ്സുള്ളപ്പോൾ 1997 ലോകകപ്പിനുള്ള സാധ്യതാ പട്ടികയിൽ ഉൾപ്പെട്ട താരമാണു മിതാലി. 2 വർഷത്തിനു ശേഷം ഇന്ത്യയ്ക്കായി കളിച്ച അരങ്ങേറ്റ മത്സരത്തിൽ അയർലൻഡിനെതിരെ പുറത്താകാതെ നേടിയത് 114 റൺസ്. 2002ൽ 3–ാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇരട്ട സെഞ്ചറി (214). രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള വരവറിയിക്കാൻ ഒരു ടീനേജ് താരം ഇതിലും അപ്പുറം എന്താണു ചെയ്യേണ്ടത്?
വിരാട് കോലിയെപ്പോലെയോ രോഹിത് ശർമയെയോ പോലെ അരങ്ങേറ്റത്തിനു ശേഷം താളവും സ്ഥിരതയും കണ്ടെത്താൻ മത്സരങ്ങളുടെ ‘നീണ്ടനിര’ മിതാലിക്കു വേണ്ടി വന്നിരുന്നില്ല. ബാറ്റിങ്ങിലെ ആ സ്വാഭാവിക ശൈലി കരിയറിന്റെ ഒടുക്കംവരെ നിലനിർത്താനായതും മിതാലിയുടെ നേട്ടമാണ്.
മാറി വന്ന ടീം ഘടനയ്ക്ക് അനുയോജ്യമായ രീതിയിൽ മധ്യ ഓവറുകളിൽ നങ്കൂരമിട്ടു കളിച്ചും ഡെത്ത് ഓവറുകളിൽ തകർത്തടിച്ചും ഇന്ത്യൻ ജഴ്സിയിൽ മിതാലി തന്റെ ഇംപാക്ട് പ്രകടമാക്കി. മിക്ക താരങ്ങളും ടെസ്റ്റിൽനിന്നും ഏകദിനത്തിൽനിന്നും വിരമിച്ച് ട്വന്റി20യിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ഏകദിനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി 2019ൽ ട്വന്റി20യിയിൽനിന്നു വിരമിച്ച താരമാണു മിതാലി.
ബാറ്റിങ് ശൈലിയുടെ അപാകതയോ പ്രായക്കൂടുതൽ കൊണ്ടോ ആണു മിതാലി നേരത്തേ ട്വന്റി20യോടു വിടപറഞ്ഞതെന്നു കരുതരുതേ. ട്വന്റി20യിൽ 2000ൽ അധികം റൺസ് പിന്നിട്ട ആദ്യ ഇന്ത്യൻ താരമാണു മിതാലി. കൂടുതൽ മത്സരങ്ങൾ കളിച്ചതുകൊണ്ടാകാം, സാക്ഷാൽ വിരാട് കോലിക്കു പോലും മുൻപേ ഈ നേട്ടത്തിലെത്തിയതാണു മിതാലി. ട്വന്റി20 ക്രിക്കറ്റിൽ ഏറ്റവും അധികം റൺസ് നേടിയ ഇന്ത്യൻ വനിതാ താരം ഇപ്പോഴും മിതാലി തന്നെയാണ്.
2018ലെ ട്വന്റി20 ലോകകപ്പ് സെമിയിൽ തന്നെ ഉൾപ്പെടുത്തിയില്ല എന്ന് ആരോപിച്ച് കോച്ച് രമേഷ് പൊവാർ, ക്രിക്കറ്റ് ഭരണസമിതി അംഗം ഡിയാന എദുൽജി എന്നിവർക്കെതിരെ ബിസിസിഐക്കു കത്തയച്ച സംഭവം മാത്രമാണു സുദീർഘമായ കരിയറിനിടെ വിവാദത്തിലേക്കു വഴിതെളിച്ച സംഭവം. ടീം എന്നതിനപ്പുറം വ്യക്തിഗത നേട്ടങ്ങൾക്കു വേണ്ടിയാണു മിതാലി കളിക്കുന്നതെന്നും ബാറ്റിങ് ഓർഡറിൽ താഴേക്കിറങ്ങി കളിക്കാന്‍ ആവശ്യപ്പെട്ടപ്പോൾ വിരമിക്കുമെന്നു മിതാലി ഭീഷണിപ്പെടുത്തിയതായും രമേഷ് പൊവാർ തിരിച്ചടിക്കുകയും ചെയ്തിരുന്നു.
2005ലാണ് മിതാലിക്ക് ഇന്ത്യയെ നയിക്കാൻ ആദ്യമായി അവസരം ലഭിച്ചത്. ഹർമൻപ്രീത് കൗർ, സ്മൃതി മന്ധാന അടക്കമുള്ള സൂപ്പർ താരങ്ങൾ അരങ്ങേറിയതും മിതാലിക്കു കീഴിലാണ്. ക്രിക്കറ്റിലെ ഒരുപിടി റെക്കോർഡുകൾ നെഞ്ചോടു ചേർത്താണു മിതാലിയുടെ വിടവാങ്ങൽ;
7805– ഏകദിന ക്രിക്കറ്റിൽ ഏറ്റവും അധികം റൺസ് നേടിയ വനിതാ താരം.
71– ഏകദിനത്തിൽ ഏറ്റവും അധികം തവണ 50 പിന്നിട്ട വനിതാ താരം.
1321– വനിതാ ലോകകപ്പിൽ ഏറ്റവും അധികം റൺസ് നേടിയ ഇന്ത്യൻ താരം. വനിതാ ലോകകപ്പിൽ ഏറ്റവും അധികം റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ 2–ാം സ്ഥാനത്ത്.
7– ഏകദിനത്തിൽ ഏറ്റവും അധികം സെഞ്ചറി നേടിയ ഇന്ത്യൻ വനിതാ താരം.
2364– 2019ൽ അവസാന ട്വന്റി20 മത്സരം കളിച്ച മിതാലിയുടെ പേരിലാണ് ഈ ഫോർമാറ്റിൽ ഏറ്റവും അധികം റൺസ് നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡ്.
6– 6 വനിതാ ഏകദിന ലോകകപ്പുകളുടെ ഭാഗമായിട്ടുള്ള ഒരേയൊരു താരം.
214– വനിതാ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന 2–ാമത്തെ വ്യക്തിഗത സ്കോർ.
16 വയസ്സ്, 205 ദിവസം– ഏകദിന ക്രിക്കറ്റിൽ സെഞ്ചറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ വനിത.
22 വർഷം, 274 ദിവസം– വനിതാ ക്രിക്കറ്റിലെ ഏറ്റവും ദൈർഘ്യമേറിയ കരിയറിന് ഉടമ.
English Summary: Stats: Mithali Raj’s 22-year-international career in numbers