ഒന്നോ രണ്ടോ കളികളിൽ തകർത്തടിക്കും, പിന്നെ അനങ്ങില്ല: സഞ്ജുവിനെക്കുറിച്ച് കപിൽ
Mail This Article
ന്യൂഡൽഹി ∙ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലേക്കു സിലക്ടർമാർ പരിഗണിക്കാതിരുന്ന മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ സ്ഥിരതയില്ലാത്ത പ്രകടനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരം കപിൽ ദേവ് രംഗത്ത്. അസ്ഥിരതയാണ് സഞ്ജു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് കപിൽ അഭിപ്രായപ്പെട്ടു. ഒന്നോ രണ്ടോ കളികളിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന സഞ്ജു, തുടർന്നുള്ള കളികളിൽ ഒന്നും ചെയ്യാറില്ലെന്ന് കപിൽ ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ ഇപ്പോഴുള്ള ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ വെറ്ററൻ താരം വൃദ്ധിമാൻ സാഹയാണെങ്കിലും, ബാറ്ററെന്ന നിലയിൽ സഞ്ജു, കാർത്തിക്, ഋഷഭ് പന്ത്, ഇഷാൻ കിഷൻ തുടങ്ങിയവരെല്ലാം സാഹയേക്കാൾ മികച്ചവരാണെന്ന് കപിൽ അഭിപ്രായപ്പെട്ടു.
ഇന്ത്യൻ പ്രിമിയർ ലീഗ് 15–ാം സീസണിൽ രാജസ്ഥാൻ റോയൽസിനെ നയിച്ച സഞ്ജു, ടീമിനെ ഫൈനലിലെത്തിച്ചിരുന്നു. സീസണിലാകെ 458 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം. എന്നിട്ടും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലേക്ക് സഞ്ജുവിനെ തിരഞ്ഞെടുക്കാതിരുന്നത് വിമർശനം ക്ഷണിച്ചു വരുത്തിയിരുന്നു. ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ സഞ്ജുവിനെ ഉൾപ്പെടുത്തണമെന്ന് മുൻ പരിശീലകൻ രവി ശാസ്ത്രി പരസ്യമായി ആവശ്യപ്പെടുകയും ചെയ്തു.
‘‘സഞ്ജു സാംസൺ എന്നെ തീർത്തും നിരാശപ്പെടുത്തി. അദ്ദേഹം പ്രതിഭയുള്ള കളിക്കാരനാണ്. ഒന്നോ രണ്ടോ കളികളിൽ സഞ്ജു തകർത്തടിക്കും. പിന്നീട് യാതൊരു അനക്കവുമുണ്ടാകില്ല. നിലവിൽ ഇന്ത്യൻ ടീമിലുള്ള വിക്കറ്റ് കീപ്പർമാരിൽ ആരെയെടുത്താലും അവസ്ഥ ഇതുതന്നെ. കൂട്ടത്തിൽ ആരാണ് ഏറ്റവും മികച്ച ബാറ്റർ എന്ന ചോദിച്ചാൽ, ഫോമിലെത്തിയാൽ ഇവരെല്ലാം ടീമിനെ വിജയിപ്പിക്കാൻ ശേഷിയുള്ളവരാണ്’ – കപിൽ ചൂണ്ടിക്കാട്ടി.
‘‘വൃദ്ധിമാൻ സാഹയുടെ കാര്യമെടുത്താൽ സഞ്ജു സാംസൺ, ദിനേഷ് കാർത്തിക്, ഋഷഭ് പന്ത്, ഇഷാൻ കിഷൻ എന്നിവരേക്കാൾ മികച്ച വിക്കറ്റ് കീപ്പറാണ് അദ്ദേഹം. പക്ഷേ, ബാറ്റിങ്ങിന്റെ കാര്യത്തിൽ ഈ നാലുപേരും സാഹയേക്കാൾ മികച്ചവരാണ്’ – കപിൽ പറഞ്ഞു.
ട്വന്റി20 ലോകകപ്പിലേക്കു പരിഗണിക്കപ്പെടുന്ന വിക്കറ്റ് കീപ്പർമാരിൽ, സ്ഥിരതയുടെ കാര്യത്തിൽ ഏറ്റവും മികച്ചയാൾ ദിനേഷ് കാർത്തിക് തന്നെയാണെന്ന് കപിൽ ചൂണ്ടിക്കാട്ടി. 2022ലെ ഐപിഎൽ താരലേലത്തിൽ ലഭിച്ച വൻ പ്രതിഫലം സമ്മർദ്ദം കൂട്ടിയതാണ് ഇഷാൻ കിഷന്റെ മോശം പ്രകടത്തിനു കാരണമെന്നും കപിൽ അഭിപ്രായപ്പെട്ടു.
‘‘സ്ഥിരത പരിഗണിച്ചാൽ മറ്റുള്ളവരേക്കാളെല്ലാം മുന്നിൽ ദിനേഷ് കാർത്തിക് തന്നെയാണ്. ഇഷാൻ കിഷനു വിനയായത് സമ്മർദ്ദമാണെന്നാണ് എന്റെ അനുമാനം. ഐപിഎൽ താരലേലത്തിൽ ലഭിച്ച ഉയർന്ന തുകയാകാം കാരണം. എനിക്ക് ഇത്രയും ഉയർന്ന തുക ഒരിക്കലും ലഭിച്ചിട്ടില്ലാത്തതിനാൽ കൃത്യമായി പറയാൻ ബുദ്ധിമുട്ടാണ്’ – കപിൽ പറഞ്ഞു.
‘‘ട്വന്റി20 ടീമിൽ ഇടംപിടിക്കുന്ന കാര്യത്തിൽ ഇപ്പോഴും കാർത്തിക്കിനേക്കാൾ സാധ്യത ഋഷഭ് പന്തിനു തന്നെയാണ്. പക്ഷേ, അങ്ങനെയങ്ങ് അവഗണിച്ചു കളയേണ്ട കളിക്കാരനല്ല താനെന്ന് സിലക്ടർമാരെ ഓർമിപ്പിക്കാൻ കാർത്തിക്കിനു കഴിഞ്ഞത് വലിയ കാര്യമാണ്. ഇനിയും കൂടുതൽ കാലം കളിക്കാൻ കഴിയുന്ന യുവതാരമാണ് പന്ത്. കാർത്തിക് ആകട്ടെ ഏറ്റവും കൂടുതൽ അനുഭവ സമ്പത്തുള്ള വ്യക്തിയും. ധോണിക്കും മുൻപേ കരിയർ തുടങ്ങി ഇപ്പോഴും തുടരുന്ന താരമാണ് കാർത്തിക്’ – കപിൽ പറഞ്ഞു.
English Summary: "He does well in one or two matches and then he does not do anything" - Kapil Dev on Sanju Samson's inconsistent career