ADVERTISEMENT

സെന്റ് കിറ്റ്സ്∙ വെസ്റ്റിൻ‍ഡീസിനെതിരായ രണ്ടാം ട്വന്റി20യിൽ ഇന്ത്യൻ തോൽവിയിൽ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും വിമർശനം. ബോളിങ്ങിൽ രോഹിത് ശർമ കൊണ്ടുവന്ന പരീക്ഷണങ്ങൾ ഫലം കണ്ടില്ലെന്നാണു ആരാധകരുടെ പ്രതികരണങ്ങൾ. അവസാന ഓവറിൽ രോഹിതിന്റെ തെറ്റായ തീരുമാനം ഇന്ത്യയെ തോൽവിയിലേക്കു തള്ളിയിട്ടെന്നാണു വാദം.

വിൻ‍ഡീസ് ബാറ്റിങ്ങിൽ അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്നത് 10 റൺസായിരുന്നു. സീനിയർ പേസർ ഭുവനേശ്വർ കുമാറിനു പകരം പന്തെറിയാൻ രോഹിത് ശർമ കൊണ്ടുവന്നത് പുതുമുഖമായ ആവേശ് ഖാനെയായിരുന്നു. ആദ്യ പന്തിൽ തന്നെ നോ ബോൾ വഴങ്ങിയ ആവേശ് ഖാൻ വിന്‍ഡീസിനു നിർണായക അവസരത്തിൽ ഫ്രീഹിറ്റും നേടിക്കൊടുത്തു. ഡെവോൺ തോമസ് ആ പന്ത് നിലം തൊടീക്കാതെ ബൗണ്ടറി കടത്തുകയും ചെയ്തു.

തൊട്ടടുത്ത പന്തും ബൗണ്ടറിയാക്കി ഡെവോൺ തോമസ് വിൻഡീസിനായി അഞ്ച് വിക്കറ്റ് ജയവും സ്വന്തമാക്കി. മത്സരം അവസാനിക്കുമ്പോൾ ഭുവനേശ്വറിന് രണ്ട് ഓവറുകൾ ബാക്കിയുണ്ടായിരുന്നു. മത്സരത്തിൽ രണ്ട് ഓവറുകൾ മാത്രമെറിഞ്ഞ ഭുവനേശ്വർ കുമാർ 12 റൺസാണു വിട്ടുകൊടുത്തത്. അതേസമയം ആവേശ് ഖാൻ രണ്ട് ഓവറും രണ്ട് പന്തുകളും എറിഞ്ഞ് വിട്ടുകൊടുത്തത് 31 റൺസ്.

എന്തുകൊണ്ട് ആവേശ് ഖാനെ അവസാന ഓവർ എറിയാൻ ഏൽപിച്ചെന്ന കാര്യത്തിൽ വിശദീകരണവുമായി മത്സരത്തിനു പിന്നാലെ രോഹിത് ശര്‍മ രംഗത്തെത്തി. ‘‘ ട്വന്റി20 ലോകകപ്പ് അടുക്കുകയാണ്. അതിനു മുന്നോടിയായി ഇന്ത്യൻ ബോളിങ്ങിന്റെ കരുത്തു പരിശോധിക്കേണ്ടതുണ്ട്. അതിനാണ് ആവേശ് ഖാനെ അവസാന ഓവർ ഏൽപിച്ചത്. ഭുവനേശ്വർ കുമാറിനൊപ്പം മറ്റുള്ളവർക്കും അവസരം നൽകാനാണു ശ്രമിച്ചത്. അവസാന ഓവറുകൾ ഭയമില്ലാതെ എറിയാൻ എല്ലാവരെയും പ്രാപ്തരാക്കണം’’– രോഹിത് ശർമ വ്യക്തമാക്കി.

രണ്ടാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ ആതിഥേയർ 5 വിക്കറ്റ് വിജയമാണു സ്വന്തമാക്കിയത്. ഇന്ത്യ 19.4 ഓവറിൽ 138നു പുറത്തായപ്പോൾ വെസ്റ്റിൻഡീസ് 19.2 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യത്തിലെത്തി.

English Summary: Rohit reveals huge reason behind picking Avesh Khan over Bhuvneshwar in final over of 2nd T20

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com