‘തകര്‍പ്പൻ ഫോമിലുള്ള ദീപക് ഹൂഡ എവിടെ? അദ്ദേഹം ടീമിലുണ്ടാകണമായിരുന്നു’
Mail This Article
മുംബൈ∙ മികച്ച ഫോമിലുള്ള ദീപക് ഹൂഡയെ വെസ്റ്റിൻഡീസിനെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ കളിപ്പിക്കാതിരുന്നതിനെതിരെ മുൻ ഇന്ത്യൻ താരവും സിലക്ഷൻ കമ്മിറ്റി മുൻ ചെയർമാനുമായ ക്രിഷ്ണമാചാരി ശ്രീകാന്ത്. വിൻഡീസിനെതിരെ ഏകദിന പരമ്പരയിൽ തിളങ്ങിയ ശ്രേയസ് അയ്യരെയാണ് ഇന്ത്യ മൂന്നാം നമ്പരിൽ കളിക്കാനിറക്കിയത്. ദീപക് ഹൂഡയ്ക്കും മലയാളി താരം സഞ്ജു സാംസണും ടീമിൽ ഇടം ലഭിച്ചില്ല.
‘ദീപക് ഹൂഡ എവിടെയാണ്? അദ്ദേഹം ട്വന്റി20യിൽ നന്നായി കളിക്കുന്നുണ്ട്. ഏകദിനത്തിലും മികച്ച പ്രകടനം പുറത്തെടുത്തു. ഹൂഡ ടീമിലുണ്ടാകേണ്ട ആളായിരുന്നു. ട്വന്റി20യിൽ നമുക്ക് ഓൾറൗണ്ടർമാരെ ആവശ്യമുണ്ടെന്നു മനസ്സിലാക്കണം. ബാറ്റിങ് ഓൾറൗണ്ടർമാരും ബോളിങ് ഓൾറൗണ്ടർമാരും ഇന്ത്യൻ ക്രിക്കറ്റ് ടീമിലുള്ളത് നല്ലതാണ്– ശ്രീകാന്ത് ഫാൻ കോഡിനോടു പറഞ്ഞു.
കഴിഞ്ഞ മാസം അയർലൻഡിനെതിരെ നടന്ന ട്വന്റി20 മത്സരത്തിൽ ഹൂഡ കരിയറിലെ ആദ്യ സെഞ്ചറി സ്വന്തമാക്കിയിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലെ തകർപ്പൻ ഫോമിനെത്തുടർന്നാണ് ഹൂഡ ദേശീയ ടീമിലെത്തിയത്. ട്വന്റി20യിൽ ആറു മത്സരങ്ങൾ പൂർത്തിയാക്കിയ താരം 205 റൺസ് ആകെ നേടിയിട്ടുണ്ട്. വിൻഡീസിനെതിരായ ആദ്യ ട്വന്റി20യിൽ ശ്രേയസ് റണ്ണൊന്നുമെടുക്കാതെ പുറത്തായിരുന്നു. മത്സരം ഇന്ത്യ 68 റൺസിനു ജയിച്ചു.
English Summary: ‘Where is Deepak Hooda? – Kris Srikkanth slams India’s selection for first T20I match against West Indies