ADVERTISEMENT

ഹരാരെ∙ സിംബാബ്‌വെയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ  രാജ്യാന്തര ക്രിക്കറ്റിലെ കന്നി സെഞ്ചറി നേടിയ ഇന്ത്യൻ താരം ശുഭ്മൻ ഗിൽ തിരുത്തിയത് ഇതിഹാസതാരം സച്ചിൻ തെൻഡുൽക്കറുടെ 24 വർഷം പഴക്കമുള്ള റെക്കോർഡ്. സിംബാബ്‌വെ മണ്ണിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഉയർന്ന സ്‌കോർ ഇനി ശുഭ്മൻ ഗില്ലിന്റെ പേരിൽ. 97 പന്തിൽ 130 റൺസെടുത്ത ഗിൽ 1998ൽ ബുലവായോയിൽ പുറത്താകാതെ സച്ചിൻ നേടിയ 127 റൺസ് എന്ന റെക്കോർഡാണ് തിരുത്തിയത്. സിംബാബ്‌വെയ്ക്കെതിരെ ഏകദിനത്തിൽ സെഞ്ചറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഇന്ത്യൻ താരം എന്ന റെക്കോർഡും ഗിൽ സ്വന്തം പേരിൽ എഴുതി. മുഹമ്മദ് കൈഫാണ് ഗില്ലിനു മുൻപിലുള്ള ഏക ഇന്ത്യൻ താരം. 

ശുഭ്മൻ ഗില്ലാണ് പ്ലെയർ ഓഫ് ദ് മാച്ചും പരമ്പരയുടെ താരവും. പാക്ക് വംശജനായ സിക്കന്ദർ റാസയുടെ (115) ഉജ്വല സെഞ്ചറിയിൽ സിംബാബ്‌വെ പൊരുതിയെങ്കിലും വിജയത്തിനരികെ വീഴുകയായിരുന്നു. 95 പന്തിൽ 9 ഫോറും 3 സിക്സും ഉൾപ്പെടുന്നതാണ് റാസയുടെ ഇന്നിങ്സ്. കഴിഞ്ഞ 6 ഏകദിനങ്ങളിൽ റാസയുടെ 3–ാം സെഞ്ചറിയാണിത്. എന്നാൽ ഷാർദൂൽ ഠാക്കൂർ എറിഞ്ഞ 49–ാം ഓവറിൽ റാസയെ ലോങ്ഓൺ ബൗണ്ടറിക്കരികെ മുന്നോട്ടു ചാടി ഗിൽ കയ്യിലൊതുക്കിയതോടെ സിംബാബ്‍വെയുടെ പോരാട്ടം തീർന്നു. 

ഗില്ലിന്റെ തകർപ്പൻ ക്യാച്ച് തന്നെയാണ് അവസാന ഓവറിൽ വിജയിച്ചു കയറാമെന്ന സിംബാബ്‌വെയുടെ സ്വ്‌പനത്തിന് തടയിട്ടത്. ആ ക്യാച്ച് കൈവിട്ടിരുന്നില്ലെങ്കിൽ ഒരു പക്ഷേ സിംബാബ്‍വെ ഹരാരെയിൽ വിജയം കുറിക്കുമായിരുന്നുവെന്നും ഗില്ലിന്റെ തകർപ്പൻ ക്യാച്ച് വിജയത്തിൽ നിർണായകമായെന്നും ആരാധകർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

മൂന്നാം ഏകദിനം 13 റൺസിനു ജയിച്ച ഇന്ത്യ പരമ്പര 3–0നു സ്വന്തമാക്കി. സ്കോർ: ഇന്ത്യ– 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 289 റൺസ്. സിംബാബ്‌വെ– 49.3 ഓവറിൽ 276നു പുറത്ത്. യുഎഇയിൽ ഏഷ്യാ കപ്പ് ട്വന്റി20യിൽ പാക്കിസ്ഥാനെതിരെയാണ് ഇന്ത്യൻ ടീമിന്റെ അടുത്ത മത്സരം. 28നു ദുബായിലാണ് ആ സൂപ്പർ പോരാട്ടം. 

English Summary: Shubman Gill smashes Sachin Tendulkar's 24-year-old massive ODI record 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com