ADVERTISEMENT

ബെംഗളൂരു ∙ ആക്രമണോത്സുകമായ ബാറ്റിങ് ശൈലിയിലൂടെ ഇന്ത്യൻ ക്രിക്കറ്റിൽ മിന്നൽപ്പിണർ തീർത്ത റോബിൻ ഉത്തപ്പ (36) കളി നിർത്തുകയാണ്. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചതായി ഉത്തപ്പ ബുധനാഴ്ച വൈകിട്ട് അറിയിക്കുകയായിരുന്നു. വിദേശ ക്രിക്കറ്റ് ലീഗുകളിൽ കളിക്കാനുള്ള താൽപര്യവും താരം വ്യക്തമാക്കി. ഇതോടെ 20 വർഷം നീണ്ട ക്രിക്കറ്റ് കരിയറിനാണ് തിരശീല വീണത്. പാതി മലയാളിയായ ഉത്തപ്പയുടെ അമ്മ റോസ്‌ലിൻ കോഴിക്കോട് സ്വദേശിനി ആണ്. പിതാവ് വേണു ഉത്തപ്പ കുടക് സ്വദേശിയും ഹോക്കി അംപയറുമാണ്.

ട്വന്റി20 ക്രിക്കറ്റ് ചുവടുറപ്പിക്കും മുൻപ് തന്നെ, ക്രീസ് വിട്ട് മുന്നോട്ടു കയറി പേസർമാരെപ്പോലും പ്രഹരിക്കുന്ന ഉത്തപ്പയുടെ ഷോട്ടുകൾ പ്രശസ്തമാണ്. ആ ശൈലി പിന്നീട് ഐപിഎലിൽ ഉത്തപ്പയെ ജനപ്രിയനാക്കി. 15 ഐപിഎൽ സീസണുകളിൽ 6 ടീമുകളെ പ്രതിനിധീകരിച്ചു. 205 ഐപിഎൽ മത്സരങ്ങളിൽ നിന്നു മാത്രം 4952 റൺസ് നേടി. 2006ൽ ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന മത്സരത്തിലാണ് അരങ്ങേറ്റം. 2007ൽ ആദ്യ ട്വന്റി20 ലോകകപ്പ് നേടിയ മഹേന്ദ്ര സിങ് ധോണിയുടെ ടീമിൽ അംഗമായിരുന്നു.

ആ ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ടൈ വന്നപ്പോൾ ബോൾഔട്ടിലൂടെ ഇന്ത്യയ്ക്ക് നാടകീയ വിജയം സമ്മാനിച്ചത് ഉത്തപ്പയായിരുന്നു. എന്നാൽ ഫോം നഷ്ടമായതിനെത്തുടർന്ന് ഇന്ത്യൻ ടീമിൽ നിന്ന് 2008ൽ പുറത്തായി. 2004ൽ ലോകകപ്പ് നേടിയ അണ്ടർ 19 ഇന്ത്യൻ ടീമിലും അംഗമായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി 43 ഏകദിനങ്ങളും 13 ട്വന്റി20 മത്സരങ്ങളും കളിച്ചു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ,ചെന്നൈ സൂപ്പർ കിങ്സ് ടീമുകളുടെ ഐപിഎൽ കിരീട നേട്ടത്തിലും പങ്കാളിയായി. 2015 ജൂലൈയിലാണ് ഇന്ത്യയ്ക്കു വേണ്ടി അവസാന മത്സരം കളിച്ചത്.

കർണാടകത്തിനു വേണ്ടി 2002–03 സീസണിൽ രഞ്ജി ട്രോഫിയിൽ അരങ്ങേറിയ ഉത്തപ്പ കേരളത്തിനു വേണ്ടിയാണ് ഒടുവിൽ രഞ്ജി കളിച്ചത്. സൗരാഷ്ട്രയ്ക്കു വേണ്ടിയും പാഡണിഞ്ഞു.142 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 9446 റൺസ് നേടി. 22 സെഞ്ചറികളുടെ തിളക്കം. 291 ട്വന്റി20 മത്സരങ്ങളിൽ 133.08 സ്ട്രൈക്ക് റേറ്റോടെ 7272 റൺസ്  നേടി.

‘‘പ്രഫഷനൽ ക്രിക്കറ്റിൽ പിന്നിട്ട 20 വർഷം രാജ്യത്തെയും സ്വന്തം സംസ്ഥാനമായ കർണാടകത്തെയും പ്രതിനിധീകരിക്കാൻ കഴിഞ്ഞുവെന്നത് വലിയ ബഹുമതി. ഉയർച്ചകളും താഴ്ചകളും നിറഞ്ഞ ആ യാത്ര നന്നായി ആസ്വദിച്ചു. എല്ലാ നല്ല കാര്യങ്ങൾക്കും ഒരു അവസാനമുണ്ട്. ഹൃദയം തുളുമ്പുന്ന സ്നേഹവായ്പോടെ ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണ്. ഇനി കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവിടണം ’’–  ഉത്തപ്പ ട്വിറ്ററിൽ കുറിച്ചത്.

English Summary: Uthappa announces retirement from international and Indian cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com