ജോണിയെ ചാരി കോലിയെ ട്രോളി ഇംഗ്ലണ്ട്; ‘ട്വന്റി20യിൽ പകരം വീട്ടും’: തിരിച്ചടിച്ച് ഇന്ത്യൻ ആരാധകർ
Mail This Article
ബർമ്മിങാം∙ എജ്ബാസ്റ്റൻ ടെസ്റ്റിലെ ചരിത്ര ജയത്തിനു പിന്നാലെ 2 ചിത്രങ്ങളും ഒരൊറ്റ ഇമോജിയും മാത്രം ഉപയോഗിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെ ട്രോളി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് (ഇസിബി). ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ നടപടി മര്യാദ കെട്ടതെന്ന് ആരോപിച്ച് ഇന്ത്യൻ ആരാധകരും തിരിച്ചടിച്ചതോടെ ട്വിറ്ററിൽ വാക്ക്പോരു രൂക്ഷം. 5–ാം ടെസ്റ്റിലെ ജയത്തോടെ ഇംഗ്ലണ്ട് പരമ്പര സമനിലയിൽ (2–2) ആക്കിയതിനു പിന്നാലെയായിരുന്നു
കോലിക്കെതിരെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽനിന്നുതന്നെ ട്രോൾ എത്തിയത്. ടെസ്റ്റിന്റെ 3–ാം ദിവസം ഇന്ത്യയ്ക്കു വ്യക്തമായ മേൽക്കൈ ഉണ്ടായിരുന്നപ്പോള്‍ ജോണി ബെയർസ്റ്റോയോടു നാവടക്കാൻ ആവശ്യപ്പെടുന്ന കോലിയുടെ ചിത്രവും, 5–ാം ദിവസത്തെ ആദ്യ സെഷനിൽ ഇംഗ്ലണ്ട് ജയത്തിനു ശേഷം നിരാശയോടെ ബെയർസ്റ്റോയെ ആശ്ലേഷിക്കുന്ന കോലിയുടെ ചിത്രവും ചേർത്തു വച്ച ഇസിബി ‘ഞങ്ങളൊന്നും പറഞ്ഞിട്ടില്ല’ എന്ന് അർഥം വരുന്ന ഇമോജിക്കൊപ്പം ട്വിറ്ററിൽ പോസ്റ്റു ചെയ്തു!
എന്നാൽ ക്രിക്കറ്റ് ബോർഡിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽനിന്നുതന്നെ ഒരു താരത്തെ വ്യക്തിപരമായി പരിഹസിക്കുന്ന തരത്തിലുള്ള സന്ദേശം എത്തിയത് ഇന്ത്യൻ ആരാധകരെ പ്രകോപിതരാക്കി. ട്വീറ്റിൽ കടുത്ത അതൃപ്തിയാണ് ഭൂരിഭാഗം ഇന്ത്യൻ ആരാധകരും രേഖപ്പെടുത്തുന്നത്.
കോലിയെ കളിയാക്കിയതിനുള്ള മറുപടി ലിമിറ്റഡ് ഓവർ പരമ്പരകളിൽ ഉറപ്പായും ഇന്ത്യ പലിശയും ചേർത്തു നൽകുമെന്ന് അഭിപ്രായപ്പെട്ടവരും ഒട്ടേറെ. ഇംഗ്ലണ്ടിനെതിരെ 3 മത്സരങ്ങൾ വീതം അടങ്ങുന്ന ട്വന്റി20– ഏകദിന പരമ്പരകളാണ് ഇന്ത്യയ്ക്ക് ഇനി ബാക്കിയുള്ളത്.
മത്സരത്തിനിടെ 2 തവണയാണു വിരാട് കോലിയും ബെയർസ്റ്റോയും വാക്ക്പോരിൽ ഏർപ്പെട്ടത്. 2–ാം ദിവസത്തെ അവസാന സെഷനിലും, 3–ാം ദിവസത്തെ ആദ്യ സെഷനിലും. ഈ 2 ഘട്ടങ്ങളിലും ഇന്ത്യയ്ക്കായിരുന്നു വ്യക്തമായ മേൽക്കൈ.
എന്നാൽ കോലിയുടെ പ്രകോപനത്തിനു പിന്നാലെ സെഞ്ചറി നേടിയ ബെയർസ്റ്റോയാണ് ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ കൂട്ട തകർച്ചയിൽനിന്നു കരകയറ്റിയത്. പിന്നാലെ 2–ാം ഇന്നിങ്സിലും സെഞ്ചറി നേടിയ ബെയർസ്റ്റോ തന്നെയാണു കളിയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടത്.
English Summary: ECB's ‘ridiculous’ emoji tweet on Virat Kohli infuriates fans, draws wrath on Twitter after England beat India