എന്തൊരു ക്യാച്ച്! ബൗണ്ടറി ലൈനിൽ ചാടി ഒറ്റക്കൈകൊണ്ട് പിടിച്ചെടുത്ത് ഹെറ്റ്മിയർ– വിഡിയോ
Mail This Article
കിങ്സ്റ്റൻ∙ ന്യൂസീലൻഡിനെതിരായ ആദ്യ ട്വന്റി20യിൽ തകർപ്പൻ ഫീൽഡിങ്ങുമായി വെസ്റ്റിൻഡീസിന്റെ ഷിമ്റോൺ ഹെറ്റ്മിയർ. കിവീസ് ഓപ്പണര്‍ മാർട്ടിൻ ഗപ്ടിലിനെ പുറത്താക്കാൻ ബൗണ്ടറി ലൈനിൽ ഹെറ്റ്മിയർ എടുത്ത ക്യാച്ച് സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡിനു മികച്ച തുടക്കമാണ് ഓപ്പണർമാർ നല്‍കിയത്. ഡെവോൺ കോൺവെയും ഗപ്ടിലും ചേർന്ന് 62 റൺസാണ് ഒന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്.
ഒഡീൻ സ്മിത്ത് എറിഞ്ഞ എട്ടാം ഓവറിലെ മൂന്നാം പന്തിലായിരുന്നു ബൗണ്ടറി ലൈൻ ക്യാച്ചിലൂടെ ഹെറ്റ്മിയർ ഗപ്ടിലിനെ പുറത്താക്കിയത്. സ്മിത്തിന്റെ ഷോട്ട് ബോൾ ഡീപ് കവറിനും തേര്‍ഡ് മാൻ ഏരിയയ്ക്കും ഇടയിൽ സിക്സ് അടിക്കാനായിരുന്നു ഗപ്ടിലിന്റെ ശ്രമം. സിക്സ് എന്നു തോന്നിച്ച പന്ത് ബൗണ്ടറി ലൈനിൽ ചാടി ഒറ്റക്കൈ കൊണ്ട് പിടിച്ചെടുത്ത് ഹെറ്റ്മിയറാണു രക്ഷിച്ചെടുത്തത്. ഇതോടെ 17 പന്തിൽ 16 റൺസെടുത്ത് മാർട്ടിന്‍ ഗപ്ടിൽ പുറത്തായി.
ഫീൽഡിങ്ങിൽ തിളങ്ങിയെങ്കിലും ബാറ്റിങ്ങിൽ ഹെറ്റ്മിയർ പരാജയപ്പെട്ടു. മൂന്ന് പന്തുകൾ മാത്രം നേരിട്ട താരത്തിന് രണ്ട് റൺസെടുക്കാനേ സാധിച്ചുള്ളൂ. ആദ്യം ബാറ്റു ചെയ്ത ന്യൂസീലന്‍ഡ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 185 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ വെസ്റ്റിൻഡീസിന് നേടാനായത് 172 റൺസ് മാത്രം. ന്യൂസീലന്‍ഡിന് 13 റൺസ് വിജയം.
English Summary: Shimron Hetmyer plucks one-handed screamer to send back Martin Guptill