ഐപിഎൽ വീണ്ടും പഴയ ‘ഫോമിലേക്ക്’; 2023 മുതൽ ഹോം, എവേ മത്സരങ്ങൾ
Mail This Article
ന്യൂഡൽഹി ∙ ഐപിഎൽ ട്വന്റി20 ക്രിക്കറ്റ് അടുത്ത സീസൺ മുതൽ ഹോം, എവേ മത്സര ഫോർമാറ്റിലേക്കു തിരിച്ചെത്തും. കോവിഡിനെത്തുടർന്ന് കഴിഞ്ഞ 3 ഐപിഎൽ സീസണുകളിലും തിരഞ്ഞെടുത്ത വേദികളിൽ മാത്രമായാണ് മത്സരങ്ങൾ നടത്തിയത്.
എന്നാൽ 2023 സീസൺ മുതൽ ഐപിഎൽ ഹോം, എവേ ഫോർമാറ്റിലേക്കു മാറുകയാണെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി സംസ്ഥാന അസോസിയേഷനുകളെ അറിയിച്ചു. ടീമുകൾ ഗ്രൂപ്പ് ഘട്ടത്തിലെ പകുതി മത്സരങ്ങൾ നാട്ടിലും ബാക്കിയുള്ളവ എതിർ ടീമിന്റെ വേദിയിലും കളിക്കും.
2019ലാണ് ഐപിഎലിൽ അവസാനമായി ഹോം, എവേ മത്സരങ്ങൾ നടന്നത്. കോവിഡ് വ്യാപനത്തെത്തുടർന്ന് പാതിവഴിയിൽ നിർത്തിവച്ച 2020 സീസൺ തുടർന്ന് യുഎഇയിലേക്ക് മാറ്റിയിരുന്നു. 2021ൽ ഡൽഹി, അഹമ്മദാബാദ്, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു മത്സരങ്ങൾ. കഴിഞ്ഞ സീസണിലും തിരഞ്ഞെടുത്ത വേദികളിലായി മത്സരം ചുരുക്കി.
English Summary: IPL to return to home-away format in 2023