‘ഉറ്റചങ്ങാതി, ഏറ്റവും മികച്ച സ്വന്തമാക്കൽ’; ക്രിസ് ഗെയ്ലിനു ‘പിടികൊടുത്ത്’ വിജയ് മല്യ!
Mail This Article
ലണ്ടൻ∙ സാമ്പത്തിക തട്ടിപ്പു കേസിനു പിന്നാലെ ഇന്ത്യ വിട്ട വിവാദ വ്യവസായി വിജയ് മല്യ സമൂഹ മാധ്യമങ്ങളിൽ വീണ്ടും വൈറൽ. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്‌ലുമൊത്തുള്ള ചിത്രം, തന്റെ ചിത്രം ബുധനാഴ്ച ട്വിറ്ററിലൂടെ പങ്കുവച്ച മല്യ, ചിത്രത്തിനൊപ്പം കുറിച്ചത് ഇങ്ങനെ, ‘എന്റെ പഴയ ഉറ്റചങ്ങാതി ക്രിസ്റ്റഫർ ഹെൻറി ഗെയ്‌ൽ എന്ന യൂണിവേഴ്സ് ബോസിനെ വീണ്ടും കണ്ടുമുട്ടാനായതിൽ അതിയായ സന്തോഷം. ഗെയ്‌ലിനെ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിൽ എടുത്തതിനു ശേഷം ഉറ്റചങ്ങാതിമാരാണു ഞങ്ങൾ. ഒരു താരത്തെ ഏറ്റവും മികച്ച രീതിയിൽ സ്വന്തമാക്കിയത് ഇത്തരത്തിലായിരിക്കും.’
ഐപിഎൽ ഫ്രാഞ്ചൈസി റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മുൻ ഉടമയായിരുന്നു മല്യ. 2011–17 കാലഘട്ടത്തിൽ ബാംഗ്ലൂരിന്റെ പ്രമുഖ താരമായിരുന്നു ഗെയ്ൽ. മല്യയുടെ ട്വീറ്റിനു മണിക്കൂറുകൾക്കകം ലഭിച്ചത് 60,000ൽ അധികം ലൈക്കും 2500ൽ അധികം റീട്വീറ്റിമാണ്. 2011 സീസണിൽ പകരക്കാരനായാണു ബാംഗ്ലൂരിലെത്തിയതെങ്കിലും പിന്നീട് ഉജ്വല ബാറ്റിങ് ഫോമിലൂടെ ലീഗിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളെന്ന പ്രതാപത്തിലേക്കും ഗെയ്ൽ ഉയർന്നിരുന്നു.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽനിന്നു ബാംഗ്ലൂരിലെത്തിയ ഗെയ്‌ൽ പിന്നീടു പഞ്ചാബ് കിങ്സിനായും കളിച്ചിട്ടുണ്ട്. ഇത്തവണ നടന്ന ഐപിഎൽ മെഗാ താരലേലത്തിൽനിന്നു പിന്മാറിയ ഗെയ്‌ൽ അടുത്ത വർഷം ലീഗിലേക്കു മടങ്ങിയെത്താനുള്ള സന്നദ്ധതയും പിന്നീട് അറിയിച്ചിരുന്നു.
ഐപിഎല്ലിൽ 142 മത്സരങ്ങളിൽ 39.72 ശരാശരിയിൽ 4965 റൺസാണു ഗെയ്‌ലിന്റെ നേട്ടം. 148.96 ആണ് സ്ട്രൈക്ക് റേറ്റ്. 6 സെഞ്ചറികളാണു ലീഗിലെ നേട്ടം. പുണെ വോറിയേഴ്സിനെതിരെ 2013 സീസണിൽ ഗെയ്ൽ പുറത്താകാതെ നേടിയ 175 റൺസാണ് ട്വന്റി20 ക്രിക്കറ്റ് ചരിത്രത്തിൽത്തന്നെ ഒരു താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ.
English Summary: "Super Friendship, Best Acquisition": Vijay Mallya's Pic With Chris Gayle