ടെസ്റ്റ് റാങ്കിങ്; ഋഷഭ് പന്ത് 5–ാം സ്ഥാനത്ത്, വൻ മുന്നേറ്റം, കോലി ആദ്യ 10നും പുറത്ത്!
Mail This Article
ദുബായ്∙ എജ്ബാസ്റ്റൻ ടെസ്റ്റിൽ ബാറ്റിങ്ങിൽ നിരാശപ്പെടുത്തിയതിനു പിന്നാലെ മുൻ ഇന്ത്യൻ നായകൻ വിരാട് കോലിക്ക് ഐസിസി ബാറ്റിങ് റാങ്കിങ്ങിലും തിരിച്ചടി. നേരത്തെ ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിങ്ങിൽ 9–ാം സ്ഥാനത്തായിരുന്ന കോലി 4 സ്ഥാനങ്ങൾ നഷ്ടമാക്കി 13–ാം സ്ഥാനത്തേക്കിറങ്ങി.
എജ്ബാസ്റ്റൻ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 11 റൺസെടുത്ത കോലി 2–ാം ഇന്നിങ്സിൽ 20 റൺസിനാണു പുറത്തായത്. അതേ സമയം ആദ്യ ഇന്നിങ്സിൽ 111 പന്തിൽ 146 റൺസും 2–ാം ഇന്നിങ്സിൽ 57 റൺസുമെടുത്ത വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് 6 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 5–ാം റാങ്കിലെത്തി.പന്തിന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച റാങ്കാണിത്.
കഴിഞ്ഞ 6 ടെസ്റ്റ് ഇന്നിങ്സുകളിൽ 2 സെഞ്ചറിയും 3 അർധ സെഞ്ചറിയും നേടാനായതാണു പന്തിനെ തുണച്ചത്. എജ്ബാസ്റ്റൻ ടെസ്റ്റിലും സെഞ്ചറി നേടിയ ജോ റൂട്ട് തന്നെയാണു റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തു തുടരുന്നത്. 923 റേറ്റിങ് പോയിന്റുള്ള റൂട്ട്,
ഐസിസിയുടെ റാങ്കിങ് ചരിത്രത്തിൽ ഏറ്റവും ഉയർന്ന പോയിന്റുകൾ നേടിയ 20 ബാറ്റർമാരുടെ എലീറ്റ് പട്ടികയിലും ഇടംപിടിച്ചു. മാർന്നസ് ലബുഷെയ്ൻ, ബാബർ അസം, സ്റ്റീവ് സ്മിത്ത് എന്നിവരാണ് യഥാക്രമം 2,3,4 സ്ഥാനങ്ങളിൽ.
കെയ്ൻ വില്യംസൻ 6–ാമതുണ്ട്. രോഹിത് ശർമ ഒരു സ്ഥാനം നഷ്ടമാക്കി 9–ാം സ്ഥാനത്തേക്കിറങ്ങിയപ്പോൾ 11 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ജോണി ബെയർസ്റ്റോ 10–ാമതെത്തി.
English Summary: ICC Test Rankings: Virat Kohli drops out of top-10 after Edgbaston failure, Rishabh Pant storms to No.5