ദക്ഷിണാഫ്രിക്ക മില്ലറെ കളിപ്പിക്കരുതെന്നാണ് ആഗ്രഹം, പക്ഷേ അതു നടക്കില്ലല്ലോ: ഭുവി
Mail This Article
കട്ടക്ക് (ഒഡീഷ)∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ 2–ാം മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഡേവിഡ് മില്ലറെ കളിപ്പിക്കാതിരുന്നിരുന്നെങ്കിൽ എന്നാണ് ആഗ്രഹമെന്ന് ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാർ. മത്സരത്തിനു മുന്നോടിയായുള്ള മാധ്യമ സമ്മേളനത്തിലാണു തമാശ രൂപേണയുള്ള ഭുവിയുടെ പ്രതികരണം.
ഐപിഎൽ സീസണിലെ ഉജ്വല ഫോമിന്റെ തുടർച്ച എന്ന വിധം ആദ്യ ട്വന്റി20യിൽ 4 ഫോറും 5 സിക്സുമടക്കം വെറും 31 പന്തിൽ 64 റൺസടിച്ച മില്ലറുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ ഉയർത്തിയ 211 റൺസ് വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക ‘അനായാസം’ പിന്തുടർന്നത്. മികച്ച ടച്ചിലുള്ള മില്ലർക്കെതിരെ ബോൾ ചെയ്യുത എന്നത് ഏറെ വെല്ലുവിളി നിറഞ്ഞ കാര്യമാണെന്നു ഭുവി അഭിപ്രായപ്പെട്ടു.
‘മില്ലർക്കെതിരെ ബോൾ ചെയ്യുക എന്നതു വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. അത്രയ്ക്കു മികച്ച ബാറ്റിങ് ഫോമിലാണു മില്ലർ. ദക്ഷിണാഫ്രിക്ക മില്ലറെ കളിപ്പിക്കാതിരുന്നിരുന്നെങ്കിൽ എന്നാണ് എന്റെ ആഗ്രഹം. പക്ഷേ, അവർ അതു ചെയ്യുമെന്നു തോന്നുന്നില്ല. ഐപിഎല്ലിൽ ഉജ്വല ബാറ്റിങ്ങായിരുന്നു മില്ലറുടേത്. മില്ലറുടെ മികവിനെപ്പറ്റി ഞങ്ങൾക്ക് നല്ല ധാരണയുണ്ട്. മില്ലർക്കെതിരെയുള്ള ബോളിങ് വെല്ലുവിളിയാണ്.
നിങ്ങൾ പറഞ്ഞതുപോലെതന്നെ ആദ്യ കളിയിൽ നമ്മുടെ ബോളിങ് നിലവാരത്തിനൊത്ത് ഉയർന്നില്ല. 2–ാം മത്സരത്തിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ് പരമ്പര സമനിലയിലാക്കാം എന്നാണു കരുതുന്നത്. ഇനിയും 4 മത്സരങ്ങൾ കൂടി ബാക്കിയുണ്ടെന്നതു കണക്കിലെടുക്കുമ്പോൾ നമുക്കു പരമ്പര നേടാൻ ഇനിയും സാധ്യതയുണ്ട്. അതിനായി നന്നായി ബോൾ ചെയ്യണം, ആദ്യ കളിയിലെപ്പോലെതന്നെ മികച്ച രീതിയിൽ ബാറ്റു ചെയ്യണം. എവിടെയാണു പിഴച്ചതെന്നു ഞങ്ങള്‍ ചർച്ച ചെയ്തിരുന്നു’– ഭുവനേശ്വർ പറഞ്ഞു.
ആദ്യ ട്വന്റി20യിൽ ആവേശ് ഖാനൊപ്പം ഇന്ത്യൻ ബോളിങ് ഓപ്പൺ ചെയ്ത ഭുവി തുടക്കത്തിലേ തെംബ ബവൂമയെ പുറത്താക്കിയെങ്കിവും ഡെത്ത് ഓവറുകളിൽ മില്ലറുടെ പ്രഹരം ഏറ്റുവാങ്ങിയതോടെ 4–0–43–1 എന്ന ബോളിങ് കണക്കോടെയാണു മത്സരം അവസാനിപ്പിച്ചത്.
English Summary: "I would want South Africa to drop him" - Bhuvneshwar Kumar's funny response on plans for David Miller in second T20I