12 വർഷം, 118 മത്സരങ്ങൾ; ഉനദ്കടിന് ഇത് 2–ാം ടെസ്റ്റ്: ഒപ്പം കളിച്ച ദ്രാവിഡ് കോച്ച്, മറ്റുള്ളവർ കളമൊഴിഞ്ഞു!
Mail This Article
ധാക്ക ∙ ജയ്ദേവ് ഉനദ്കട് എന്ന സൗരാഷ്ട്രക്കാരൻ ഇതിനു മുൻപ് ഇന്ത്യയ്ക്കായി ടെസ്റ്റ് കളിക്കുമ്പോൾ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയായിരുന്നു. ഓപ്പണർമാർ ഗൗതം ഗംഭീറും വീരേന്ദർ സേവാഗും. വൺഡൗണായി എത്തുന്നത് ഇപ്പോഴത്തെ പരിശീലകൻ രാഹുൽ ദ്രാവിഡ്. മധ്യനിരയുടെ നട്ടെല്ലായി സച്ചിൻ തെൻഡുൽക്കർ, വി.വി.എസ്.ലക്ഷ്മൺ, സുരേഷ് റെയ്ന എന്നിവർക്കൊപ്പം നായകൻ മഹേന്ദ്രസിങ് ധോണി. ബോളിങ് നിരയിൽ ഹർഭജൻ സിങ്, ഇഷാന്ത് ശർമ, മലയാളി താരം എസ്.ശ്രീശാന്ത് എന്നിവരും!
ടെസ്റ്റ് അരങ്ങേറ്റത്തിനുശേഷം അടുത്ത ടെസ്റ്റ് കളിക്കാൻ നീണ്ട 12 വർഷങ്ങളും 118 മത്സരങ്ങളും കാത്തിരുന്ന ഉനദ്കട് ഒടുവിൽ ഇന്ത്യൻ ജഴ്സിയിൽ രണ്ടാം ടെസ്റ്റ് കളിക്കാൻ ധാക്കയിലെ ഷേർ ബംഗ്ല നാഷനൽ സ്റ്റേഡിയത്തിൽ ഇറങ്ങുമ്പോൾ, ആദ്യ ടെസ്റ്റ് കളിച്ച ഒരാൾ പോലും ഇപ്പോഴത്തെ ഈ ഇന്ത്യൻ നിരയിലില്ല! വിരമിക്കൽ പ്രഖ്യാപനം ഏതു നിമിഷവും സംഭവിച്ചേക്കാവുന്ന ഇഷാന്ത് ശർമയൊഴികെ ബാക്കിയെല്ലാവരും വിരമിച്ച് കളം വിട്ടവർ. അന്ന് ടീമിലുണ്ടായിരുന്ന രാഹുൽ ദ്രാവിഡ്, വി.വി.എസ്.ലക്ഷ്മൺ എന്നിവർ ഇന്ത്യൻ ടീമിന്റെ പരിശീലകരുമായി.
ധാക്കയിൽ രോഹിത് ശർമയുടെ അഭാവത്തിൽ ഇന്ത്യയെ നയിക്കുന്ന കെ.എൽ.രാഹുൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചതുതന്നെ ഉനദ്കടിന്റെ ആദ്യ ടെസ്റ്റിനുശേഷം നാലു വർഷം കൂടി കഴിഞ്ഞാണ്. ഉനദ്കട് അരങ്ങേറി ഒരു വർഷത്തിനുശേഷം അരങ്ങേറ്റം കുറിച്ച വിരാട് കോലി ഇപ്പോൾ കളിക്കുന്നത് കരിയറിലെ 104–ാം ടെസ്റ്റ്!
ഈ കാത്തിരിപ്പ് അസാധാരണമായൊരു റെക്കോർഡും ഉനദ്കടിന് സമ്മാനിച്ചു. ഏറ്റവും കൂടുതൽ മത്സരങ്ങൾ നീണ്ട ഇടവേളയ്ക്കുശേഷം ഇന്ത്യയ്ക്കായി ടെസ്റ്റ് കളിക്കുന്ന താരമായി ഇതോടെ ഉനദ്കട്. 2010നും 2018നും ഇടയിൽ 87 ടെസ്റ്റുകളുടെ ഇടവേളയ്ക്കു ശേഷം കളത്തിലിറങ്ങിയ ദിനേഷ് കാർത്തിക്കിന്റെ റെക്കോർഡാണ് വഴിമാറിയത്.
ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലുമായി എട്ടു വിക്കറ്റെടുത്ത് മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയ കുൽദീപ് യാദവിനു പകരമാണ് ജയ്ദേവ് ഉനദ്കട് ഇന്ത്യൻ നിരയിലെത്തിയത്. ഈ നീക്കം വൻ വിമർശനങ്ങൾക്ക് വഴിവച്ചെങ്കിലും, ടെസ്റ്റിലെ കന്നിവിക്കറ്റുമായി ഉനദ്കട് ധാക്കയിൽ വരവറിയിച്ചുകഴിഞ്ഞു. 34 പന്തിൽ ഒരു ഫോർ സഹിതം 15 റൺസെടുത്ത ഓപ്പണർ സാകിർ സുഹൈനെ പുറത്താക്കി ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത് ഉനദ്കടാണ്.
ടെസ്റ്റിൽ നീണ്ടകാലം കാത്തിരുന്നെങ്കിലും, ഇന്ത്യയ്ക്കായി ഏകദിനത്തിൽ ഏഴു മത്സരങ്ങളും ട്വന്റി20യിൽ 10 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് ഉനദ്കട്. ഏരകദിനത്തിൽ എട്ടു വിക്കറ്റുകളും ട്വന്റി20യിൽ 14 വിക്കറ്റുകളുമാണ് സമ്പാദ്യം. ഇരു ഫോർമാറ്റിലും ബാറ്റിങ്ങിന് അവസരം ലഭിച്ചിട്ടുമില്ല.
കാത്തിരിപ്പിന്റെ കാര്യത്തിൽ രാജ്യാന്തര ക്രിക്കറ്റിൽ ഉനദ്കടിനു മുന്നിൽ ഒരാളുണ്ട്. 2005നും 2016നും ഇടയിൽ 142 മത്സരങ്ങളുടെ ഇടവേള സംഭവിച്ച ഗാരത് ബാറ്റിയെന്ന ഇംഗ്ലിഷുകാരൻ. നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും കളത്തിലിറങ്ങിയ മറ്റു താരങ്ങളിതാ:
142 – ഗാരത് ബാറ്റി (2005–16)
118 – ജയ്ദേവ് ഉനദ്കട് (2010–22)
114 – മാർട്ടിൻ ബിക്നെൽ (1993–03)
109 – ഫ്ലോയ്ഡ് റെയ്ഫർ (1999–09)
104 – യൂനിസ് അഹമ്മദ് (1968–87)
103 – ഡെരക് ഷാകിൽട്ടൻ (1951–63)
English Summary: Jaydev Unadkat Creates Rare Indian Record With His Test Appearance After 12 Years