11 മത്സരത്തിൽ പവർപ്ലേ വിക്കറ്റ് മൂന്ന്, കാര്യവട്ടത്ത് ഓരോവറിൽ മൂന്ന്; ഇത് അർഷ്ദീപ് സ്വിങ്
Mail This Article
തിരുവനന്തപുരം ∙ സ്വിങ് ബോളിങ്ങിലൂടെ ഒരു ബാറ്ററെ കബളിപ്പിച്ചു എങ്ങനെ വിക്കറ്റ് എടുക്കാം? പവർപ്ലേ ഓവറുകളിൽ ദീപക് ചാഹറും അർഷ്ദീപ് സിങ്ങും ഇന്നലെ കാട്ടിത്തന്നത് ഇതാണ്. ആദ്യ ഓവറിൽ എത്തിയ ദീപക് ചാഹർ ഗുഡ് ലെങ്തിൽ പിച്ച് ചെയ്ത ഒരു ഇൻസ്വിങ്ങറിലൂടെയാണു ദക്ഷിണാഫ്രിക്കൻ ഓപ്പണർ ക്വിന്റൻ ഡികോക്കിനെ സ്വീകരിച്ചത്. ഇൻസ്വിങ്ങറിനായി തയാറെടുത്ത ഡികോക്കിന് അടുത്ത പന്തിൽ ലഭിച്ചത് ഔട്ട് സ്വിങ്ങർ. സിംഗിൾ എടുത്ത ഡികോക്, സ്ട്രൈക്ക് ക്യാപ്റ്റൻ ടെംബ ബാവുമയ്ക്ക് കൈമാറി.
3 മനോഹരമായ ഔട്ട് സ്വിങ്ങറുകളാണു ബാവുമയ്ക്കു നേരെ ചാഹർ എറിഞ്ഞത്. അതോടെ ഓവറിലെ അവസാന പന്തും ഔട്ട് സ്വിങ്ങർ എന്നുറപ്പിച്ച ബാവുമ ഓഫ് ഡ്രൈവിനു തയാറെടുത്തു. ഗുഡ് ലെങ്തിൽ പന്ത് പിച്ച് ചെയ്തതോടെ ബാവുമ ഓഫ് ഡ്രൈവിനു മുന്നോട്ടാഞ്ഞു. പക്ഷേ അപ്രതീക്ഷിത ഇൻസ്വിങ്ങർ – ബാവുമയുടെ ബാറ്റിനും പാഡിനുമിടയിലൂടെ ബോൾ മിഡിൽ സ്റ്റംപിനെ മുത്തമിട്ടു കടന്നു പോയി. സ്വിങ് ബോളിങ്ങിൽ ഒരു ബാറ്ററെ ഇതിലും മനോഹരമായി എങ്ങനെ കബളിപ്പിക്കാനാകും!
ഇതെല്ലാം കണ്ടുകൊണ്ടു തേഡ്മാൻ ഏരിയയിൽ ഒരാൾ കാത്തു നിൽപുണ്ടായിരുന്നു– അർഷ്ദീപ് സിങ്. ചാഹർ പയറ്റിയ അതേ തന്ത്രം തന്നെ അർഷ്ദീപും പയറ്റി. സ്വതസിദ്ധമായ ഔട്ട് സ്വിങ്ങറിലൂടെ അർഷ്ദീപ് തുടക്കമിട്ടു. ആദ്യ 5 പന്തുകളും ഇൻ സ്വിങ്ങറുകൾ. അതിനിടയിൽ ഡികോക്കിന്റെയും റിലേ റൂസോയുടെയും വിക്കറ്റുകൾ. പക്ഷേ പ്ലാൻ അപ്പോഴും ബാക്കി. ആറാം പന്തിൽ ക്രീസിലെത്തിയ ഡേവിഡ് മില്ലറെ ഞെട്ടിച്ച് എണ്ണം പറഞ്ഞ ഒരു ഇൻസ്വിങ്ങർ. ബാവുമയുടെ വിക്കറ്റിന്റെ ഇടംകൈ പതിപ്പ് എന്നപോലെ മില്ലറും തിരികെ ഡ്രസിങ് റൂമിലേക്ക്.
English Summary: How Arshdeep Singh and Deepak Chahar dismantle South African batters