‘39 പന്തുകൾ അധികം, രാഹുൽ സിലക്ടർമാർക്കിടയിൽ ചോദ്യമാകും; ഓറഞ്ച് ക്യാപിൽ ആശങ്ക വേണ്ട’
Mail This Article
മുംബൈ∙ കെ.എൽ. രാഹുൽ മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്തില്ലെങ്കിൽ സിലക്ടർമാർക്കിടയിൽ അതു പല ചോദ്യങ്ങളും ഉയർത്തുമെന്ന് ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്‍ലെ. ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഹോങ്കോങ്ങിനെതിരെ 39 പന്തുകൾ നേരിട്ട് 36 റൺസെടുത്തു രാഹുൽ പുറത്തായതിനെ തുടർന്നാണ് ഭോഗ്‍ലെയുടെ പ്രതികരണം. ബാറ്റിങ്ങിൽ രാഹുലിന്റെ മെല്ലെപ്പോക്ക് വലിയ സ്കോർ നേടുന്നതിൽനിന്ന് ഇന്ത്യയെ തടഞ്ഞെന്നു വ്യാപക വിമർശനമുയർന്നിരുന്നു.
‘‘ഹോങ്കോങ്ങിനെതിരായ രാഹുലിന്റെ പ്രകടനം ഒകെ ആണെന്നു പറയാം. പക്ഷേ ഇത്രയും റൺസെടുക്കാൻ 39 പന്തുകള്‍ വേണമെന്നതു ട്വന്റി20യിൽ കൂടുതലാണ്. ഹോങ്കോങ്ങിനെതിരെ ഇന്ത്യ വിജയിക്കുമെന്ന് അറിയാമായിരുന്നു. എന്നാൽ മത്സരം മുന്നോട്ടു പോകുമ്പോൾ കോലിയുടെ ബാറ്റിങ്ങിൽ ആ ഒഴുക്കു കാണാം. എന്നാൽ 38–ാമത്തെ പന്തിലും കെ.എൽ. രാഹുൽ അങ്ങനെയായിരുന്നില്ല. അതുകൊണ്ടുതന്നെ രാഹുൽ പരിശീലനത്തിനു കൂടുതൽ സമയം കണ്ടെത്തുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു.’’– ഒരു സ്പോർട്സ് മാധ്യമത്തോടു ഭോഗ്‍ലെ പറഞ്ഞു.
‘‘ പുറത്തായാലും കുഴപ്പമില്ല എന്ന രീതിയില്‍ ഭയമില്ലാതെ കളിക്കാന്‍ രാഹുലിന് സാധിക്കുന്നില്ലെന്നതിൽ എനിക്ക് അദ്ഭുതമുണ്ട്. അടുത്ത വർഷം ഐപിഎല്ലിൽ ഏറ്റവും മികച്ച റൺവേട്ടക്കാരനുള്ള ഓറഞ്ച് ക്യാപിനെക്കുറിച്ചോര്‍ത്ത് അദ്ദേഹം ആശങ്കപ്പെടില്ലെന്നും ഞാൻ പ്രതീക്ഷിക്കുന്നു. ഏഷ്യാ കപ്പിലും രാഹുൽ അദ്ദേഹത്തിന്റെ താളം കണ്ടെത്തിയില്ലെങ്കിൽ അതൊരു ചോദ്യമായിമാറും.’’– ഭോഗ്‍ലെ വ്യക്തമാക്കി. ഫോം കണ്ടെത്തിയില്ലെങ്കിൽ രാഹുൽ ലോകകപ്പ് ടീമിൽ നിന്നടക്കം പുറത്താകുമെന്നും ഭോഗ്‍ല ആശങ്ക അറിയിച്ചു.
English Summary: Asia Cup 2022: 'Hope Next Year He is Not Worried About the Orange Cap'