ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണിന് ഇടമില്ല
Mail This Article
മുംബൈ∙ ഈ വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മലയാളി ക്രിക്കറ്റ് ആരാധകർക്ക് നിരാശയായി സഞ്ജു സാംസണിന് ടീമിൽ ഇടം ലഭിച്ചില്ല. അതേസമയം ദീപക് ഹൂഡ, രവിചന്ദ്രൻ അശ്വിൻ, ഹർഷൽ പട്ടേൽ എന്നിവർ ടീമിൽ ഇടംപിടിച്ചു. രവി ബിഷ്ണോയ്, ആവേശ് ഖാൻ എന്നിവർ ഉയർത്തിയ വെല്ലുവിളി മറികടന്നാണ് അശ്വിനും പട്ടേലും ടീമിൽ ഇടംപിടിച്ചത്.
അതേസമയം, ഏഷ്യാ കപ്പിനിടെ പരുക്കേറ്റ് പുറത്തായ രവീന്ദ്ര ജഡേജയ്ക്ക് ലോകകപ്പ് ടീമിലും ഇടം ലഭിച്ചില്ല. ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമിക്കുന്ന സാഹചര്യത്തിലാണ് ജഡേജ ടീമിനു പുറത്തായത്. ജഡേജയ്ക്കു പകരം അക്ഷർ പട്ടേൽ ടീമിലെത്തി. ഏഷ്യാകപ്പിൽനിന്ന് വിശ്രമം അനുവദിച്ചിരുന്ന ജസ്പ്രീത് ബുമ്രയും ടീമിൽ തിരിച്ചെത്തി. ലോകകപ്പിനു മുന്നോടിയായി കളിക്കുന്ന ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരായ പരമ്പരയ്ക്കുള്ള ടീമുകളെയും പ്രഖ്യാപിച്ചു. ഈ ടീമുകളിലും സഞ്ജുവിന് ഇടം ലഭിച്ചില്ല.
∙ ലോകകപ്പിനുള്ള ഇന്ത്യൻ ടീം ഇങ്ങനെ
രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ.രാഹുൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവിചന്ദ്രൻ അശ്വിൻ, യുസ്‍വേന്ദ്ര ചെഹൽ, അക്ഷർ പട്ടേൽ, ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിങ്
സ്റ്റാൻഡ് ബൈ: മുഹമ്മദ് ഷമി, ശ്രേയസ് അയ്യർ, രവി ബിഷ്ണോയ്, ദീപക് ചാഹർ
ഒക്ടോബർ 16 മുതൽ നവംബർ 13 വരെ ഓസ്ട്രേലിയയിലാണ് ഈ വർഷത്തെ ട്വന്റി20 ലോകകപ്പ് അരങ്ങേറുക. ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബർ 23ന് ബദ്ധവൈരികളായ പാക്കിസ്ഥാനെതിരെയാണ്. രണ്ടാം ഗ്രൂപ്പിൽ ഇന്ത്യയ്ക്കും പാക്കിസ്ഥാനും പുറമെ ദക്ഷിണാഫ്രിക്ക, ബംഗ്ലദേശ് എന്നിവരും യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് ബി വിജയികളും ഗ്രൂപ്പ് എ രണ്ടാം സ്ഥാനക്കാരുമാണ് കളിക്കുക.
