ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്: മെയ്യപ്പനല്ല; പൊന്നപ്പൻ! യുഎഇയ്ക്കു തോൽവി
Mail This Article
ഗീലോങ് (ഓസ്ട്രേലിയ) ∙ 15–ാം ഓവറിൽ ശ്രീലങ്കയുടെ 3 വിക്കറ്റുകൾ തുടരെ വീഴ്ത്തി ഹാട്രിക് നേടിയ കാർത്തിക് മെയ്യപ്പനെ കെട്ടിപ്പിടിച്ചപ്പോൾ യുഎഇയുടെ മലയാളി ക്യാപ്റ്റൻ സി.പി.റിസ്‌വാൻ മനസ്സിൽ പറഞ്ഞു കാണും: നീ മെയ്യപ്പനല്ലെടാ, പൊന്നപ്പൻ! എന്നാൽ മെയ്യപ്പനും (3–19) സഹൂർ ഖാനും (2–26) ബോളിങ്ങിൽ പകർന്ന ആത്മവിശ്വാസം യുഎഇ ബാറ്റർമാർക്കു പുറത്തെടുക്കാനായില്ല.
ശ്രീലങ്കയുടെ 152 റൺസ് പിന്തുടർന്നിറങ്ങിയ യുഎഇ ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് എ മത്സരത്തിൽ വെറും 73 റൺസിനു പുറത്തായി. ലങ്കയുടെ ജയം 79 റൺസിന്. സ്കോർ: ശ്രീലങ്ക– 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 152. യുഎഇ– 17.1 ഓവറിൽ 73നു പുറത്ത്. ആദ്യ മത്സരത്തിൽ നമീബിയയോട് അപ്രതീക്ഷിത തോൽവി വഴങ്ങിയ ശ്രീലങ്ക ജയത്തോടെ സൂപ്പർ 12 പ്രതീക്ഷ നിലനിർത്തി. രണ്ടാം തോൽവിയോടെ യുഎഇയുടെ പ്രതീക്ഷ അസ്തമിച്ചു. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്കാണ് മെയ്യപ്പൻ നേടിയത്.
ടോസ് നേടിയ യുഎഇ ക്യാപ്റ്റൻ റിസ്‌വാൻ ശ്രീലങ്കയെ ബാറ്റിങ്ങിനു വിളിക്കുകയായിരുന്നു. ഓപ്പണർ പാത്തും നിസംഗ (60 പന്തിൽ 74) നിന്നു കളിച്ചതോടെ ലങ്കയ്ക്ക് മികച്ച തുടക്കം കിട്ടി. വൺഡൗൺ ആയി ഇറങ്ങിയ ധനഞ്ജയ ഡിസിൽവയും (21 പന്തിൽ 33) തിളങ്ങി. എന്നാൽ മധ്യനിര യുഎഇ ബോളർമാർക്കു മുന്നിൽ തകർന്നടിഞ്ഞു. 15–ാം ഓവറിന്റെ അവസാന മൂന്നു പന്തുകളിലാണ് ഭാനുക രാജപക്സ (5), ചരിത് അസലങ്ക (0), ദാസുൻ ശനക (0) എന്നിവരെ ലെഗ് സ്പിന്നർ മെയ്യപ്പൻ മടക്കിയത്.
എന്നാൽ മറുപടി ബാറ്റിങ്ങിൽ യുഎഇ തുടക്കത്തിലേ തകർന്നു. 10 ഓവറിൽ 6 വിക്കറ്റിന് 36 എന്ന നിലയിൽ നിന്ന് അവർക്കു കരകയറാനായില്ല. 19 റൺസെടുത്ത അഫ്സൽ ഖാനാണ് ടോപ് സ്കോറർ. റിസ്‌വാന് ഒരു റണ്ണെടുക്കാനേ കഴിഞ്ഞുള്ളൂ. ലങ്കൻ ലെഗ് സ്പിന്നർ വാനിന്ദു ഹസരംഗ 4 ഓവറിൽ വെറും 8 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. ദുഷ്മന്ത ചമീര (3–15), മഹീഷ് തീക്ഷണ (2–15) എന്നിവരും തിളങ്ങി.
English Summary: Karthik Meiyappan Bags UAE's First-Ever Hat-Trick In Men's T20Is, Scripts History In T20 World Cup 2022