ADVERTISEMENT

ക്രൈസ്റ്റ് ചർച്ച് ∙ ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിന് മുന്നോടിയായി ഡിജിറ്റൽ സ്ട്രീമിങ് ആപ്പിന്റെ പരിപാടിയിൽ സംസാരിക്കുന്നതിനിടെ പ്രകോപിതനായി ഇന്ത്യൻ വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ഋഷഭ് പന്ത്. പ്രമുഖ ക്രിക്കറ്റ് കമന്റേറ്ററായ ഹർഷ ഭോഗ്‌ലെയുടെ ചോദ്യത്തോടാണ് ഋഷഭ് പന്ത് അസ്വസ്ഥത പ്രകടിപ്പിച്ചത്. ടെസ്റ്റ് ക്രിക്കറ്റിലെയും ഏകദിന, ട്വന്റി20 ക്രിക്കറ്റിലെയും പന്തിന്റെ ബാറ്റിങ് പ്രകടനങ്ങൾ വിലയിരുത്തിക്കൊണ്ടായിരുന്നു ഹർഷയുടെ ചോദ്യം. മുൻ ഇന്ത്യൻ താരം വീരേന്ദ്ര സേവാഗിനോട് പന്തിനെ താരതമ്യപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് താരം പ്രകോപിതനായത്.

അഭിമുഖം ഇങ്ങനെ:

ഹർഷ ഭോഗ്‌ലെ: ഇതേ ചോദ്യം ഞാൻ സേവാഗിനോടും ചോദിച്ചിരുന്നു, ഇപ്പോൾ നിങ്ങളോടും ചോദിക്കുകയാണ്. വൈറ്റ്-ബോൾ ക്രിക്കറ്റ് നിങ്ങളുടെ യുഎസ്പി ആണെന്ന തോന്നലുണ്ടോ? എന്നാൽ നിങ്ങളുടെ ടെസ്റ്റ് റെക്കോർഡാണ് മികച്ചത്.

ഋഷഭ് പന്ത്: സർ, റെക്കോർഡുകൾ വെറും അക്കങ്ങൾ മാത്രമാണ്. എന്റെ വൈറ്റ് ബോൾ റെക്കോർഡും അത്ര മോശമല്ല...

ഹർഷ ഭോഗ്‌ലെ: മോശമാണെന്ന് ഞാൻ പറയുന്നില്ല, ടെസ്റ്റ് നമ്പറുകളുമായി താരതമ്യം ചെയ്യുമ്പോഴുള്ള കാര്യമാണ് പറഞ്ഞത്.

ഋഷഭ് പന്ത്: താരതമ്യം ചെയ്യുന്നത് എന്റെ രീതിയല്ല. എനിക്ക് 24-25 വയസ്സുണ്ട്, നിങ്ങൾക്ക് താരതമ്യം ചെയ്യണമെങ്കിൽ, എനിക്ക് 30-32 വയസ്സുള്ളപ്പോൾ ചെയ്യാം.

ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ ടെസ്റ്റ് സെഞ്ചറികൾ നേടിയ ഒരേയൊരു ഇന്ത്യൻ കീപ്പർ ബാറ്ററാണ് ഋഷഭ് പന്ത്. 31 ടെസ്റ്റുകൾ മാത്രമാണ് കളിച്ചിട്ടുള്ളതെങ്കിലും, അവിസ്മരണീയമായ ചില ഇന്നിങ്സുകൾ പന്തിൽനിന്ന് ഉണ്ടായി. നിലവിൽ 43 ശരാശരിയും സ്ട്രൈക്ക് റേറ്റ് 72ഉം ഉണ്ട്. എന്നാൽ വൈറ്റ് ബോൾ ക്രിക്കറ്റിൽ നിലവിൽ പന്ത് ശരിക്കും സമ്മർദം നേരിടുന്നു.

കഴിഞ്ഞ ഏഴ്– എട്ടു മാസമായി ട്വന്റി20യിൽ പന്തിനു പകരം ദിനേശ് കാർത്തിക്ക് പലപ്പോഴും പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചു. ലോകകപ്പിൽ ഉൾപ്പെടെ കാർത്തിക്കിനാണ് അവസരം ലഭിച്ചത്. ഇപ്പോൾ ന്യൂസീലൻഡിനെതിരായ പരമ്പരയിൽ അവസരം ലഭിച്ചെങ്കിലും തിളങ്ങാൻ സാധിച്ചില്ല. ഫോമിലുള്ള സഞ്ജു സാംസണെ ഒഴിവാക്കി പന്തിന് അവസരം നൽകുന്നതിനോട് വ്യാപക വിമർശനവും ഉയരുന്നുണ്ട്.

rishabh-pant-3011
ഋഷഭ് പന്ത് ഡ്രസിങ് റൂമിൽ വൈദ്യസഹായം തേടിയപ്പോൾ.

അതേസമയം, ന്യൂസീലൻഡിനെതിരായ അവസാന ഏകദിനത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യയുടെ ഇന്നിങ്സിനിടെ ഋഷഭ് പന്ത് ഡ്രസിങ് റൂമിൽ വൈദ്യസഹായം തേടുന്നതിന്റെ ചിത്രവും പുറത്തുവന്നിരുന്നു. ബാറ്റിങ്ങിൽ നാലമനായി ഇറങ്ങിയ പന്ത്, 16 പന്തിൽ രണ്ടു ഫോർ ഉൾപ്പെടെ 10 റൺസെടുത്ത് പുറത്തായിരുന്നു. പിന്നാലെയാണ് ഡ്രസിങ് റൂമിലെത്തി വൈദ്യസഹായം തേടിയത്. എന്നാൽ ന്യൂസിലൻഡ് ഇന്നിങ്സിൽ കീപ്പ് ചെയ്യാൻ ഋഷഭ് പന്ത് ഇറങ്ങി.

English Summary: Rishabh Pant irked by Virender Sehwag-linked question

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com