അവസാന 5 വിക്കറ്റുകൾ 14 റൺസിനിടെ വലിച്ചെറിഞ്ഞ് ബംഗ്ലദേശ്; 227 റൺസിന് ഓൾഔട്ട്
Mail This Article
ധാക്ക ∙ ടീമിലേക്കു തിരിച്ചെത്തിയ മോമിനുൽ ഹഖ് ഒരുവശത്ത് പൊരുതി നോക്കിയെങ്കിലും കാര്യമായ പിന്തുണ നൽകാൻ ആളില്ലാതെ പോയതോടെ, ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ആതിഥേയരായ ബംഗ്ലദേശ് 227 റൺസിന് പുറത്ത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലദേശ് 73.5 ഓവറിലാണ് 227 റൺസെടുത്തത്. മോമിനുൽ ഹഖ് 157 പന്തിൽ 12 ഫോറും ഒരു സിക്സും സഹിതം 84 റൺസോടെ ബംഗ്ലദേശിന്റെ ടോപ് സ്കോററായി. ഇന്ത്യയ്ക്കായി ഉമേഷ് യാദവ്, രവിചന്ദ്രൻ അശ്വിൻ എന്നിവർ നാലും ജയ്ദേവ് ഉനദ്കട് രണ്ടും വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ ആദ്യ ദിനം വെളിച്ചക്കുറവു മൂലം നേരത്തേ കളി നിർത്തുമ്പോൾ എട്ട് ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 19 റൺസ് എന്ന നിലയിലാണ്. ശുഭ്മൻ ഗിൽ 20 പന്തിൽ ഓരോ ഫോറും സിക്സും സഹിതം 14 റൺസോടെയും ക്യാപ്റ്റൻ കൂടിയായ കെ.എൽ.രാഹുൽ 30 പന്തിൽ മൂന്നു റൺസോടെയും ക്രീസിൽ. ഇതുവരെ 50 പന്തുകൾ നേരിട്ടാണ് ഇരുവരും 19 റൺസ് കൂട്ടിച്ചേർത്തത്. 10 വിക്കറ്റും കയ്യിലിരിക്കെ ബംഗ്ലദേശിന്റെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാൾ 208 റൺസ് പിന്നിലാണ് ഇന്ത്യ.
∙ ഒരു അർധസെഞ്ചറി, 0 അർധസെഞ്ചറി കൂട്ടുകെട്ട്
ഓപ്പണർ നജ്മുൽ ഹുസൈൻ ഷാന്റോ (57 പന്തിൽ 24), സാകിർ ഹസൻ (34 പന്തിൽ 15), ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ (39 പന്തിൽ 16), മുഷ്ഫിഖുർ റഹിം (46 പന്തിൽ 26), ലിട്ടൻ ദാസ് (26 പന്തിൽ 25), മെഹ്ദി ഹസൻ മിറാസ് (51 പന്തിൽ 15), നൂറുൽ ഹസൻ (13 പന്തിൽ ആറ്), ടസ്കിൻ അഹമ്മദ് (16 പന്തിൽ ഒന്ന്), ഖാലിദ് അഹമ്മദ് (0) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. തയ്ജുൽ ഇസ്‍ലാം നാലു റൺസുമായി പുറത്താകാതെ നിന്നു.
ബംഗ്ലദേശ് താരങ്ങൾക്ക് ഒരു അർധസെഞ്ചറി കൂട്ടുകെട്ടു പോലും സൃഷ്ടിക്കാനായില്ല. നാലാം വിക്കറ്റിൽ 77 പന്തിൽ 48 റൺസ് അടിച്ചുകൂട്ടിയ മോമിനുൽ ഹഖ് – മുഷ്ഫിഖുർ റഹിം സഖ്യത്തിന്റെ പേരിലാണ് ഏറ്റവും വലിയ കൂട്ടുകെട്ട്. മൂന്നാം വിക്കറ്റിൽ മോമിനുൽ – ഷാക്കിബ് അൽ ഹസൻ സഖ്യം 43 റൺസും അഞ്ചാം വിക്കറ്റിൽ മോമിനുൽ – ലിട്ടൺ ദാസ് സഖ്യം 42 റൺസും ആറാം വിക്കറ്റിൽ മോമിനുൽ – മെഹ്ദി ഹസൻ സഖ്യം 41 റൺസും ഓപ്പണിങ് വിക്കറ്റിൽ സാകിർ ഹസൻ – ഷാന്റോ സഖ്യം 39 റൺസും കൂട്ടിച്ചേർത്താണ് ടീമിനെ 200 കടത്തിയത്.
ഉമേഷ് യാദവ് 15 ഓവറിൽ 25 റൺസ് വഴങ്ങിയാണ് നാലു വിക്കറ്റ് വീഴ്ത്തിയത്. രവിചന്ദ്രൻ അശ്വിൻ 21.5 ഓവറിൽ 71 റൺസ് വഴങ്ങിയും നാലു വിക്കറ്റ് വീഴ്ത്തി. ശേഷിക്കുന്ന രണ്ടു വിക്കറ്റുകൾ ജയ്ദേവ് ഉനദ്കടിനാണ്. 16 ഓവറിൽ 50 റൺസ് വഴങ്ങിയാണ് ഉനദ്കട് രണ്ടു വിക്കറ്റ് വീഴ്ത്തിയത്.
ആദ്യ മത്സരത്തിൽ 188 റൺസിന് ജയിച്ച ഇന്ത്യ പരമ്പരയിൽ 1–0ന് മുന്നിലാണ്. പരുക്കു ഭേദമാകാത്ത രോഹിത് ശർമയുടെ അഭാവത്തിൽ കെ.എൽ.രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. ആദ്യ ടെസ്റ്റ് കളിച്ച ഇന്ത്യൻ നിരയിൽ ഒരു മാറ്റമുണ്ട്. രണ്ട് ഇന്നിങ്സിലുമായി എട്ടു വിക്കറ്റെടുത്ത് ആദ്യ ടെസ്റ്റിൽ തിളങ്ങിയ കുൽദീപ് യാദവിനു പകരം ജയ്ദേവ് ഉനദ്കട് ഇന്ത്യൻ നിരയിലെത്തി. ബംഗ്ലദേശ് നിരയിൽ രണ്ടു മാറ്റങ്ങളുണ്ട്. യാസിറിനു പകരം മോമിനുൽ ഹഖും എബാദത്ത് ഹുസൈനു പകരം ടസ്കിൻ അഹമ്മദും ടീമിലെത്തി.
English Summary: Bangladesh vs India, 2nd Test, 1st Day - Live Cricket Score