ADVERTISEMENT

സിഡ്നി ∙ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ആരോൺ ഫിഞ്ച് രാജ്യാന്തര ഏകദിനത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ന്യൂസീലൻഡ‍ിനെതിരായ ഏകദിന പരമ്പരയിൽ നാളെ നടക്കുന്ന മൂന്നാം മത്സരം തന്റെ രാജ്യാന്തര ഏകദിന കരിയറിലെ അവസാന മത്സരമായിരിക്കുമെന്ന് ഫിഞ്ച് പ്രഖ്യാപിച്ചു. അതേസമയം, അടുത്ത മാസം സ്വന്തം നാട്ടിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ മുപ്പത്തഞ്ചുകാരനായ ഫിഞ്ച് തന്നെയാകും ഓസീസ് ടീമിനെ നയിക്കുക. 2015ൽ ഏകദിന ലോകകപ്പ് നേടിയ ഓസീസ് ടീമിൽ അംഗമായിരുന്നു. 2020ൽ ഏറ്റവും മികച്ച ഓസ്ട്രേലിയൻ ഏകദിന താരത്തിനുള്ള പുരസ്കാരവും നേടിയിട്ടുണ്ട്.

2018ലെ കുപ്രസിദ്ധമായ പന്തു ചുരണ്ടൽ വിവാദത്തിനു പിന്നാലെയാണ് ഫിഞ്ച് ഓസീസ് ടീമിന്റെ നായകസ്ഥാനത്ത് എത്തിയത്. 2019ലെ ഏകദിന ലോകകപ്പിൽ ഓസീസ് ടീമിനെ സെമിയിലെത്തിക്കാനായി. കരിയറിലാകെ 145 മത്സരങ്ങളിൽനിന്നായി 39.13 ശരാശരിയിൽ 5401 റൺസാണ് സമ്പാദ്യം. ഇതിൽ 17 സെഞ്ചറികളും 30 അർധസെഞ്ചറികളും ഉൾപ്പെടുന്നു. പുറത്താകാതെ നേടിയ 153 റൺസാണ് ഉയർന്ന സ്കോർ. ഏകദിനത്തിൽ നാലു വിക്കറ്റുകളും ഫിഞ്ച് വീഴ്ത്തിയിട്ടുണ്ട്. 

‘അവിസ്മരണീയമായ ഒരുപിടി ഓർമകൾ നിറഞ്ഞ രസകരമായൊരു യാത്രയായിരുന്നു ഇത്. ഏകദിനത്തിലെ എക്കാലത്തെയും മികച്ച ചില ടീമുകളുടെ ഭാഗമാകാനുള്ള ഭാഗ്യം എനിക്കു ലഭിച്ചു. മഹാന്‍മാരായ താരങ്ങൾക്കൊപ്പം കളിക്കാനും കളത്തിനു പുറത്ത് ഒട്ടേറെ മഹാ‍ൻമാരുമായി സഹകരിക്കാനും സാധിച്ചു’ – വിരമിക്കൽ പ്രഖ്യാപനത്തിൽ ഫിഞ്ച് പറഞ്ഞു.

‘അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പിനായി ഫലപ്രദമായി ഒരുങ്ങുന്നതിന് ഒരു പുതിയ ക്യാപ്റ്റന് അവസരം നൽകാനുള്ള സമയമായെന്നു കരുതുന്നു. ഏകദിന കരിയറിലെ യാത്രയിൽ ഇതുവരെ എനിക്കൊപ്പം നിന്ന, എന്റെ കൈപിടിച്ച എല്ലാവർക്കും നന്ദി’ – ഫിഞ്ച് കുറിച്ചു.

ഏകദിന കരിയറിൽ ഈ വർഷം തീർത്തും മോശം ഫോമിലായിരുന്നു ഫിഞ്ച്. 13 റൺ ശരാശരിയിൽ 169 റൺസാണ് ഫിഞ്ചിന്റെ സമ്പാദ്യം. ഏറ്റവും ഒടുവിൽ കളിച്ച 12 ഇന്നിങ്സുകളിൽ അഞ്ചിലും താരം ഡക്കായിരുന്നു. രണ്ടു ദിവസം മുൻപ് കെയ്ൻസിൽ ന്യൂസീലൻഡിനെതിരെ നടന്ന മത്സരത്തിലും ഫിഞ്ച് പൂജ്യത്തിനു പുറത്തായി. ഒടുവിൽ കളിച്ച ഏഴ് ഇന്നിങ്സുകളിൽ 26 റൺസാണ് താരത്തിനു നേടാനായത്.

2013ൽ വിഖ്യാതമായ എംസിജിയിൽ ശ്രീലങ്കയ്ക്കെതിരെ ആയിരുന്നു ഫിഞ്ചിന്റെ രാജ്യാന്തര ഏകദിന അരങ്ങേറ്റം. അതേ വർഷം സ്കോട്‍ലൻഡിനെതിരെ 148 റൺസടിച്ച് കന്നി സെഞ്ചറിയും കുറിച്ചു. 2019 മാർച്ചിൽ ഷാർജയിൽവച്ച് പാക്കിസ്ഥാനെതിരെ പുറത്താകാതെ നേടിയ 153 റൺസാണ് കരിയറിലെ ഉയർന്ന സ്കോർ. തീർത്തും മോശം ഫോമി‌ലായതോടെ ടീമിലെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെട്ടപ്പോഴായിരുന്നു ഫിഞ്ചിന്റെ തകർപ്പൻ തിരിച്ചുവരവ്. ആ വർഷം നാലു സെഞ്ചറികൾ സഹിതം 1141 റൺസാണ് ഫിഞ്ച് നേടിയത്.

English Summary: Australia captain announces ODI retirement, will not play next year's World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com