പ്രവേശനം 4.30 മുതൽ; മാസ്ക് നിർബന്ധം
Mail This Article
തിരുവനന്തപുരം ∙ ഇന്ത്യ–ദക്ഷിണാഫ്രിക്ക ട്വന്റി20 മത്സരത്തിനായി കാണികൾക്കു കാര്യവട്ടം സ്റ്റേഡിയത്തിലേക്കു പ്രവേശനം ഇന്നു വൈകിട്ട് 4.30 മുതൽ. മാസ്ക് ധരിക്കണമെന്നു നിർബന്ധമാണ്.
മറ്റു നിർദേശങ്ങൾ:
> ടിക്കറ്റുകളിൽ ഏതു ഗേറ്റ് വഴിയാണു പ്രവേശനമെന്നു വ്യക്തമാക്കിയിട്ടുണ്ട്. ആ വഴി മാത്രമേ പ്രവേശനം അനുവദിക്കൂ.
> ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡോ അതിന്റെ പകർപ്പോ കൊണ്ടു വരണം. ടിക്കറ്റ് ബുക്ക് ചെയ്ത ആളുടെ മാത്രം തിരിച്ചറിയൽ കാർഡ് മതിയാകും. ടിക്കറ്റ് > സ്കാൻ ചെയ്യുന്നതിനൊപ്പം തിരിച്ചറിയൽ കാർഡ് കൂടി പരിശോധിച്ചേ ഉള്ളിലേക്കു കടത്തി വിടൂ.
> കുപ്പികൾ, വടി, കൊടി തോരണങ്ങൾ, കുട, കറുത്ത കൊടി, എറിയാൻ പറ്റുന്ന സാധനങ്ങൾ, പടക്കം, ബീഡി, സിഗരറ്റ്, തീപ്പെട്ടി തുടങ്ങിയവ അനുവദിക്കില്ല. > മദ്യപിച്ചോ മറ്റു ലഹരി ഉപയോഗിച്ചോ എത്തുന്നവരെ പ്രവേശിപ്പിക്കില്ല.
> പുറത്തു നിന്നു കൊണ്ടു വരുന്ന ഭക്ഷണസാധനങ്ങളും വെള്ളവും അനുവദിക്കില്ല. ഭക്ഷണവും വെള്ളവും ഗാലറിയിലെ കുടുംബശ്രീയുടെ ഉൾപ്പെടെയുള്ള കൗണ്ടറുകളിൽ നിന്നു വാങ്ങാം. നഗരസഭയുടെ അംഗീകാരത്തോടെ വില നിശ്ചയിച്ചിട്ടുണ്ട്.
> അകത്തു കയറിയ ശേഷം ഒരിക്കൽ പുറത്തിറങ്ങിയാൽ വീണ്ടും പ്രവേശനം അനുവദിക്കില്ല.
English Summary: India Vs South Africa T20 2022: Face Masks Compulsory For Spectators