ADVERTISEMENT

ഭോപാൽ ∙ രാജസ്ഥാനിലെ ജോധ്പുർ ബർകത്തുള്ള ഖാൻ സ്റ്റേഡിയത്തിൽ ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് ലീഗ് മത്സരത്തിനിടെ അരങ്ങേറിയ നാടകീയ രംഗങ്ങൾക്ക് പുതിയ ഭാഷ്യവുമായി ഓ‌സ്‌ട്രേലിയൻ സ്‌പോർട്‌സ് മാധ്യമം ഫോ‌ക്‌സ് ക്രിക്കറ്റ്. ഇർഫാൻ പഠാൻ നയിക്കുന്ന ബിൽവാര കിങ്സും  ജാക്വസ് കാലിസ് നയിക്കുന്ന ഇന്ത്യ ക്യാപിറ്റൽസുമായി ‌ഞായറാ‌ഴ്‌ച നടന്ന മത്സ‌രത്തിൽ മുൻ ഇന്ത്യൻ താരവും  ബിൽവാര കിങ്സ്  ബാറ്ററുമായ യൂസഫ് പഠാനും ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം മുൻ പേസറും ഇന്ത്യ ക്യാപിറ്റൽസ് താരവുമായ മിച്ചൽ ജോൺസണും തമ്മിൽ ഏറ്റുമുട്ടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

മിച്ചൽ ജോൺസൺ എറിഞ്ഞ മൂന്നാമത്തെ ഓവറിലെ അവസാന പന്ത് അംപയർ വൈഡ് അനുവദിക്കാത്തതാണ് പ്രശ്‌നങ്ങൾക്കു തുടക്കമിട്ടത്. ബോൾ ബൈഡാണെന്ന് പഠാൻ അംപയറോട് പറയുന്നതും ജോൺസണും പഠാനും നേർക്കു നേർ വരുന്നത് വിഡിയോയിൽ വ്യക്തമാണ്. 

തനിക്കു നേരേ പാഞ്ഞടുത്ത  യൂസഫ് പഠാനെ മിച്ചൽ ജോൺസൺ പിടിച്ചു തള്ളിയതോടെ കളി കാര്യമായി. സഹതാരങ്ങൾ ഓടിയെത്തി ഇരുവരെയും അനുനയിപ്പിക്കുകയായിരുന്നു. എന്നാൽ മത്സരം നിയന്ത്രിച്ച വനിതാ അംപയർ കിം കോട്ടനെ സ്ലെഡ്‌ജ് ചെയ്‌തതാണെന്നു കാര്യങ്ങൾ വഷളാക്കിയതെന്നും മിച്ചൽ ജോൺസൺ പ്രകോപനകരമായി ഒന്നും ചെയ്‌തില്ലെന്നും സഹതാരത്തെ ഉദ്ധരിച്ച്  ഫോ‌ക്‌സ് ക്രിക്കറ്റ് റിപ്പോർട്ട് ചെയ്‌തു. അംപയർ വൈഡ് അനുവദിക്കാത്തതിൽ കുപിതനായ പഠാനാണ് പ്രശ്‌നം തുടങ്ങിവച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. 

എന്നാൽ വെളിപ്പെടുത്തൽ നടത്തിയ കളിക്കാരന്റെ പേര് വെളിപ്പെടുത്താൻ മാധ്യമം തയാറായില്ല. സംഭവത്തിൽ മിച്ചൽ ജോൺസനെതിരെ അധികൃതർ നടപടിയെടുത്തിരുന്നു. മാച്ച് ഫീയുടെ 50 ശതമാനം പിഴയൊടുക്കാൻ ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് ലീഗ് കമ്മിഷണർ രവി ശാസ്‌ത്രി ഉത്തരവിട്ടിരുന്നു. എന്നാൽ  കളിക്കളത്തിൽ രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുകയും ജോൺസന് നേരെ പാഞ്ഞടുക്കുകയും ചെയ്‌ത പാഠനെതിരെ നടപടി എടുത്തിരുന്നില്ല. 

English Summary: Watch: Ugly scenes as Mitchell Johnson angrily shoves Yusuf Pathan in heated altercation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com