ADVERTISEMENT

ബർമിങ്ങാം ∙ ഋഷഭ് പന്തിന്റെയും രവീന്ദ്ര ജഡേജയുടെയും ബാറ്റിങ് കണ്ട് ബുമ്രയ്ക്കു കൈതരിച്ചു; ദാ കിടക്കുന്നു സ്റ്റുവർട്ട് ബ്രോഡിന്റെ ഓവറിൽ 35 റൺസ്. അതിന്റെ തിളപ്പാറും മുൻപ് ബോളിങ്ങിനിറങ്ങി; ദാ കിടക്കുന്നു 3 വിക്കറ്റുകൾ. ഇതെല്ലാം കണ്ട് ഇന്ത്യൻ ടീമും ആരാധകരും പറഞ്ഞു: ദാ, ഞങ്ങളുടെ ക്യാപ്റ്റൻ!

മഴ രസംകൊല്ലിയായ രണ്ടാം ദിനം ബുമ്ര നിറഞ്ഞാടിയപ്പോൾ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ ഇന്ത്യയ്ക്കു മേൽക്കൈ. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 416നു മറുപടിയായി, രണ്ടാം ദിനം കളി നിർത്തുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 84 റൺസെന്ന അവസ്ഥയിലാണ് ഇംഗ്ലണ്ട്. ഇപ്പോഴും ഇന്ത്യയെക്കാൾ 332 റൺസ് പിന്നിൽ. ജോണി ബെയർസ്റ്റോയും (12) ക്യാപ്റ്റൻ ബെൻ സ്റ്റോക്സുമാണ് ക്രീസിൽ. ബുമ്രയാണ് ഇംഗ്ലണ്ടിന്റെ ആദ്യ 3 വിക്കറ്റുകളും വീഴ്ത്തിയത്. 

ബുമ്രയുടെ ബാറ്റ്

ravindra-jadeja
ഇംഗ്ലണ്ടിനെതിരെ രവീന്ദ്ര ജഡേജയുടെ ബാറ്റിങ് (ചിത്രം– ബിസിസിഐ, ട്വിറ്റർ).

ബുമ്രയുടെ ലോക റെക്കോർഡ് ബാറ്റിങ് പ്രകടനത്തിന്റെ മികവിലാണ് ഇന്ത്യ 400 കടന്നത്. 7ന് 338 എന്ന നിലയിൽ ഇന്നലെ ബാറ്റിങ് തുടങ്ങിയ ഇന്ത്യയുടെ ആദ്യ സന്തോഷം രവീന്ദ്ര ജഡേജയുടെ സെഞ്ചറിയായിരുന്നു. മാത്യു പോട്സ് എറിഞ്ഞ 79–ാം ഓവറിലെ അവസാന പന്ത് ഫോറടിച്ചാണ് ജഡേജ ടെസ്റ്റ് കരിയറിലെ രണ്ടാം സെഞ്ചറി കുറിച്ചത്. ജയിംസ് ആൻഡേഴ്സൻ ഒടുവിൽ ജഡ‍േജയെ (104) ബോൾഡാക്കി മടക്കിയെങ്കിലും ഇന്ത്യ പോരാട്ടം നിർത്തിയില്ല. ബുമ്രയുടെ തകർപ്പനടിയിൽ പിന്നീടുള്ള 15 പന്തിൽ ഇന്ത്യ നേടിയത് 41 റൺസ്. 5 വിക്കറ്റ് വീഴ്ത്തിയ ജയിംസ് ആൻഡേഴ്സനാണ് ഇംഗ്ലിഷ് ബോളർമാരിൽ മികച്ചുനിന്നത്. 

ബുമ്രയുടെ പന്ത്

‘ഒടുക്കത്തെ അടി’യുടെ ഞെട്ടൽ മാറും മുൻപ് ബുമ്ര ബോളിങ്ങിലും ഇംഗ്ലണ്ടിനെ വിറപ്പിച്ചു. ഇംഗ്ലണ്ട് ഇന്നിങ്സിലെ മൂന്നാം ഓവറിൽ അലക്സ് ലീസിനെ (6) ബോൾഡ് ആക്കിയായിരുന്നു തുടക്കം. 5–ാം ഓവറിൽ സാക് ക്രൗളിയെ (6) സ്ലിപ്പിൽ ശുഭ്മാൻ ഗില്ലിന്റെ കയ്യിലെത്തിച്ച് ബുമ്ര ഇംഗ്ലിഷ് ഓപ്പണിങ് ക്ലോസ് ചെയ്തു. തട്ടിമുട്ടി നിന്ന ഒലീ പോപ്പ് (10) ആയിരുന്നു അടുത്ത ഇര. ഓഫ് സൈഡിലൂടെ കൊതിപ്പിച്ചു വന്ന പന്ത് പോപ്പ് രണ്ടാം സ്ലിപ്പിൽ ശ്രേയസ് അയ്യരുടെ കയ്യിലേക്കു നൽകി. ബുമ്രയിൽ നിന്ന് ആവേശമുൾക്കൊണ്ട് ഷമിയും സിറാജും ഉജ്വലമായി പന്തെറിഞ്ഞതോടെ ഇംഗ്ലണ്ട് തീർത്തും പ്രതിരോധത്തിലായി. പിടിച്ചു നിന്ന ജോ റൂട്ടിനെ (31) മടക്കി സിറാജും ജാക്ക് ലീച്ചിനെ (0) വീഴ്ത്തി ഷമിയും ഇംഗ്ലണ്ടിനെ വൻ പ്രതിസന്ധിയിലേക്കു തള്ളിവിട്ടു.

ബുമ്ര Vs ബ്രോഡ്

83–ാം ഓവറിൽ 8 പന്തുകളാണ് ബ്രോ‍ഡ് എറിഞ്ഞത്. ആദ്യ പന്തിൽ ഫൈൻ ലെഗിലൂടെ ബുമ്ര ബൗണ്ടറി നേടി. തലയ്ക്കു മുകളിലൂടെ കുത്തിയുയർന്ന രണ്ടാം പന്ത് വിക്കറ്റ് കീപ്പറെയും മറികടന്ന് ബൗണ്ടറിയിലെത്തി; വഴങ്ങിയത് 5 റൺസ്. സിക്സർ പറത്തിയ അടുത്ത പന്തിൽ അംപയർ നോബോൾ വിളിച്ചതോടെ 7 റൺസ്. അവസാന 5 പന്തിൽ 3 ഫോറും ഒരു സിക്സും അടക്കം 19 റൺസ്. 

∙ ഇംഗ്ലണ്ട് താരം ജോ റൂട്ട് ടെസ്റ്റ് ക്രിക്കറ്റിൽ 10000 റൺസ് തികച്ചു. ഈ നേട്ടത്തിലെത്തുന്ന 14–ാം താരമാണ് റൂട്ട്. അലസ്റ്റയർ കുക്കിനു ശേഷം രണ്ടാമത്തെ ഇംഗ്ലണ്ട് താരവും. ടെസ്റ്റിലെ 223–ാം ഇന്നിങ്സിലാണ് റൂട്ടിന്റെ നേട്ടം. മത്സരത്തിന്റെ ഇടവേളയിൽ വെള്ളി ബാറ്റ് സ്മരണികയായി നൽകി ഇംഗ്ലിഷ് ക്രിക്കറ്റ് ബോർഡ് റൂട്ടിനെ ആദരിച്ചു.

English Summary: England vs India, 5th test, day-2 live updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com