ഏഴാമനായി ഇറങ്ങി അർധ സെഞ്ചറി, പ്രതീക്ഷയാണ് അക്ഷര്; ജഡേജ ഇതു കാണുന്നുണ്ടോ?
Mail This Article
രാജ്കോട്ട് ∙ അക്ഷർ പട്ടേൽ കഴിഞ്ഞ വർഷം ട്വന്റി20 ക്രിക്കറ്റിൽ നേരിട്ടത് 67 പന്തുകൾ. ആകെ സമ്പാദ്യം 11.63 ശരാശരിയിൽ നേടിയ 93 റൺസും. ഈ വർഷം തുടങ്ങിയിട്ടേയുള്ളൂ. പക്ഷേ ഇതുവരെ കളിച്ച 2 മത്സരങ്ങളിലായി നേരിട്ട 51 പന്തുകളിൽ അക്ഷർ നേടിയത് 96 റൺസ്.
കഴിഞ്ഞ ട്വന്റി20 ലോകകപ്പിൽ വെറും 9 പന്തുകൾ മാത്രം നേരിട്ട ഓൾറൗണ്ടറുടെ ബാറ്റിങ്ങിലുണ്ടായ മാറ്റമാണ് ഇപ്പോൾ ഇന്ത്യൻ ആരാധകരുടെ പുതുവർഷ സന്തോഷം. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി20യിൽ 31 പന്തിൽ 65 റൺസ് നേടിയ അക്ഷർ ഏഴാമനായി ബാറ്റിങ്ങിനിറങ്ങി അർധ സെഞ്ചറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവുമായാണ് ക്രീസ് വിട്ടത്.
മത്സരം 16 റൺസിനു തോറ്റെങ്കിലും, ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ മികവുകാട്ടുന്ന അക്ഷറിന്റെ ഫോമിൽ പ്രതീക്ഷയർപ്പിച്ചാണ് ഇന്ത്യ ഇന്ന് നിർണായകമായ മൂന്നാം ട്വന്റി20 മത്സരത്തിനുമിറങ്ങുന്നത്. ഇരു ടീമുകളും ഓരോ വിജയം നേടിയതിനാൽ ഇന്നത്തെ അവസാന മത്സരം പരമ്പരയുടെ ഫൈനലാണ്. പുണെയിൽ ഇന്ത്യയെ വിജയത്തിനടുത്തു വരെയെത്തിച്ച അക്ഷർ രാജ്കോട്ടിലും ഫോമിലേക്കുയർന്നാൽ ലങ്കയ്ക്കെതിരായ പരമ്പര നേട്ടമെന്ന ഇന്ത്യൻ സ്വപ്നം സഫലമാകും. രാത്രി 7 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും തത്സമയം.
ജഡേജ ഇതു കാണുന്നുണ്ടോ?
രവീന്ദ്ര ജഡേജയുടെ പകരക്കാരനായി ഇന്ത്യൻ ടീമിൽ ഇടംപിടിച്ച 28 വയസ്സുകാരൻ അക്ഷർ പട്ടേൽ ട്വന്റി20 ടീമിൽ നിലവിൽ ജഡേജയ്ക്കു കനത്ത വെല്ലുവിളിയാണെന്നതിനു തെളിവായിരുന്നു പുണെയിലെ ബാറ്റിങ് പ്രകടനം. ഏഴാം നമ്പറിലെ മികച്ച ബാറ്റിങ് പ്രകടനത്തിൽ അക്ഷർ തകർത്തത് ജഡേജയുടെ പേരിലുള്ള റെക്കോർഡാണ്. രണ്ടാം ട്വന്റി20യിൽ അക്ഷറിന് മുൻപ് മത്സരത്തിൽ ബാറ്റിങ് വെടിക്കെട്ടിന് തിരികൊളുത്തിയ ലങ്കൻ ക്യാപ്റ്റൻ ദാസുൻ ശനക 22 പന്തിൽ 56 റൺസ് നേടിയിരുന്നു. പക്ഷേ ശനക കടന്നാക്രമിച്ചതു മുഴുവൻ ഫീൽഡിങ് നിയന്ത്രണമുള്ള ഡെത്ത് ഓവറിൽ പന്തെറിഞ്ഞ ഇന്ത്യൻ പേസർമാരെയാണ്. അക്ഷറാകട്ടെ പേസർമാരെയും സ്പിന്നർമാരെയും ഒരുപോലെ കൈകാര്യം ചെയ്തു. സ്പിൻ ബോളിങ്ങിനെതിരെ 18 പന്തുകളിൽ 41 റൺസ് അടിച്ചുകൂട്ടിയ അക്ഷർ അതിൽ 25 റൺസും നേടിയത് വാനിന്ദു ഹസരംഗയ്ക്കെതിരെയായിരുന്നു.
മുംബൈയിൽ നടന്ന ഒന്നാം ട്വന്റി20യിൽ ഇന്ത്യൻ ജയത്തിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും നിർണായക പങ്കുവഹിച്ചിരുന്നു അക്ഷർ. 20 പന്തിൽ പുറത്താകാതെ 31 റൺസ് നേടിയ അക്ഷറും ദീപക് ഹൂഡയും (41*) ചേർന്നുള്ള കൂട്ടുകെട്ടാണ് 5ന് 94 എന്ന സ്കോറിൽ തകർന്ന ഇന്ത്യയെ കരകയറ്റിയത്. മറുപടി ബാറ്റിങ്ങിൽ അവസാന ഓവറിൽ ലങ്കയ്ക്ക് 13 റൺസായിരുന്നു വിജയലക്ഷ്യം. 10 റൺസ് മാത്രം വിട്ടുനൽകിയ അക്ഷറിന്റെ ബോളിങ് മികവിൽ ഇന്ത്യ 2 റൺസിന്റെ നാടകീയ ജയവും സ്വന്തമാക്കി.
നോബോൾ വലിയ കുറ്റം: ഹാർദിക്
ക്രിക്കറ്റിലെ ഏതു ഫോർമാറ്റിലും നോബോൾ വഴങ്ങുന്നത് വലിയ കുറ്റമാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. രണ്ടാം ട്വന്റി20യിൽ ഇന്ത്യൻ ബോളർമാർ 7 നോബോളുകൾ വഴങ്ങിയതിനെക്കുറിച്ചായിരുന്നു ഹാർദിക്കിന്റെ പ്രതികരണം. 5 നോബോളുകളെറിഞ്ഞ അർഷ്‌ദീപ് സിങ്ങിനെ കുറ്റപ്പെടുത്തുന്നില്ല. പക്ഷേ ഇത്തരം പിഴവുകൾ തിരുത്തി തിരിച്ചുവരാൻ അർഷ്ദീപ് പ്രയത്നിക്കണം– ഹാർദിക് പറഞ്ഞു.
English Summary: India vs Sri Lanka third Twenty-20 Match Updates