ADVERTISEMENT

സിഡ്നി ∙ ക്രിക്കറ്റ് താരമെന്ന നിലയിലുള്ള വളർച്ചയ്ക്കു പിന്നിൽ ഇന്ത്യൻ പ്രിമിയർ ലീഗാണെന്ന് (ഐപിഎൽ) തുറന്നുപറഞ്ഞ് ഓസ്ട്രേലിയൻ താരം മാർക്കസ് സ്റ്റോയ്നിസ്. സ്പിന്നർമാർക്കെതിരെ മികച്ച രീതിയിൽ കളിക്കാനുള്ള മികവും ആത്മവിശ്വാവും തനിക്കു ലഭിച്ചത് ഐപിഎലിൽ നിന്നാണെന്ന് സ്റ്റോയ്നിസ് വ്യക്തമാക്കി. ട്വന്റി20 ലോകകപ്പിൽ ശ്രീലങ്കയ്‌ക്കെതിരെ 17 പന്തിൽ അർധസെഞ്ചറി നേടി റെക്കോർഡിട്ടതിനു പിന്നാലെയാണ് തന്റെ കളിയിൽ ഇന്ത്യൻ പ്രിമിയർ ലീഗിന്റെ സ്വാധീനം തുറന്നുപറഞ്ഞ് സ്റ്റോയ്നിസ് രംഗത്തെത്തിയത്.

പൊതുവെ സ്പിന്നർമാർക്കെതിരെ മികവു കണ്ടെത്താൻ വിഷമിക്കുന്ന സ്റ്റോയ്നിസ്, ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ അവരുടെ സ്പിൻ ദ്വയമായ വാനിന്ദു ഹസരംഗ – മഹീഷ് തീക്ഷണ സഖ്യത്തിനെതിരെ തകർത്തടിച്ചാണ് റെക്കോർഡിട്ടത്. ഇന്ത്യൻ താരം യുവരാജ് സിങ്ങിനു ശേഷം ട്വന്റി20 ലോകകപ്പിൽ പിറക്കുന്ന വേഗമേറിയ അർധസെഞ്ചറിയാണ് സ്റ്റോയ്നിസിന്റേത്.

‘‘എന്റെ കളിയിൽ കാര്യമായ മാറ്റം കൊണ്ടുവരുന്നതിൽ ഐപിഎലും വലിയൊരു നിമിത്തമാണ്. അതിനു കാരണങ്ങൾ പലതാണ്. പല രാജ്യങ്ങളിൽനിന്നുള്ള ലോകോത്തര പരിശീലകരെയും വിവിധ രാജ്യങ്ങളിൽനിന്നുള്ള മികവുറ്റ കളിക്കാരെയും നമുക്ക് അവിടെ കാണാം’ – സ്റ്റോയ്നിസ് പറഞ്ഞു.

‘‘ഏതാനും വർഷങ്ങളായി ഞാൻ ഐപിഎലിന്റെ ഭാഗമാണ്. ഐപിഎലിൽ വിവിധ ടീമുകൾക്കായി കളിച്ചിട്ടുമുണ്ട്. സ്പിന്നിനെ നേരിടുന്ന കാര്യത്തിൽ ഒട്ടേറെ ടെക്നിക്കുകൾ എനിക്ക് ഐപിഎലിൽ നിന്ന് പഠിക്കാനായിട്ടുണ്ട്. അതെല്ലാം എന്റെ കളിയിൽ കാര്യമായ മാറ്റം വരുത്തിയിട്ടുമുണ്ട്’ – സ്റ്റോയ്നിസ് പറഞ്ഞു. 

English Summary: IPL has changed my cricket, helped me evolve: Marcus Stoinis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com