ADVERTISEMENT

ജയ്പുർ ∙ 105 റൺസെടുക്കുന്നതിനിടെ നാലു വിക്കറ്റ് വീഴ്ത്തി തകർച്ചയിലേക്കു തള്ളിയിടാൻ നോക്കിയ കേരളത്തിനെതിരെ, ദീപക് ഹൂഡയുടെ തകർപ്പൻ സെഞ്ചറിയുടെ ബലത്തിൽ രാജസ്ഥാന്റെ തിരിച്ചടി. ജയ്പുരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽനടക്കുന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ, ആദ്യ ദിനം കളി നിർത്തുമ്പോൾ 87 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 310 റൺസ് എന്ന നിലയിലാണ്. അർധസെഞ്ചറി പൂർത്തിയാക്കിയ സൽമാൻ ഖാൻ (62*), മാനവ് സുതർ (6*) എന്നിവർ ക്രീസിൽ. ദീപക് ഹൂഡ 133 റൺസെടുത്ത് പുറത്തായി. ഓപ്പണർ യാഷ് കോത്താരിയും (58) രാജസ്ഥാനായി അർധസെഞ്ചറി നേടി.

106 റൺസെടുക്കുന്നതിനിടെ നാലു വിക്കറ്റ് വീഴ്ത്തി രാജസ്ഥാനെ ചെറിയ സ്കോറിൽ ഒതുക്കുന്നത് സ്വപ്നം കണ്ട കേരളത്തിന്, സൽമാൻ ഖാനൊപ്പം അഞ്ചാം വിക്കറ്റിൽ സെഞ്ചറി കൂട്ടുകെട്ട് തീർത്താണ് ദീപക് ഹൂഡ തിരിച്ചടി നൽകിയത്. 187 പന്തുകൾ നേരിട്ട ഹൂഡ 14 ഫോറും ഒരു സിക്സും സഹിതം 133 റൺസെടുത്തു. അഞ്ചാം വിക്കറ്റിൽ സൽമാൻ ഖാനൊപ്പം ഹൂഡ കൂട്ടിച്ചേർത്തത് 321 പന്തിൽ 191 റൺസ്. ഇതുവരെ 164 പന്തുകൾ നേരിട്ട സൽമാൻ ഖാൻ, മൂന്നു ഫോറുകളോടെയാണ് 62 റൺസെടുത്തത്.

സ്കോർ ബോർഡിൽ 25 റൺസ് മാത്രമുള്ളപ്പോൾ ഓപ്പണർ അഭിജീത് തോമാറിനെ നഷ്ടമായ രാജസ്ഥാന്, രണ്ടാം വിക്കറ്റിൽ അർധസെഞ്ചറി കൂട്ടുകെട്ട് തീർത്ത് മഹിപാൽ ലോംറോർ – യാഷ് കോത്താരി സഖ്യമാണ് തുണയായത്. തോമാർ 15 പന്തിൽ 10 റൺസെടുത്തു. കോത്താരി 84 പന്തിൽ എട്ടു ഫോറുകൾ  സഹിതം 58 റൺസെടുത്ത് പുറത്തായി. ലോംറോർ 50 പന്തിൽ മൂന്നു ഫോറുകളോടെ 23 റൺസെടുത്തു. ക്യാപ്റ്റൻ അശോക് മെനാരിയ ഡക്കായി.

കേരളത്തിനായി ജലജ് സക്സേന രണ്ടു വിക്കറ്റ് വീഴ്ത്തി. 25 ഓവറിൽ 74 റൺസ് വഴങ്ങിയാണ് സക്സേന രണ്ടു വിക്കറ്റ് വീഴ്ത്തിയത്. ബേസിൽ തമ്പി, ഫാസിൽ ഫാനൂസ്, സിജോമോൻ ജോസഫ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

English Summary: Rajasthan vs Kerala, Elite Group C - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com