അവസാന മത്സരത്തിൽ 13 പന്തിൽ 5 റൺസ്; ഫിഞ്ചിനെ കയ്യടികളോടെ യാത്രയാക്കി ആരാധകർ
Mail This Article
കെയ്ൻസ് ∙ ഓസ്ട്രേലിയൻ ഏകദിന ടീമിന്റെ നായകനായ ആരോൺ ഫിഞ്ച് രാജ്യാന്തര ഏകദിനത്തിൽ നിന്ന് വിരമിച്ചു. ഇന്നലെ നടന്ന ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തോടു കൂടി ഫിഞ്ച് രാജ്യാന്തര ഏകദിന ക്രിക്കറ്റിനോട് വിടപറഞ്ഞു. അവസാന മത്സരത്തിൽ 13 പന്തിൽ അഞ്ച് റൺസെടുത്ത് പുറത്തായ ഫിഞ്ചിനെ, എഴുന്നേറ്റു നിന്ന് കയ്യടിച്ചാണ് ആരാധകർ യാത്രയാക്കിയത്. ഏകദിന കരിയറിന് വിരാമമിട്ടെങ്കിലും, ട്വന്റി20യിൽ ഫിഞ്ച് തന്നെ തുടർന്നും ഓസീസ് ടീമിനെ നയിക്കും.
ഫിഞ്ചിന്റെ അവസാന രാജ്യാന്തര ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസീസ് സ്റ്റീവ് സ്മിത്തിന്റെ തകർപ്പൻ സെഞ്ചുറിയുടെ പിൻബലത്തിൽ 5 വിക്കറ്റ് നഷ്ടത്തിൽ 267 റൺസാണ് എടുത്തത്. എന്നാൽ മറുപടി ബാറ്റിങ്ങിൽ കിവികൾക്ക് 242 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. മത്സരത്തിൽ ഓസീസിന്റെ വിജയം 25 റൺസിന്. ഫിഞ്ച് 13 ബോളിൽ 5 റൺസ് മാത്രമെടുത്ത് പുറത്തായി. അവസാന മത്സരത്തിൽ ബാറ്റിങ്ങിൽ ഫ്ലോപ്പായെങ്കിലും വിജയത്തോടു കൂടി തന്നെ ഏകദിന കരിയറിനോടു വിടപറയാൻ ഫിഞ്ചിനായി.
2018ലെ കുപ്രസിദ്ധമായ പന്തു ചുരണ്ടൽ വിവാദത്തിനു പിന്നാലെയാണ് ഫിഞ്ച് ഓസീസ് ടീമിന്റെ നായകസ്ഥാനത്ത് എത്തിയത്. 2019ലെ ഏകദിന ലോകകപ്പിൽ ഓസീസ് ടീമിനെ സെമിയിലെത്തിക്കാനായി. അതേസമയം, അടുത്ത മാസം സ്വന്തം നാട്ടിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ മുപ്പത്തഞ്ചുകാരനായ ഫിഞ്ച് തന്നെയാകും ഓസീസ് ടീമിനെ നയിക്കുക. 2015ൽ ഏകദിന ലോകകപ്പ് നേടിയ ഓസീസ് ടീമിൽ അംഗമായിരുന്നു. 2020ൽ ഏറ്റവും മികച്ച ഓസ്ട്രേലിയൻ ഏകദിന താരത്തിനുള്ള പുരസ്കാരവും നേടിയിട്ടുണ്ട്.
‘അവിസ്മരണീയമായ ഒരുപിടി ഓർമകൾ നിറഞ്ഞ രസകരമായൊരു യാത്രയായിരുന്നു ഇത്. ഏകദിനത്തിലെ എക്കാലത്തെയും മികച്ച ചില ടീമുകളുടെ ഭാഗമാകാനുള്ള ഭാഗ്യം എനിക്കു ലഭിച്ചു. മഹാന്‍മാരായ താരങ്ങൾക്കൊപ്പം കളിക്കാനും കളത്തിനു പുറത്ത് ഒട്ടേറെ മഹാൻമാരുമായി സഹകരിക്കാനും സാധിച്ചു’ – വിരമിക്കൽ പ്രഖ്യാപനത്തിൽ ഫിഞ്ച് പറഞ്ഞു.
ഏകദിന കരിയറിൽ ഈ വർഷം തീർത്തും മോശം ഫോമിലായിരുന്നു ഫിഞ്ച്. 13 റൺ ശരാശരിയിൽ 179 റൺസാണ് ഫിഞ്ചിന്റെ സമ്പാദ്യം. ഏറ്റവും ഒടുവിൽ കളിച്ച 14 ഇന്നിങ്സുകളിൽ അഞ്ചിലും താരം ഡക്കായിരുന്നു. ഒടുവിൽ കളിച്ച ഒൻപത് ഇന്നിങ്സുകളിൽ 36 റൺസാണ് താരത്തിനു നേടാനായത്. 2013ൽ വിഖ്യാതമായ എംസിജിയിൽ ശ്രീലങ്കയ്ക്കെതിരെ ആയിരുന്നു ഫിഞ്ചിന്റെ രാജ്യാന്തര ഏകദിന അരങ്ങേറ്റം. അതേ വർഷം സ്കോട്‍ലൻഡിനെതിരെ 148 റൺസടിച്ച് കന്നി സെഞ്ചറിയും കുറിച്ചു. 2019 മാർച്ചിൽ ഷാർജയിൽവച്ച് പാക്കിസ്ഥാനെതിരെ പുറത്താകാതെ നേടിയ 153 റൺസാണ് കരിയറിലെ ഉയർന്ന സ്കോർ. തീർത്തും മോശം ഫോമിലായതോടെ ടീമിലെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെട്ടപ്പോഴായിരുന്നു ഫിഞ്ചിന്റെ തകർപ്പൻ തിരിച്ചുവരവ്. ആ വർഷം നാലു സെഞ്ചറികൾ സഹിതം 1141 റൺസാണ് ഫിഞ്ച് നേടിയത്.
കരിയറിലാകെ 146 മത്സരങ്ങളിൽനിന്നായി 38.89 ശരാശരിയിൽ 5406 റൺസാണ് സമ്പാദ്യം. ഇതിൽ 17 സെഞ്ചറികളും 30 അർധസെഞ്ചറികളും ഉൾപ്പെടുന്നു. പുറത്താകാതെ നേടിയ 153 റൺസാണ് ഉയർന്ന സ്കോർ. ഏകദിനത്തിൽ നാലു വിക്കറ്റുകളും ഫിഞ്ച് വീഴ്ത്തിയിട്ടുണ്ട്.
English Summary: Australia’s Aaron Finch retire from ODI cricket, to continue in T20Is