ഭുവനേശ്വറിന്റെ ഇൻസ്വിങ്ങർ പിടികിട്ടാതെ ബട്ലർ; ഗോൾഡൻ ഡക്കായി പുറത്ത്– വിഡിയോ
Mail This Article
സതാംപ്ടൻ∙ ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി20യിൽ തകർപ്പൻ ബോളിങ്ങിലൂടെ ഇംഗ്ലിഷ് ക്യാപ്റ്റൻ ജോസ് ബട്‍ലറുടെ വിക്കറ്റ് പിഴുത് പേസർ ഭുവനേശ്വർ കുമാർ. ഇന്ത്യ ഉയർത്തിയ 199 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് അപ്രതീക്ഷിത തിരിച്ചടിയായിരുന്നു ഗംഭീര ഫോമിലുള്ള ബട്‌ലറുടെ മടക്കം. ആദ്യ ഓവറിലെ അഞ്ചാം പന്തിലാണ് ഭുവനേശ്വർ കുമാറിന്റെ ഇൻസ്വിങ്ങർ ബട്‍ലറുടെ വിക്കറ്റ് തെറിപ്പിച്ചത്. പന്ത് ഫ്ലിക് ചെയ്യാൻ നോക്കിയ ബട്‍ലറിനു പിഴച്ചു. താരത്തിന്റെ പാഡിൽ ഉരസിയ പന്ത് വിക്കറ്റുമായി പറന്നു. ഗോൾഡൻ ഡക്കായി ക്യാപ്റ്റൻ ബട്‍ലര്‍ മടങ്ങിയത് ഇംഗ്ലണ്ട് ആരാധകർക്കും ഞെട്ടലായി.
ജോസ് ബട്‍ലറുടെ പുറത്താകലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മത്സരത്തിൽ മൂന്ന് ഓവറുകൾ മാത്രമെറിഞ്ഞ ഭുവനേശ്വർ പത്ത് റൺസാണു വിട്ടുകൊടുത്തത്. 11 ഡോട്ട് ബോളുകള്‍. വഴങ്ങിയത് ഒരേയൊരു ഫോർ. ബാറ്റിങ്ങിൽ മുന്‍നിര പതറിയത് മത്സരത്തിൽ ഇംഗ്ലണ്ടിന് തിരിച്ചടിയായി. ഓപ്പണര്‍ ജേസണ്‍ റോയി (16 പന്തിൽ നാല്), ഡേവിഡ് മാലൻ (14 പന്തിൽ 21), ലിയാം ലിവിങ്സ്റ്റൻ (മൂന്ന് പന്തിൽ പൂജ്യം) എന്നിങ്ങനെയാണ് ഇംഗ്ലണ്ട് ബാറ്റിങ്ങിലെ തുടക്കക്കാരുടെ പ്രകടനങ്ങൾ.
19.3 ഓവറിൽ 148 റൺസിന് ഇംഗ്ലണ്ട് ഓൾ ഔട്ടായി. 20 പന്തിൽ 36 റൺസെടുത്ത മൊയീൻ അലിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ആദ്യ ട്വന്റി20യിൽ ഇന്ത്യ നേടിയത് 50 റൺസിന്റെ വിജയം. ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങിയ ഹാർദിക് പാണ്ഡ്യയുടെ പ്രകടനമാണ് ഇന്ത്യയ്ക്കു കരുത്തായത്. 33 പന്തുകൾ നേരിട്ട പാണ്ഡ്യ 51 റണ്‍സെടുത്തു. നാല് ഓവറുകള്‍ പന്തെറിഞ്ഞ് നാലു വിക്കറ്റുകളും വീഴ്ത്തി.
English Summary: Bhuvneshwar Kumar's Deadly Inswinger To Dismiss Jos Buttler In 1st T20I vs England