സെഞ്ചറി നഷ്ടം (77): അസമിന് വീണ്ടും ലോക റെക്കോർഡ്; തുടക്കം തുലച്ച വിൻഡീസ് തോറ്റു!
Mail This Article
പഞ്ചാബ് (പാക്കിസ്ഥാൻ)∙ വിൻഡീസിനെതിരായ 2–ാം ഏകദിനത്തിൽ സെഞ്ചറി നഷ്ടമായെങ്കിലും (93 പന്തിൽ 77) റെക്കോർഡ് ബുക്കിലേക്ക് ഒരിക്കൽക്കൂടി തന്റെ പേര് എഴുതിച്ചേർത്ത് പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. രാജ്യാന്തര ക്രിക്കറ്റിലെ തുടർച്ചയായ 9–ാം ഇന്നിങ്സിലാണ് അസം അൻപതിൽ അധികം റൺസ് നേടുന്നത്. രാജ്യാന്തര തലത്തിൽ തുടർച്ചയായ ഏറ്റവും അധികം ഇന്നിങ്സിൽ 50ൽ അധികം റൺസ് നേടുന്ന താരം എന്ന റെക്കോർഡും ഇതോടെ അസമിന്റെ പേരിലായി.
ഓസീസിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിലെ 2–ാം ഇന്നിങ്സിൽ നേടിയ 196 റണ്‍സോടെയാണ് അസമിന്റെ തേരോട്ടം തുടങ്ങുന്നത്. 66, 55 എന്നിങ്ങനെയായിരുന്നു 2–ാം ടെസ്റ്റിലെ സ്കോർ. പിന്നാലെ ഓസീസിനെതിരെതന്നെ നടന്ന 3 മത്സര ഏകദിന പരമ്പരിയിലെ അസമിന്റെ സ്കോർ ഇങ്ങനെ– 57, 114, 105*. ഓസീസിനെതിരെയുള്ള ഏക ട്വന്റി20 മത്സരത്തിൽ 66 റൺസെടുത്ത അസം, വിൻഡീസിനെതിരെ ഇപ്പോൾ നടക്കുന്ന പരമ്പരയിലെ ആദ്യ ഏകദിനത്തിലും സെഞ്ചറി (103) നേടിയിരുന്നു.
ആദ്യ ഏകദിനത്തിലെ ബാറ്റിങ്ങിനിടെ, ഏറ്റവും വേഗത്തിൽ 1000 റണ്‍സ് (13 ഇന്നിങ്സ്) തികയ്ക്കുന്ന ക്യാപ്റ്റൻ എന്ന റെക്കോർഡും അസം മറികടന്നിരുന്നു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെയാണു (17 ഇന്നിങ്സ്) പിന്തള്ളിയത്.
അസം അർധ സെഞ്ചറിയോടെ തിളങ്ങിയ മത്സരത്തിൽ വിൻഡീസിനെ 120 റൺസിനു തകർത്ത പാക്കിസ്ഥാൻ മൂന്നു മത്സര പരമ്പരയിൽ ജയം ഉറപ്പിച്ചു (2–0). ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റിന് 275 റൺസെടുത്തു. 72 പന്തിൽ 6 ഫോറടക്കം 72 റൺസെടുത്ത ഇമാം ഉൽ ഹഖും പാക്കിസ്ഥാനായി തിളങ്ങി. വിൻഡീസിനായി അക്കീൽ ഹൊസെയ്ൻ മൂന്നും അൽസരി ജോസഫ്, ആൻഡേഴ്സൻ ഫിലിപ്പ് എന്നിവർ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ 9.5 ഓവറിൽ ഒരു വിക്കറ്റിന് 71 എന്ന സ്കോറിലെത്തിയതിനു ശേഷമായിരുന്നു വിൻഡീസ് കൂട്ടത്തകർച്ച. ഷർമാർ ബ്രൂക്സ് (56 പന്തിൽ 42), ഓപ്പണർ കെയ്ൽ മെയേഴ്സ് (25 പന്തിൽ 4 ഫോറും 2 സിക്സും അടക്കം 33), ക്യാപ്റ്റൻ നിക്കോളാസ് പുരാൻ (36 പന്തിൽ ഒന്നുവീതം ഫോറും സിക്സും അടക്കം 25) എന്നിവർ മാത്രമാണു വിൻഡീസ് നിരയിൽ അൽപമെങ്കിലും പിടിച്ചുനിന്നത്.
മുൽട്ടാനിലെ വേഗം കുറഞ്ഞ വിക്കറ്റിൽ ഇടംകയ്യൻ സ്പിന്നർ മുഹമ്മദ് നവാസ് (10 ഓവറിൽ 19 റൺസിനു 4 വിക്കറ്റ്), മുഹമ്മദ് വസീം (34–3), ഷദാബ് ഖാൻ (40–2), ഷഹീൻ ഷാ അഫ്രീദി (17–1) എന്നിവർ ചേർന്ന് വിൻഡീസിനെ 155 റൺസിന് എറിഞ്ഞൊതുക്കി. പരമ്പരയിലെ അവസാന ഏകദിനം ഞായറാഴ്ച നടക്കും.
English Summary: Babar Azam creates massive world record despite missing century in Pakistan vs West Indies 2nd ODI