ഫിഞ്ചിനു പകരം പാറ്റ് കമിൻസ്; ഓസ്ട്രേലിയൻ ഏകദിന ടീമിന്റെ നായകനാകും
Mail This Article
മെൽബൺ ∙ ഏകദിന ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച ആരോൺ ഫിഞ്ചിനു പകരം പേസ് ബോളർ പാറ്റ് കമിൻസ് ഓസ്ട്രേലിയൻ ഏകദിന ടീമിന്റെ ക്യാപ്റ്റനാകും. നിലവിൽ ടെസ്റ്റ് ടീം ക്യാപ്റ്റനാണ് ഇരുപത്തൊമ്പതുകാരൻ കമിൻസ്. അടുത്ത വർഷം ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഏകദിന ലോകകപ്പിൽ ഉൾപ്പെടെ കമിൻസ് ഓസ്ട്രേലിയയെ നയിക്കും.
സ്റ്റീവ് സ്മിത്ത്, ഗ്ലെൻ മാക്സ്‌വെൽ, മിച്ചൽ മാർഷ്, അലക്സ് കാരി എന്നിവരെ പിന്തള്ളിയാണ് ഓസ്ട്രേലിയയുടെ 27–ാം ഏകദിന ക്യാപ്റ്റനായി കമിൻസ് നിയുക്തനാകുന്നത്. ഓസ്ട്രേലിയൻ പുരുഷ ടീമിന്റെ ഏകദിന ക്യാപ്റ്റനാകുന്ന ആദ്യ ഫാസ്റ്റ്ബോളറുമാണു കമിൻസ്.
വൈസ് ക്യാപ്റ്റനെ ക്രിക്കറ്റ് ഓസ്ട്രേലിയ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ട്വന്റി20 ക്യാപ്റ്റനായി ആരോൺ ഫിഞ്ച് തുടരും. ഇംഗ്ലണ്ടിനെതിരെ അടുത്ത മാസം നടക്കുന്ന ഏകദിന പരമ്പരയാണ് കമിൻസിനു കീഴിൽ ഓസ്ട്രേലിയ ആദ്യം കളിക്കുക.
English Summary: Pat Cummins replaces Aaron Finch as Australia's new ODI captain