ADVERTISEMENT

കൊളംബോ∙ ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും ആവേശഭരിതമായ മത്സരങ്ങളിൽ ഒന്നിൽ ഓസ്ട്രേലിയയെ 4 വിക്കറ്റിനു കീഴടക്കി ശ്രീലങ്ക. ഓസീസ് ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലങ്ക 17–ാം ഓവർ പിന്നിടുമ്പോൾ 6 വിക്കറ്റിന് 118 എന്ന സ്കോറിലായിരുന്നു. 4 വിക്കറ്റ് മാത്രം ശേഷിക്കെ അവസാന 18 പന്തിൽ വേണ്ടിയിരുന്നത് 59 റൺസ്.

എന്നാൽ കൈവിട്ടെന്ന് ഉറപ്പിച്ച കളിയിൽ ക്യാപ്റ്റൻ ദസൂൻ ശാനകയുടെ ഇന്നിങ്സ് ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെയും ആരാധകരെയും അമ്പരപ്പിച്ചു കളഞ്ഞു. ജോഷ് ഹെയ്‌ഡൽവുഡ് എറിഞ്ഞ 18–ാം ഓവറിൽ 2 വീതം സിക്സും ഫോറും അടക്കം 21 റൺസാണ് ശാനക അടിച്ചെടുത്തത്. 

ജെയ് റിച്ചഡ്സന്റെ 19–ാം ഓവറിൽ വന്നത് 19 റൺസ്. കെയ്ൻ വില്യംസൻ എറിഞ്ഞ അവസാന ഓവറിൽ തുടർച്ചയായി 2 ഫോറും ഒരു സിക്സും അടിച്ച ശാനകയുടെ ഉജ്വല ഇന്നിങ്സിൽ, ഒരു പന്ത് ബാക്കി നിൽക്കെ ലങ്ക വിജയം പിടിച്ചെടുത്തത് അവിശ്വസനീയതോടെ നോക്കി നിൽക്കാനേ ഓസ്ട്രേലിയൻ താരങ്ങൾക്കും ടീം മാനേജ്മെന്റിനും കഴിഞ്ഞുള്ളു. സ്കോർ: ഓസീസ്: 20 ഓവറിൽ 176–5; ശ്രീലങ്ക: 19.5 ഓവറിൽ 177–6. ടോസ്– ഓസീസ്. മത്സരം തോറ്റെങ്കിലും പരമ്പര ഓസീസ് സ്വന്തമാക്കി (2–1).

25 പന്തിൽ 5 ഫോറും 4 സിക്സും അടക്കം പുറത്താകാതെ 54 റൺസെടുത്ത ശാനകയാണു പ്ലെയർ ഓഫ് ദ് മാച്ച്.

8–ാം നമ്പർ ബാറ്ററായി ഇറങ്ങി 10 പന്തിൽ 2 നിർണായക ബൗണ്ടറികളടക്കം 14 റൺസെടുത്ത ചാമിക കരുണരത്നെയുടെ പ്രകടനവും ലങ്കൻ ജയത്തിൽ നിർണായകമായി. കെയ്ൻ വില്യംസന്റെ വൈഡ് ബോളിൽ ലങ്ക വിജയലക്ഷ്യം മറികടന്നതിനു പിന്നാലെ പല്ലെക്കെ രാജ്യാന്തര സ്റ്റേഡിയത്തിലെ ലങ്കൻ ആരാധകരുടെ പിരിമുറുക്കം ആഘോഷത്തിലേക്കു വഴിമാറി.  

ഓസ്ട്രേലിയയ്ക്കായി മാർക്കസ് സ്റ്റോയ്നിസ്, ഹെയ്സൽവുഡ് എന്നിവർ 2 വിക്കറ്റ് വീതവും ആഷ്ടൻ അഗർ, ജേ റിച്ചഡ്സൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്ത, ഡേവിഡ് വാർണർ (33 പന്തിൽ 6 ഫോർ അടക്കം 39), ക്യാപ്റ്റൻ ആരോൺ ഫിഞ്ച് (20 പന്തിൽ 5 ഫോർ അടക്കം 29), സ്റ്റീവ് സ്മിത്ത് (27 പന്തിൽ 2 വീതം ഫോറും സിക്സും അടക്കം 37 നോട്ടൗട്ട്), സ്റ്റോയ്നിസ് (23 പന്തിൽ 3 ഫോറും ഒരു സിക്സും അടക്കം 38) എന്നിവരുടെ ബാറ്റിങ്ങാണ് ഓസീസിനെ മികച്ച സ്കോറിലെത്തിച്ചത്. ലങ്കയ്ക്കായി മഹീഷ് തീക്ഷണ രണ്ടും വാനിന്ദു ഹസരങ്ക, പ്രവീൺ ജയവിക്രമ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 

ആവേശ ജയത്തിനു ശേഷം ഓസീസ് പരമ്പരയിലെ ലങ്കയുടെ ബോളിങ് തന്ത്രജ്ഞൻ ലസിത് മലിംഗ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ, ‘രാജ്യാന്തര ട്വന്റി20യിൽ ഞാൻ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും മികച്ച ഫിനിഷുകളിൽ ഒന്ന്. ദസൂൺ ശാനകയുടെ മാരക പ്രഹരത്തിനും സാക്ഷിയായി. തന്റെ ഇന്നിങ്സ് ഉജ്വലമായാണു ശാനക ടൈം ചെയ്തതത്. ഇതേ പ്രകടനം തുടരുക. ടീം നിങ്ങളെ മാതൃകയാക്കും. ഏകദിന പരമ്പരയിലേക്കുള്ള ആവേശം ലഭിച്ചതിലും സന്തോഷം.’

 

English Summary: Watch: Dasun Shanaka hands Australia a stunning defeat in 'one of the best T20I finishes ever witnessed'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com