ADVERTISEMENT

മുംബൈ ∙2020-21 ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ ഇന്ത്യ നേടിയ ഐതിഹാസിക വിജയം ക്രിക്കറ്റ് ലോകം ആവേശപൂർവമാണ് സ്വീകരിച്ചത്. കോവിഡ് കേസുകൾ ഉയർന്നുനിന്ന സമയമാണ് പരമ്പര നടന്നത്. ടീമംഗങ്ങൾ ഹോട്ടൽ വിടരുതെന്ന് നിർദേശമുണ്ടായിരുന്നു. എന്നാൽ മൂന്നാം ടെസ്റ്റിന് മുൻപ് ചില ഇന്ത്യൻ താരങ്ങൾ ഹോട്ടലിന് പുറത്തുള്ള റസ്റ്ററന്റിൽ നിൽക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. രോഹിത് ശർമ്മ, ഋഷഭ് പന്ത്, ശുഭ്മൻ  ഗിൽ, പൃഥ്വി ഷാ എന്നിവരാണ് റസ്റ്ററന്റിൽ പോയത്. 

സംഭവത്തിൽ ഇന്ത്യൻ ടീമിനെ വിമർശിച്ച് ഓസ്‌ട്രേലിയൻ മുൻ ക്യാപ്റ്റൻ ടിം പെയ്ൻ രംഗത്തെത്തി. 'ഒരു പരമ്പരയെ മൊത്തത്തിൽ അപകടത്തിൽ നിർത്തുന്ന കാര്യമാണ് ഇന്ത്യൻ താരങ്ങൾ ചെയ്തത്. എന്തിന് വേണ്ടി? .കുറച്ചു ഉപ്പേരി കഴിക്കാനോ? അതോ മറ്റെന്തെങ്കിലും? വളരെ സ്വാർത്ഥത നിറഞ്ഞ  പെരുമാറ്റമാണ് ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായത്'- പരമ്പരയിൽ ഓസ്‌ട്രേലിയൻ ടീമിനെ നയിച്ച ടിം പെയിൻ വൂട്ട് സിലക്റ്റിന്റെ ഡോക്യു സീരീസിൽ പറഞ്ഞു. 

പെയിന്റെ പ്രസ്താവനയ്ക്ക് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് ശക്തമായ മറുപടി നൽകി-'അനാവശ്യ വിവാദമുണ്ടാക്കാനാണ് ഓസ്‌ട്രേലിയ ശ്രമിച്ചത്. ആദ്യ ടെസ്റ്റിൽ 36 റൺസിന് പുറത്തായശേഷം ഇന്ത്യ തിരിച്ചുവന്നു. രണ്ടാം ടെസ്റ്റും ഇന്ത്യ തോറ്റിരുന്നെങ്കിൽ ഈ വിവാദം ഉണ്ടാവുകയില്ലായിരുന്നു. ഇന്ത്യയെ തളർത്താൻ ക്വാറന്റീൻ നിയമങ്ങൾ വീണ്ടും നടപ്പാക്കുകയാണ് ഓസ്‌ട്രേലിയ ചെയ്‌തത്‌'-സിറാജ് പറഞ്ഞു.  

അതേസമയം ഇന്ത്യൻ താരങ്ങൾ പുറത്തിറങ്ങി നടന്നത് ഓസ്‌ട്രേലിയൻ താരങ്ങൾക്ക് ഇഷ്ടക്കേട് വരുത്തിയെന്ന് പേസർ പാറ്റ് കമ്മിൻസ്. 'പല കളിക്കാരും ക്രിസ്തുമസ് ആയിട്ടും വീട്ടിൽ പോകാനാവാതെ കുടുംബങ്ങളെ വിട്ടുനിൽക്കുമ്പോൾ മറ്റു ചിലർ നിയമങ്ങൾ പാലിക്കാത്തത് എങ്ങനെ നോക്കിനിൽക്കാനാവും?'-കമ്മിൻസ് ചോദിച്ചു. 

ഇന്ത്യൻ താരങ്ങൾ കോവിഡ് നിയന്ത്രണം തെറ്റിച്ച വാർത്ത വ്യാജമാണെന്ന് പരമ്പരയിൽ ഇന്ത്യയെ നയിച്ച അജിൻക്യ രഹാനെ വ്യക്തമാക്കി. 'ടേക് എവേ ഓർഡർ വാങ്ങാൻ എത്തിയതായിരുന്നു ഇന്ത്യൻ ടീം അംഗങ്ങൾ. കാലാവസ്ഥ മോശമായതിനെ തുടർന്ന് അവർക്ക് പുറത്തുനിൽക്കേണ്ടി വന്നു. അതാണ്  സംഭവിച്ചത്. കോവിഡ് കേസുകൾ കുറവായ സിഡ്‌നിയിൽ പോലും ഇന്ത്യക്കാർ അകത്തുകഴിയണമെന്നാണ് നിർദേശിച്ചത്'-രഹാനെ പറഞ്ഞു.   

English Summary: "4-5 Guys Put Whole Test Series At Risk": Tim Paine On India's 2020-21 Australia Tour

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com