ഔട്ടാക്കിയില്ല, താക്കീത് മാത്രം നൽകി ചാഹർ, പുഞ്ചിരിച്ച് രോഹിത്; ‘മങ്കാദിങ്ങി’ൽ വീണ്ടും വിവാദം
Mail This Article
ഇൻഡോർ∙ ഇന്ത്യ–ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്റി20യിൽ ദക്ഷിണാഫ്രിക്കൻ താരം ട്രിസ്റ്റൻ സ്റ്റബ്സിനെ ‘മങ്കാദിങ്ങി’ലൂടെ പുറത്താക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയ ദീപക് ചാഹറിനെ പിന്തുണച്ചും എതിർത്തും സോഷ്യൽമീഡിയ. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയുടെ ദീപ്തി ശർമ നോൺ സ്ട്രൈക്കർ ചാർലി ഡീനിനെ റണ്ണൗട്ടാക്കി (മങ്കാദിങ്)യതു സംബന്ധിച്ച വിവാദത്തിന്റെ അലയൊലികൾ ഒന്ന് അടങ്ങിയതിനു പിന്നാലെയാണ് ചാഹർ സമാന സംഭവത്തിൽ ചർച്ചകളിൽ ഇടംനേടുന്നത്.
ഇന്ത്യ– ദക്ഷിണാഫ്രിക്ക മൂന്നാം ട്വിന്റി20യിലെ 16ാം ഓവറിലാണ് സംഭവം. ചാഹർ പന്തെറിയുന്നതിനായി ഓടിയെത്തിയപ്പോൾ നോൺ സ്ട്രൈക്കർ ട്രിസ്റ്റൻ സ്റ്റബ്സ് ക്രീസിൽനിന്ന് പുറത്തിറങ്ങി നിൽക്കുകയായിരുന്നു. ഇത് ശ്രദ്ധിച്ച ചഹർ പന്തെറിയാതെ സ്റ്റംബിലേക്ക് ബോൾ ചൂണ്ടി റണ്ണൗട്ട് ആക്കുമെന്ന താക്കീത് നൽകി. ഇതു കണ്ട സ്റ്റബ്സ് തിരികെ ഓടിവന്ന് ക്രീസിലേക്കു കയറി. പിന്നീട് ഇരവരും മുഖത്തോടു മുഖം നോക്കി പുഞ്ചിരിച്ചു. ഇതുകണ്ടു നിന്ന ക്യാപ്റ്റൻ രോഹിത് ശർമയും പുഞ്ചിരിച്ചു കൊണ്ടാണ് പ്രതികരിച്ചത്.
എന്നാൽ ഇതിനോട് സമ്മിശ്ര പ്രതികരണമാണ് ആരാധകരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. റണ്ണൗട്ടാക്കാൻ അവസരം കിട്ടിയിട്ടും അത് പാഴാക്കിയ ചഹറിനെ കുറ്റപ്പെടുത്തി ഒരു കൂട്ടർ രംഗത്തുവന്നപ്പോൾ ചാഹർ മുന്നറിയിപ്പ് നൽകിയത് വളരെ നല്ല തീരുമാനമായിരുന്നെന്നാണ് മറ്റൊരു കൂട്ടർ പറയുന്നത്. നോൺ സൈട്രക്കർ എൻഡിൽ നിൽക്കുന്ന താരം ക്രീസിനു പുറത്താണെങ്കിൽ റണ്ണൗട്ടാക്കാമെന്ന് ക്രിക്കറ്റ് നിയമത്തിൽ ഉണ്ടായിട്ടും ചാഹർ എന്തുകൊണ്ട് ചെയ്തില്ല എന്ന തരത്തിലും ചോദ്യങ്ങളുയരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് മീമുകളും മറ്റും സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്.
ഇന്ത്യ– ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയുടെ ദീപ്തി ശർമ നോൺ സ്ട്രൈക്കർ ചാർലി ഡീനിനെ മങ്കാദിങ്ങിലൂടെ പുറത്താക്കിയത് ഏറെ വിവാദത്തിന് വഴിവച്ചിരുന്നു. ഷാർലറ്റ് കണ്ണീരോടെയാണ് കളം വിട്ടത്. ഔട്ടാക്കും മുൻപ് ദീപ്തി താക്കീത് നൽകിയില്ല എന്നായിരുന്നു ദീപ്തിയെ എതിർത്തവരുടെ വാദം. ഇന്ത്യൻ ടീമിനെതിരെ വിമർശനവുമായി മുൻ ഇംഗ്ലണ്ട് താരങ്ങൾ രംഗത്തെത്തിയതോടെ രവിചന്ദ്രൻ അശ്വിൻ ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങൾ ദീപ്തിയെ പിന്തുണച്ചെത്തിയതോടെ സമൂഹമാധ്യമങ്ങളിലും ചേരിപ്പോരായി. ഇതിനു പിന്നാലെ താൻ മുന്നറിയിപ്പ് നൽകിയിരുന്നു എന്ന് ദീപ്തിയും പ്രതികരിച്ച് രംഗത്തെത്തി.
English Summary: India vs South Africa: Meme Fest On Twitter As Deepak Chahar Doesn't Run Out Stubbs At Non-Striker's End