ഓസ്ട്രേലിയയിലെ അഡ്‍ലെയ്ഡ്, ബ്രിസ്ബെയ്ൻ, ഗീലോങ്, ഹൊബാർട്ട്, മെൽബൺ, പെർത്തി, സിഡ്നി എന്നിവിടങ്ങളിലായി നടക്കുന്ന ടൂർണമെന്റിൽ ആകെ 16 ടീമുകളാണ് മത്സരിക്കുന്നത്. 15 അംഗ ടീമിനു പുറമെ സ്റ്റാൻഡ്ബൈ താരങ്ങളായി മുഹമ്മദ് ഷമി, ശ്രേയസ് അയ്യർ, രവി ബിഷ്ണോയ്, ദീപക് ചാഹർ എന്നിവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏഷ്യാകപ്പിൽ ഫൈനൽ കാണാതെ പുറത്തായെങ്കിലും, കളിച്ച ടീമിൽ കാര്യമായ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ ലോകകപ്പ് ടീമിനെയും പ്രഖ്യാപിച്ചിരിക്കുന്നത്. ഓപ്പണർമാരായി ക്യാപ്റ്റൻ രോഹിത് ശർമയും വൈസ് ക്യാപ്റ്റൻ കെ.എൽ. രാഹുലും എത്തുമ്പോൾ, ഏഷ്യാകപ്പിലെ അ്വസാന മത്സരത്തിൽ അഫ്ഗാനെതിരെ സെഞ്ചറിയടിച്ച് ഫോമിലേക്കു തിരിച്ചെത്തിയ വിരാട് കോലിയാണ് വൺഡൗണായെത്തുക. സൂര്യകുമാർ യാദവ് നാലാം നമ്പറിൽ എത്തും. ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക് തുടങ്ങിയവരാകും പിന്നാലെ എത്തുക.
രവീന്ദ്ര ജഡേജയുടെ അസാന്നിധ്യത്തിൽ സ്പിൻ–ഓൾറൗണ്ടറായി അക്ഷർ പട്ടേലാകും കളിക്കുക. ജസ്പ്രീത് ബുമ്ര – ഭുവനേശ്വർ കുമാർ എന്നിവരാകും ഇന്ത്യയുടെ പേസ് ആക്രമണം നയിക്കുക. യുസ്‍വേന്ദ്ര ചെഹലാകും ടീമിലെ സ്പെഷലിസ്റ്റ് സ്പിന്നർ. പകരക്കാരായി കളത്തിലിറങ്ങാൻ ഇടംകയ്യൻ പേസർ അർഷ്ദീപ് സിങ്, ട്വന്റി20 സ്പെഷലിസ്റ്റ് ഹർഷൽ പട്ടേൽ എന്നിവരും ഉണ്ടാകും. ഓസ്ട്രേലിയൻ പിച്ചുകൾക്ക് കൂടുതൽ അനുയോജ്യനായ മലയാളി താരം സഞ്ജു സാംസണിന് ടീമിൽ ഇടംലഭിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും സിലക്ടർമാർ പരിഗണിച്ചില്ല.
∙ ഓസീസ്, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരെയും സഞ്ജുവില്ല
ലോകകപ്പിനു മുന്നോടിയായി ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്ക് 16 അംഗ ടീമിനെയും ദക്ഷിണാഫ്രിക്കയ്‍ക്കെതിരായ പരമ്പരയ്ക്ക് 15 അംഗ ടീമിനെയുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ലോകകപ്പ് ടീമിൽ സ്റ്റാൻഡ് ബൈകളായി ഉൾപ്പെടുത്തിയ മുഹമ്മദ് ഷമി, ദീപക് ചാഹർ എന്നിവർ ഇരു ടീമുകളിലും ഇടംപിടിച്ചു. ഓസീസിനെതിരായ പരമ്പരയിൽനിന്ന് അർഷ്ദീപ് സിങ്ങിനും ദക്ഷിണാഫ്രിക്കയ്‍ക്കെതിരായ പരമ്പരയിൽനിന്ന് ഭുവനേശ്വർ കുമാർ, ഹാർദിക് പാണ്ഡ്യ എന്നിവർക്കും വിശ്രമം അനുവദിച്ചു.
∙ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീം
രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ.രാഹുൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവിചന്ദ്രൻ അശ്വിൻ, യുസ്‍വേന്ദ്ര ചെഹൽ, അക്ഷർ പട്ടേൽ, ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, മുഹമ്മദ് ഷമി, ദീപക് ചാഹർ
∙ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടീം
രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ.രാഹുൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), രവിചന്ദ്രൻ അശ്വിൻ, യുസ്‍വേന്ദ്ര ചെഹൽ, അക്ഷർ പട്ടേൽ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിങ്, ദീപക് ചാഹർ
English Summary: T20 World Cup 2022: Jasprit Bumrah, Harshal Patel return to India squad, Ravindra Jadeja misses out