ADVERTISEMENT

ലഹോർ ∙ അടുത്ത വർഷത്തെ ഏഷ്യാ കപ്പ് ടൂർണമെന്റുമായി ബന്ധപ്പെട്ട തർക്കവും ആശങ്കയും പരിഹരിക്കാൻ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ (എസിസി) അടിയന്തര യോഗം വിളിക്കണമെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഔദ്യോഗികമായി ആവശ്യപ്പെട്ടു. പാക്കിസ്ഥാനിൽ നടത്താൻ നിശ്ചയിച്ച ടൂർണമെന്റിന് ടീം ഇന്ത്യയെ അയയ്ക്കില്ലെന്ന് ബിസിസിഐ സെക്രട്ടറിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റുമായ ജയ്ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിനെത്തുടർന്നാണ് നടപടി.

ഏഷ്യാ കപ്പ് പാക്കിസ്ഥാനിൽ നിന്ന് മറ്റൊരു നിഷ്പക്ഷ രാജ്യത്തേക്കു മാറ്റണമെന്നും ഷാ ആവശ്യപ്പെട്ടിരുന്നു. പ്രശ്നം രമ്യമായി പരിഹരിച്ചില്ലെങ്കിൽ, പകരത്തിനു പകരമെന്ന നിലയിൽ ഏകദിന ലോകകപ്പിൽനിന്നു പാക്കിസ്ഥാൻ പിൻവാങ്ങുമെന്നും പിസിബി ഭീഷണിപ്പെടുത്തി.

ട്വന്റി20 ലോകകപ്പിൽ ഇന്ത്യ–പാക്കിസ്ഥാൻ മത്സരം ഞായറാഴ്ച നടക്കാനിരിക്കെയാണ് ഇരു ക്രിക്കറ്റ് ബോർ‍ഡുകളും പരസ്യമായി കൊമ്പുകോർത്തത്. രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) വിവാദത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

‘ഈ നിലപാട് ക്രിക്കറ്റ് ലോകത്ത് ഭിന്നിപ്പുണ്ടാക്കുന്നതാണ്. അടുത്ത വർഷം ഇന്ത്യയി‍ൽ നടക്കുന്ന ഏകദിന ലോകകപ്പിൽ പാക്കിസ്ഥാൻ ടീമിന്റെ പങ്കാളിത്തവും ഷായുടെ പ്രസ്താവന മൂലം ആശങ്കയിലായി. ഏഷ്യാ കപ്പ് സംഘാടനം സംബന്ധിച്ച് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽനിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ല. ടൂർണമെന്റ് പാക്കിസ്ഥാനിൽ നിന്നു മാറ്റണമെന്ന ജയ് ഷായുടെ പ്രസ്താവന ഏകപക്ഷ‌ീയവും ദീർഘകാല പ്രത്യാഘാതങ്ങളുണ്ടാക്കുന്നതുമാണ്’’– പിസിബി പ്രസ്താവനയിൽ ആരോപിച്ചു.

Content Highlight: PCB on Asia Cup controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com