‘നോബോൾ ഉറപ്പിച്ച്’ സ്മിത്തിന്റെ സിക്സർ; സംശയിച്ച അംപയറിനെ ‘എണ്ണിക്കാട്ടി’!
Mail This Article
കെയ്ൻസ് ∙ ഇന്ത്യൻ താരം വിരാട് കോലിക്കു പിന്നാലെ രാജ്യാന്തര വേദിയിലെ സെഞ്ചറി വരൾച്ചയ്ക്ക് വിരാമമിട്ട് ഓസീസ് സൂപ്പർതാരം സ്റ്റീവ് സ്മിത്തും. രണ്ടു വർഷത്തെ സെഞ്ചറി വരൾച്ച അവസാനിപ്പിച്ച് ന്യൂസിലന്‍ഡിന് എതിരായ മൂന്നാം ഏകദിനത്തിലാണ് സ്റ്റീവ് സ്മിത്ത് സെഞ്ചുറി നേടിയത്. 131 പന്തിൽ 11 ഫോറുകളുടേയും ഒരു സിക്സറിന്റെയും അകമ്പടിയോടു കൂടിയാണ് സ്മിത്ത് ഏകദിനത്തിലെ തന്റെ പന്ത്രണ്ടാം സെഞ്ചറി കുറിച്ചത്.
രാജ്യാന്തര ക്രിക്കറ്റിൽ സ്മിത്തിന്റെ 40–ാം സെഞ്ചറി കൂടിയാണിത്. വിരാട് കോലി മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം സെഞ്ചറി നേടിയതിനു പിന്നാലെയാണ് സ്മിത്തും ഇപ്പോൾ മൂന്നക്കം കടന്നിരിക്കുന്നത്.
അതിനിടെ, മത്സരത്തിൽ സ്റ്റീവ് സ്മിത്ത് നേടിയ ഒരു സിക്സർ ശ്രദ്ധേയമായി. ഓസ്ട്രേലിയൻ ഇന്നിങ്സിലെ 38–ാം ഓവറിൽ ജിമ്മി നീഷമിനെതിരെ സ്മിത്ത് നേടിയ സിക്സറാണ് ശ്രദ്ധ കവർന്നത്. ആ ഓവറിലെ രണ്ടാമത്തെ പന്ത് സ്‌ക്വയർ ലെഗ് ബൗണ്ടറിക്കു മുകളിലൂടെ സ്മിത്ത് സിക്സർ പറത്തുകയായിരുന്നു.
അത് നോബോൾ ആണെന്ന് അറിഞ്ഞുകൊണ്ടായിരുന്നു സ്മിത്തിന്റെ സിക്സർ. അംപയർമാർ ആകട്ടെ നോബോൾ വിളിച്ചതുമില്ല. സർക്കിളിനു പുറത്തുള്ള ഫീൽഡർമാരുടെ എണ്ണത്തെക്കുറിച്ച് സ്മിത്ത് അംപയർമാരെ ഓർമിപ്പിച്ചതിനു ശേഷമാണ് അത് നോബോൾ വിളിച്ചതു തന്നെ. മാത്രമല്ല, സർക്കിളിനു പുറത്ത് അനുവദനീയമായതിലും കൂടുതൽ ഫീൽഡർമാർ ഉണ്ടെന്ന് സ്മിത്ത് സ്‌ക്വയർ ലെഗ് അംപയറിനെ എണ്ണിക്കാണിച്ചു കൊടുക്കുകയും ചെയ്തു.
English Summary: Steve Smith hits a six knowing it’s a no ball, makes umpire count number of fielders outside the circle