ബട്ലറെ വീഴ്ത്തിയ നടുവിരൽ മാജിക്, 3.1 ഡിഗ്രി സ്വിങ്; ‘ഭുവി, വാട്ട് എ ബ്യൂട്ടി!’
Mail This Article
ഇംഗ്ലണ്ടിനെതിരെ ആദ്യ ട്വന്റി20യിൽ പ്ലെയർ ഓഫ് ദ് മാച്ച് ആയത് ഹാർദിക് പാണ്ഡ്യയായിരിക്കാം. പക്ഷേ, ഉറങ്ങാതെ കളി കണ്ട ആരാധകരിൽ പലരും ആഘോഷിക്കുന്നത് മറ്റൊരു മുഹൂർത്തമാണ്. സമീപകാല ക്രിക്കറ്റിൽ കണ്ട ഏറ്റവും സുന്ദരമായ ഇൻസ്വിങ്ങറിൽ ജോസ് ബട്‍ലർ എന്ന വൻമരം കടപുഴകി വീണ നിമിഷം! വൈറ്റ്ബോൾ ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്റെ ‘ഫുൾ ടൈം’ ക്യാപ്റ്റനായി ചുമതലയേറ്റ ആദ്യ മത്സരത്തിൽ, നേരിട്ട ആദ്യ പന്തിൽത്തന്നെ ബട്‌ലർ ഭുവനേശ്വർ കുമാറിനു മുന്നിൽ സാഷ്ടാംഗം കീഴടങ്ങി. ഓഫ് സ്റ്റംപിനു പുറത്തുനിന്ന് ലെഗ് സ്റ്റംപിനു നേരെ ഊഞ്ഞാലാടിയെത്തിയ പന്ത് വിക്കറ്റ് പിഴുതെടുത്തപ്പോൾ എല്ലാവരും ഒന്നടങ്കം പറഞ്ഞു: ‘ഭുവി, വാട്ട് എ ബ്യൂട്ടി!’
3.1 ഡിഗ്രി സ്വിങ്
ട്വന്റി20 സ്പെഷലിസ്റ്റ് ബാറ്റർമാർ നിറഞ്ഞ ഇംഗ്ലണ്ടിനെ നിലയ്ക്കു നിർത്തിയത് ഭുവിയുടെയും അരങ്ങേറ്റക്കാരനായ ഇടംകൈ സീമർ അർഷ്ദീപ് സിങ്ങിന്റെയും ‘സ്വിങ് മാസ്റ്റർ ക്ലാസ്’ ആണ്. വെടിക്കെട്ടു വീരൻമാരായ ബട്‌ലറെയും ജയ്സൺ റോയിയെയും വെള്ളം കുടിപ്പിച്ച ഓപ്പണിങ് സ്പെല്ലിൽ ഇവർ കണ്ടെത്തിയ ശരാശരി സ്വിങ് 3.1 ഡിഗ്രിയാണ്. രാജ്യാന്തര ട്വന്റി20യുടെ ചരിത്രത്തിൽ ആദ്യ 2 ഓവറിൽ ലഭിച്ച ഏറ്റവും കൂടിയ ശരാശരി സ്വിങ് ആണിതെന്നു വിദഗ്ധർ പറയുന്നു. തന്റെ ആദ്യത്തെ 2 ഓവറിൽ 2.2 ഡിഗ്രി സ്വിങ് കണ്ടെത്തിയ ഭുവി പിന്നീടും ഇംഗ്ലിഷ് ബാറ്റർമാർക്കു തലവേദനയായി.
നടുവിരൽ മാജിക്
ജയ്സൻ റോയ്ക്കെതിരെ തുടരെ ഔട്ട്സ്വിങ്ങറുകൾ എറിഞ്ഞ ഭുവി, ബട്‍ലർ ക്രീസിൽ എത്തിയപ്പോൾ ആദ്യ പന്തിൽത്തന്നെ മാജിക് പുറത്തെടുത്തു. അഞ്ചാം പന്തും പുറത്തേക്കു പോകുമെന്നു പ്രതീക്ഷിച്ച് ലെഗ് സ്റ്റംപ് ഗാർഡിൽ നിന്ന ബട്‍ലറെ വിസ്മയിപ്പിച്ച് അകത്തേക്കൊരു വെട്ടിത്തിരിയൽ. ക്രീസിൽ ബാലൻസ് തെറ്റിയ ബട്‌ലർ ബാറ്റു കൊണ്ട് അവസാന പ്രതിരോധത്തിനു തുനിഞ്ഞെങ്കിലും പന്ത് ലെഗ് സ്റ്റംപ് ലക്ഷ്യമാക്കിയുള്ള യാത്രയിലായിരുന്നു.
ഇരകളിൽ എബിയും
2021ൽ അഹമ്മദാബാദിൽ നടന്ന ട്വന്റി20യിലും ഏറെക്കുറെ സമാനമായ ഇൻസ്വിങ്ങറിലൂടെ ഭുവി ആദ്യ പന്തിൽ ബട്‌ലറെ വിക്കറ്റിനു മുന്നിൽ കുടുക്കി പുറത്താക്കിയിരുന്നു. 2018ലെ ജൊഹാനസ്ബർഗ് ടെസ്റ്റിൽ എബി ഡിവില്ലിയേഴ്സായിരുന്നു ഇര. സതാംപ്ടനിൽ ബട്‌ലർ ക്രീസിൽനിന്നു കളിക്കാനാണു ശ്രമിച്ചതെങ്കിൽ ഡിവില്ലിയേഴ്സ് മുന്നോട്ടു കയറി ഭുവിയെ ആക്രമിക്കാനുള്ള ഒരുക്കത്തിലായിരുന്നു. സംഗതി ഇൻസ്വിങ്ങറാണെന്നു തിരിച്ചറിഞ്ഞതോടെ അപകടം മണത്ത ‘എബിഡി’ക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുൻപ് മിഡിൽ സ്റ്റംപ് വീണിരുന്നു.
ഭുവനേശ്വർ Vs ബട്‌ലർ
രാജ്യാന്തര ട്വന്റി20യിൽ ബട്‌ലർ–ഭുവി പോരാട്ടം ഇങ്ങനെ
∙പന്തുകൾ–30
∙റൺസ്–28
∙ ഔട്ട്– 4
∙ ഡോട്ട്ബോൾ–16
∙ സ്ട്രൈക്ക് റേറ്റ്– 93.33
English Summary: Bhuvneshwar's stunning inswinger to bowl Jos Buttler