വിരമിച്ചിട്ട് രണ്ടു വർഷം; പാക്കിസ്ഥാനു വേണ്ടി വീണ്ടും കളിക്കാൻ തയാറെന്ന് മുഹമ്മദ് ആമിർ
Mail This Article
ഇസ്‍ലാമബാദ്∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനു വേണ്ടി കളിക്കാൻ തയാറാണെന്ന് മുൻ പേസർ മുഹമ്മദ് ആമിർ. 2020ലാണു താരം രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ചത്. പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മാനേജ്മെന്റിൽനിന്നുള്ള അവഗണനയെ തുടർന്നാണു വിരമിക്കലെന്ന് ആമിർ അന്നു പ്രതികരിച്ചിരുന്നു. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയര്‍മാൻ റമീസ് രാജയെ പുറത്താക്കിയതിനു പിന്നാലെയാണ് തിരിച്ചുവരവിന് തയാറാണെന്ന് ആമിർ വ്യക്തമാക്കിയത്.
‘‘ദൈവം ആഗ്രഹിച്ചാല്‍ ഞാൻ വീണ്ടും കളിക്കും. അതിനു മുന്നോടിയായി പാക്കിസ്ഥാന്‍ സൂപ്പർ ലീഗിൽ മികച്ച പ്രകടനം പുറത്തെടുക്കുകയാണു ലക്ഷ്യം.’’– ആമിർ ഒരു രാജ്യാന്തര മാധ്യമത്തോടു പറഞ്ഞു. റമീസ് രാജയ്ക്കു പകരംവന്ന നജീം സേഥി തന്റെ പരിശീലന കാര്യങ്ങളിൽ ശ്രദ്ധിക്കുന്നുണ്ടെന്നും അതിൽ നന്ദിയുണ്ടെന്നും ആമിർ പ്രതികരിച്ചിട്ടുണ്ട്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ദയനീയമായി തോറ്റതോടെയാണ് പാക്കിസ്ഥാൻ സർക്കാര്‍ റമീസ് രാജയെ പുറത്താക്കിയത്. പാക്കിസ്ഥാനിൽ നടന്ന പരമ്പരയിലെ മൂന്നു മത്സരങ്ങളും ആതിഥേയർ തോൽക്കുകയായിരുന്നു. റമീസ് രാജയുടെ സ്ഥാനം പോയതോടെ മുൻ പേസർ വഹാബ് റിയാസും തിരിച്ചുവരവിന് തയാറെടുക്കുന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.
English Summary: "Will Play For Pakistan...": Mohammad Amir Breaks Silence On His Future