ADVERTISEMENT

ന്യൂഡൽഹി∙ ഏഷ്യാ കപ്പിൽ ഇന്ത്യ പാക്കിസ്ഥാൻ സൂപ്പർ ഫോർ മത്സരത്തിൽ പാക്കിസ്ഥാന്റെ ആസിഫ് അലിയുടെ ക്യാച്ചു വിട്ടതിനെതിരെ കടുത്ത സൈബർ ആക്രമണം നേരിടുകയാണ് ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്. അർഷ്ദീപിനെ ‘ഖലിസ്ഥാനി’ എന്നു വിളിച്ചുവരെ സമൂഹമാധ്യമത്തിൽ വിമർശനങ്ങൾ ഉയർന്നു. അർഷ്ദീപിനെ കുറിച്ചുള്ള വിക്കിപീഡിയ പേജു പോലും ഇവർ വെറുതെ വിട്ടില്ല. അർഷ്ദീപിന്റെ വിക്കിപീഡിയ പേജിൽ ഖലിസ്ഥാൻ ബന്ധമുണ്ടെന്ന് എഡിറ്റു ചെയ്ത് ചേർത്താതാണ് വിവാദമായത്.

ഇതോടെ ഇതുസംബന്ധിച്ച് വിശദീകരണം തേടി കേന്ദ്ര ഐടി മന്ത്രാലയം വിക്കിപീഡിയയ്ക്ക് സമൻസ് അയച്ചു. അർഷ്ദീപിനെകുറിച്ചുള്ള തെറ്റായ വിവരങ്ങൾ എങ്ങനെ വന്നു എന്ന് വിശദീകരിക്കണമെന്ന് വിക്കിപീഡിയ അധികൃതരോട് കേന്ദ്രം ആവശ്യപ്പെട്ടു. വിക്കിപീഡിയ വെബ്സൈറ്റിൽ എഡിറ്റു ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങൾ എന്താണെന്നും ഇത് എങ്ങനെയാണ് നിരീക്ഷിക്കുന്നതെന്നും സംബന്ധിച്ച് വിവരങ്ങൾ ചോദിച്ചറിയുമെന്ന് ഐടി മന്ത്രാലയം അറിയിച്ചു. 

ഇന്ത്യൻ ക്രിക്കറ്റ് അസോസിയേഷൻ എന്നതിനു പകരം ‘ഖലിസ്ഥാൻ’ ക്രിക്കറ്റ് അസോസിയേഷനുമായി ‌ബന്ധമുള്ളയാളെന്നാണ് വിക്കിപീഡിയ പേജിൽ എഡിറ്റു ചെയ്ത് ചേർത്തത്. ‘ഇന്ത്യ’ എന്നത് നിരവധി സ്ഥലത്ത് ‘ഖലിസ്ഥാൻ’ എന്നാക്കി മാറ്റിയിട്ടുമുണ്ട്. ഇന്ത്യ– പാക്കിസ്ഥാൻ മത്സരം കഴിഞ്ഞതിനു തൊട്ടുപിന്നാലെ അർധരാത്രി പന്ത്രണ്ടരയോടെയാണ് ഈ വിവരങ്ങൾ എഡിറ്റു ചെയ്തിരിക്കുന്നതെന്നാണ് എഡിറ്റ് ഹിസ്റ്ററി വ്യക്തമാക്കുന്നത്. 

അർഷ്ദീപിന്റെ പേരിലും മാറ്റം വരുത്തിയതായി കണ്ടെത്തിയിരുന്നു. ‘മേജർ അർഷ്ദീപ് സിങ് ലാങ്റ’ എന്നും ‘മേജർ അർഷ്ദീപ് സിങ് ബജ്‌വ’ എന്നും പേരിൽ മാറ്റം വരുത്തിയിരുന്നു. അർഷ്ദീപിന്റെ മത്സര വിവരങ്ങളിലും വ്യത്യാസം വരുത്തിയിരുന്നതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് നിരവധി സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. വിക്കിപീഡിയയിൽ പുറത്തുനിന്നുള്ളവരെ , പ്രത്യേകിച്ച് വോളന്റിയർമാരെ വിവരങ്ങൾ നൽകാനും എഡിറ്റു ചെയ്യാനും അനുവദിക്കുന്നതിനാൽ ആരാണ് ഇതു ചെയ്തതെന്ന് വ്യക്തമല്ല. വിവാദമായ വിവരങ്ങളെല്ലാം പിന്നീട്  നീക്കം ചെയ്തു.

English Summary: Wikipedia officials summoned after Arshdeep Singh's page showed 'Khalistani' links

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com