റൂട്ടും (142*), ബെയർസ്റ്റോയും (114*); കസറി, ഇംഗ്ലണ്ടിന് 7 വിക്കറ്റ് ജയം; പരമ്പര (2–2)
Mail This Article
ബർമ്മിങാം∙ അപ്രതീക്ഷിത ട്വിസ്റ്റുകൾ ഒന്നുമുണ്ടായില്ല. 4–ാം ദിവസത്തെ അതിവേഗ റൺചേസിന്റെ വേഗം ജോ റൂട്ടും ജോണി ബെയർസ്റ്റോയും അൽപം അൽപം കൂടി എന്നത് ഒഴിച്ചാൽ. ഇന്ത്യയ്ക്കെതിരായ 5–ാം ടെസ്റ്റിലെ അവസാന ദിനത്തിന്റെ ആദ്യ സെഷനിൽത്തന്നെ ഉജ്വല വിജയം പിടിച്ചെടുത്ത് ഇംഗ്ലണ്ട്. സ്കോർ– ഇന്ത്യ– 416, 245; ഇംഗ്ലണ്ട് 284, 378–3. ടോസ് ഇംഗ്ലണ്ട്. 259–3 എന്ന സ്കോറിൽ 5–ാം ദിവസത്തെ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ട് കൂടുതൽ വിക്കറ്റുകൾ നഷ്ടമാക്കാതെ തന്നെ ലക്ഷ്യത്തിലെത്തി.
സെഞ്ചറി നേടിയ ജോ റൂട്ട് (173 പന്തിൽ 19 ഫോറും ഒരു സിക്സും അടക്കം 142 നോട്ടൗട്ട്), ജോണി ബെയർസ്റ്റോ (114 പന്തിൽ 15 ഫോറും ഒരു സിക്സും അടക്കം 114 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിങ്ങാണ് ജയം അനായാസമാക്കിയത്. ഇതോടെ 5 മത്സര പരമ്പര സമനിലയിൽ അവസാനിച്ചു (2–2). 66–ാമത്തെ ഓവറിലെ ആദ്യ പന്തിൽ മുഹമ്മദ് സിറാജിനെ ബൗണ്ടറിയടിച്ചാണു ജോ റൂട്ട് ടെസ്റ്റ് കരിയറിലെ 28–ാം സെഞ്ചറിയിലെത്തിയത്.
109 റൺസിനു 3 വിക്കറ്റുകൾ വീണതോടെ ഒന്നിച്ച റൂട്ട്– ബെയർസ്റ്റോ സഖ്യം 4–ാം വിക്കറ്റിൽ 316 പന്തിൽ ചേർത്ത 269 റൺസാണ് ഇന്ത്യയുടെ സകല കണക്കുകൂട്ടലും തെറ്റിച്ചത്. ഇംഗ്ലണ്ട് പിന്തുടർന്നു നേടുന്ന ഏറ്റവും ഉയർന്ന ടോട്ടലാണിത്.
ജസ്പ്രീത് ബുമ്ര അടക്കമുള്ള ഇന്ത്യയുടെ എല്ലാ ബോളർമാരും 5–ാം ദിനം റൂട്ടിന്റെയും ബെയർസ്റ്റോയുടെയും കനത്ത പ്രഹരം ഏറ്റുവാങ്ങി. സെഞ്ചറിക്കു പിന്നാലെ റൂട്ട് തുടർച്ചയായി ബൗണ്ടറികൾ നേടുന്നതിനിടെ ബെയർസ്റ്റോയും മത്സരത്തിലെ 2–ാം സെഞ്ചറി തികച്ചു. രവീന്ദ്ര ജഡേജയ്ക്കെതിരെ സിംഗിളെടുത്ത് 78–ാം ഓവറിൽ റൂട്ട് തന്നെയാണ് ഇംഗ്ലണ്ടിനെ ജയത്തിലെത്തിച്ചത്. 80 ഓവറിലധികം ബാക്കിനിൽക്കെയാണ് ഇംഗ്ലണ്ടിന്റെ ജയം.
2007നു ശേഷം ഇംഗ്ലണ്ട് മണ്ണിൽ ടെസ്റ്റ് പരമ്പര നേടാനുള്ള സുവർണാവസരമാണ് ഇന്ത്യ കൈവിട്ടു കളഞ്ഞത്. 2 ഇന്നിങ്സിലും സെഞ്ചറി നേടിയ ജോണി ബെയർസ്റ്റോയാണു പ്ലെയർ ഓഫ് ദ് മാച്ച്. പരമ്പരയിൽ 23 വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്ര (ഇന്ത്യ), 737 റൺസെടുത്ത ജോ റൂട്ട് (ഇംഗ്ലണ്ട്) എന്നിവരാണു പരമ്പരയുടെ താരങ്ങൾ.
English Summary: England vs India Edgebaston test, day 5 live updates