വെൽക്കം ബാക്ക് സഞ്ജു! ആദ്യ ട്വന്റി 20 നാളെ; അയർലൻഡിനെതിരെ സഞ്ജു കളിച്ചേക്കും
Mail This Article
ഡബ്ലിൻ ∙ അയർലൻഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കു നാളെ തുടക്കമാകുമ്പോൾ മലയാളികളുടെ പ്രാർഥനയും പ്രതീക്ഷയുമായി സഞ്ജു സാംസൺ. ഈ വർഷം നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടംനേടാൻ സഞ്ജുവിന് അതീവ നിർണായകമാണ് 2 മത്സരങ്ങൾ അടങ്ങിയ ഈ പരമ്പര. ഐപിഎലിലെ മികച്ച പ്രകടനത്തിന്റെ തിളക്കത്തിലെത്തുന്ന മലയാളി താരത്തിന് നാളത്തെ ഒന്നാം ട്വന്റി20യിൽ അവസരം ലഭിക്കാനാണ് സാധ്യത. നിലവിൽ ഇന്ത്യൻ ജഴ്സിയിൽ 13 ട്വന്റി20 മത്സരങ്ങളാണ് സഞ്ജു കളിച്ചത്.
രോഹിത് ശർമയുടെ നേതൃത്വത്തിൽ ടെസ്റ്റ് ടീം ഇംഗ്ലണ്ടിനെതിരായ മത്സരത്തിനു തയാറെടുക്കുന്നതിനാൽ ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയിൽ രണ്ടാം സംഘത്തെയാണ് ഇന്ത്യ അയർലൻഡിനെതിരായ പരമ്പരയ്ക്ക് അയച്ചത്. എങ്കിലും ട്വന്റി20 ലോകകപ്പിനുള്ള സിലക്ഷൻ ട്രയൽസ് എന്ന നിലയിൽ പരമ്പരയെ അതീവ ഗൗരവത്തോടെയാണു സിലക്ടർമാർ നോക്കിക്കാണുന്നത്. മത്സരം കാണാൻ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നേരിട്ടെത്തുന്നുണ്ട്. അയർലൻഡ് പരമ്പരയ്ക്കുശേഷം നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ട്വന്റി20 മത്സരങ്ങളിലും ഇന്ത്യ ഇതേ ടീമിനെ നിലനിർത്താനാണ് സാധ്യത.
പരുക്കിനുശേഷം മടങ്ങിയെത്തുന്ന മധ്യനിര ബാറ്റർ സൂര്യകുമാർ യാദവാണ് ഈ പരമ്പരയിലെ പ്രധാന ശ്രദ്ധാകേന്ദ്രം. ശ്രേയസ് അയ്യരുടെയും ഋഷഭ് പന്തിന്റെയും അഭാവത്തിൽ സൂര്യകുമാറിന് ടീമിലിടം നേടാൻ വെല്ലുവിളിയില്ല. സഞ്ജുവിന് അവസരം നൽകാൻ ദീപക് ഹൂഡയെ പുറത്തിരുത്തേണ്ടിവരും.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ അഞ്ചാമനായി ബാറ്റിങ്ങിനിറങ്ങിയ ഹാർദിക് അയർലൻഡിനെതിരെയും അതേ പൊസിഷനിൽ തുടർന്നേക്കും. ഐപിഎലിൽ തിളങ്ങാൻ കഴിയാത്ത ഋതുരാജ് ഗെയ്‌ക്‌വാദിനും ഇഷാൻ കിഷനും ഈ പരമ്പര പ്രധാനപ്പെട്ടതാണ്.
English Summary: Twenty 20: India VS Ireland Match