ഫൈനലിൽ ഇന്ത്യയെ കിട്ടണം, ഞങ്ങൾ കാത്തിരിക്കുന്നു: പാക്കിസ്ഥാൻ മുൻ താരം
Mail This Article
ഇസ്‍ലാമബാദ്∙ ട്വന്റി20 ലോകകപ്പ് സെമിയിൽ ന്യൂസീലൻഡിനെ തോൽപിച്ച് ഫൈനല്‍ ഉറപ്പിച്ചിരിക്കുകയാണു പാക്കിസ്ഥാൻ. കണ്ണുകളെല്ലാം ഇന്ത്യൻ ക്രിക്കറ്റ് ടീമിലാണ്, ഇന്നു നടക്കുന്ന സെമി മത്സരത്തിൽ ഇംഗ്ലണ്ടിനെ കീഴടക്കി ഇന്ത്യ ഫൈനലിൽ പാക്കിസ്ഥാനുമായി ഏറ്റുമുട്ടുമെന്നാണ് ആരാധക പ്രതീക്ഷ. നവംബർ 13ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ലോകകപ്പിലെ ഫൈനൽ പോരാട്ടം. അതേസമയം ഫൈനലിൽ പാക്കിസ്ഥാന് ഇന്ത്യയെ തന്നെ കിട്ടണമെന്നാണ് ആഗ്രഹമെന്ന് പാക്കിസ്ഥാന്റെ മുൻ പേസർ ശുഐബ് അക്തർ പ്രതികരിച്ചു.
‘‘ഹിന്ദുസ്ഥാൻ, ഞങ്ങൾ മെൽബണിലെത്തിയിരിക്കുന്നു. ഞങ്ങള്‍ നിങ്ങളെയാണു കാത്തിരിക്കുന്നത്. സെമിയിൽ ഇംഗ്ലണ്ടിനെ തോൽപിച്ച് മെൽബണിൽ വരാൻ ഞാൻ ആശംസിക്കുന്നു. 1992 ലോകകപ്പ് ഫൈനലിൽ മെൽബണിൽ വച്ചാണു പാക്കിസ്ഥാൻ ഇംഗ്ലണ്ടിനെ തോല്‍പിച്ചത്. ഇപ്പോൾ 2022 ആണ്. ഫൈനലിൽ ഞാൻ ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം ആഗ്രഹിക്കുന്നു. ഒരിക്കൽ കൂടി നമുക്കു കളിച്ചുനോക്കാം.’’ ലോകമാകെ കാത്തിരിക്കുകയാണെന്നും അക്തർ പ്രതികരിച്ചു.
2009ൽ ലോഡ്സിൽ ശ്രീലങ്കയെ എട്ടു വിക്കറ്റിനു തോൽപിച്ചാണ് പാക്കിസ്ഥാൻ ലോകകപ്പിൽ ഒടുവിൽ കിരീടം നേടിയത്. 2022 ലോകകപ്പിൽ സൂപ്പർ 12 റൗണ്ടിൽ ഇന്ത്യയോടും സിംബാബ്‍വെയോടും തോറ്റ പാക്കിസ്ഥാൻ നെതർലൻഡ്സിനെയും ദക്ഷിണാഫ്രിക്കയെയും ബംഗ്ലദേശിനെയും കീഴടക്കിയാണ് സെമി ഉറപ്പിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30ന് നടക്കുന്ന രണ്ടാം സെമിയിൽ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടും.
English Summary: Shoaib Akhtar's Viral Message To India After Pakistan's T20 World Cup Final Entry