ദ്രാവിഡ് ഇല്ല; വി.വി.എസ്.ലക്ഷ്മൺ ഏഷ്യാ കപ്പിൽ ഇന്ത്യയുടെ മുഖ്യ പരിശീലകൻ
Mail This Article
ന്യൂഡൽഹി∙ കോവിഡ് മൂലം രാഹുൽ ദ്രാവിഡ് പിന്മാറിയതിനാൽ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായി വി.വി.എസ്.ലക്ഷ്മണിനെ ബിസിസിഐ നിയമിച്ചു. ചൊവ്വാഴ്ച ദ്രാവിഡിനെ കോവിഡ് സ്ഥിരീകരിച്ചതിനാൽ അദ്ദേഹം ഏഷ്യാ കപ്പിൽനിന്ന് പിന്മാറുമെന്ന സൂചനകൾ നേരത്തെ ഉണ്ടായിരുന്നു.
ഇന്ത്യയുടെ വെസ്റ്റിൻഡീസ് പര്യടനത്തിനു ശേഷം വിശ്രമത്തിലായിരുന്നു ദ്രാവിഡ്. സിംബാബ്‌വെ പര്യടനത്തിലും ലക്ഷ്മണായിരുന്നു ടീമിന്റെ മുഖ്യ പരിശീലകൻ. ദുബായിലുള്ള ടീമിനൊപ്പം ലക്ഷ്മൺ ചേർന്നു. പാക്കിസ്ഥാനെതിരെ ഓഗസ്റ്റ് 28നാണ് ഇന്ത്യയുടെ ആദ്യ മത്സരം.
രോഹിത് ശർമ നായകനായ 15 അംഗ ടീമിനെയാണ് ബിസിസിഐ എഷ്യ കപ്പിനായി പ്രഖ്യാപിച്ചത്. മുതിർന്ന താരം വിരാട് കോലി മടങ്ങിയെത്തിയാണ് ഹൈലൈറ്റ്. വൈസ് ക്യാപ്റ്റനായി കെ.എൽ.രാഹുലും ടീമിൽ തിരിച്ചെത്തി. ഋഷഭ് പന്ത്, ദിനേഷ് കാർത്തിക് എന്നിവരാണ് വിക്കറ്റ് കീപ്പർമാർ. ഇഷാൻ കിഷനെയും മലയാളി താരം സഞ്ജു സാംസണെയും പരിഗണിച്ചില്ല. പരുക്കിനെ തുടർന്നു പേസർമാരായ ജസ്പ്രീത് ബുമ്ര, ഹർഷൽ പട്ടേൽ എന്നിവരെയും ഒഴിവാക്കിയിരുന്നു.
English Summary: VVS Laxman Named Interim Head Coach Of Team India For Asia Cup 2022